കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ റേഡിയോ ജോക്കിയ്ക്കും സുഹൃത്തുകൾക്കും സദാചാരമർദ്ദനം; എറണാകുളത്ത് മദ്യപിച്ച സദാചാരഗുണ്ടകൾ മണിക്കൂറുകളോളം ഓടിച്ചിട്ട് തല്ലി

ഇന്നലെ രാത്രി പത്ത് മണിക്ക് എറണാകുളം കോണ്‍വെന്റ് റോഡിലാണ് റേഡിയോ ജോക്കിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അനന്യയ്ക്കും സുഹൃത്തുക്കളുമാണ് സദാചാരഗുണ്ടകളുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. മദ്യലഹരിയാലായിരുന്ന ഷെമീര്‍ എന്നയാളും മറ്റ് മൂന്ന് പേരുമാണ് ഇവരെ ക്രൂരമായി മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴും ഷെമീര്‍ എന്നയാള്‍ അവിടെയെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തിയെന്നും അനന്യ നാരദാ ന്യൂസിനോട് പറഞ്ഞു

കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ റേഡിയോ ജോക്കിയ്ക്കും സുഹൃത്തുകൾക്കും സദാചാരമർദ്ദനം; എറണാകുളത്ത് മദ്യപിച്ച സദാചാരഗുണ്ടകൾ മണിക്കൂറുകളോളം ഓടിച്ചിട്ട് തല്ലി

ഇന്നലെ രാത്രി പത്ത് മണിയോടെ ഷോപ്പിംഗ് നടത്തിയ ശേഷം കോണ്‍വെന്റ് റോഡില്‍ ഓട്ടോറിക്ഷയ്ക്ക് കാത്തു നില്‍ക്കുമ്പോഴാണ് ട്രാന്‍സ്‌ജെന്‍ഡന്‍ യുവതിയായ അനന്യയ്ക്കും മറ്റ് സുഹൃത്തുക്കള്‍ക്കും സദാചാരഗുണ്ടകളുടെ മര്‍ദ്ദനമേറ്റത്. സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇവരുടെ സമീപം ബൈക്കിലെത്തിയ ആള്‍ പ്രകോപനമില്ലാതെ ആക്രമിക്കുകയും തെറി വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പേഴും ഷെമീര്‍ എന്നയാള്‍ പിന്തുടര്‍ന്നെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് അനന്യ പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

മലയാളിയായ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അനന്യയും, നര്‍ത്തകിയായ നതാഷയും ഇവരുടെ സുഹൃത്തുക്കളായ ശ്രേയസ്സ്, സുധീഷ് തുടങ്ങിയവര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയ്ക്ക് വിധേയയായിക്കൊണ്ടിരിക്കുന്ന അനന്യ സര്‍ജറിയ്ക്കായി തയ്യാറെടുപ്പ് നടത്തുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ജറിയ്ക്ക് വിധേയയായ നതാഷെ വിശ്രമത്തിലുമാണ്. ആരോഗ്യാവസ്ഥ മോശമായ തങ്ങളെ എന്തിനാണ് ഉപദ്രവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് അനന്യ പറയുന്നു.

ഞങ്ങള്‍ കൂടി നിന്ന് സംസാരിക്കുകയായിരുന്നു. ഞാനൊരു ഫോണ്‍ വന്ന് അല്‍പ്പം മാറിനില്‍ക്കുകയായിരുന്നു. അപ്പോള്‍ ഇവരുടെ തൊട്ടടുത്ത് ഒരു ബൈക്ക് വന്ന് നില്‍ക്കുന്നത് കണ്ടു. ബൈക്കിലിരുന്നു കൊണ്ട് തന്നെ നിന്റെ പേരെന്താ, വീടെവിടെയാ എന്നൊക്കെ ഒരാല്‍ ചോദിക്കുന്നുണ്ടായിരുന്നു. അയാള്‍ ശ്രേയസ്സിനെ രൂക്ഷമായി നോക്കി കൊണ്ടിരുന്നു. എന്തിനാ ചേട്ടാ നോക്കുന്നതെന്ന് ശ്രേയസ് ചോദിച്ചപ്പോള്‍, ഇപ്പോള്‍ പറഞ്ഞു തരാം എന്ന് പറഞ്ഞ് അയാള്‍ ബൈക്ക് സൈഡില്‍ നിര്‍ത്തിയിട്ട് ഇറങ്ങി വരുകയായിരുന്നു. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ ശ്രേയസ്സിന്റെ മുഖത്തിനിട്ട് അടിക്കുന്നതാണ് കണ്ടത്. പിന്നെ പൊതിരെ തല്ലുകയായിരുന്നു അയാള്‍. കണ്ണും ചെവിയും നോക്കി മാത്രം അടിക്കുന്നത് പോലെ തോന്നി- അനന്യ

ഷെമീര്‍ എന്നുള്ള പേരാണ് മര്‍ദ്ദനത്തിന് തുടക്കമിട്ടത്. കോണ്‍വെന്റ് റോഡിലെ എസ്പ്ലനേഡ് ബില്‍ഡിംഗില്‍ രണ്ട് ടെക്‌സറ്റൈല്‍ ഷോപ്പുണ്ടെന്ന് ഷെമീര്‍ മര്‍ദ്ദിക്കുന്നതിനിടെ പറഞ്ഞിരുന്നു. മുമ്പും ഷോപ്പിംഗിനായി പോകുമ്പോള്‍ ഇയാള്‍ രൂക്ഷമായി നോക്കാറുണ്ടായിരുന്നെന്നും ഇത്തവണ മീശ വടിച്ചതിനാല്‍ പെട്ടെന്ന് മനസ്സിലായില്ലെന്നും അനന്യ പറഞ്ഞു. മദ്യപിച്ച് ലക്കില്ലാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. ശ്രേയസ്സിന്റെയും സുധീഷിന്റെയും ബൈക്കുകള്‍ ഇയാല്‍ മറിച്ചിട്ടു. ശ്രേയസ്സിനെ ഓടിച്ചിട്ട് തല്ലുന്നതിനിടെ പിടിച്ചു മാറ്റാന്‍ ചെന്നപ്പോള്‍ തന്നെ കൈ വീശി കഴുത്തില്‍ ഷെമീര്‍ ആഞ്ഞടിച്ചെന്ന് അനന്യ പറഞ്ഞു. അയ്യോ എന്ന് നിലവിളിച്ച് തല കുനിച്ചപ്പോള്‍ തന്റെ മുടിയില്‍ പിടിച്ച് മുതുകില്‍ മര്‍ദ്ദിക്കുകയായിരുന്നു.

അലറി വിളിച്ചു കൊണ്ട് ഞങ്ങള്‍ കോണ്‍വെന്റ് ജംഗ്ഷനിലേക്ക് ഓടിയപ്പോഴേക്കും ഇയാളുടെ മൂന്ന് സുഹത്തുക്കള്‍ പിന്നാലെയെത്തി. പിന്നെ തെറിവിളിയായി. പിടിച്ചുമാറ്റാനെന്ന വ്യാജേന ഞങ്ങളെ കടന്നു പിടിക്കുകയും ഷെമീറിന് ഏല്‍പ്പിച്ചു കൊടുക്കുകയുമായിരുന്നു അവര്‍. പൊലീസിനെ വിളിക്കാന്‍ 100 ഡയല്‍ ചെയ്തു. കാര്യമുണ്ടായില്ല. 1515 നമ്പറില്‍ പിങ്ക് പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചിട്ടും കിട്ടിയില്ല. അപ്പോള്‍ ഷെമീര്‍ വന്ന് എന്റെ ഫോണില്‍ നിന്ന് പൊലീസിനെ വിളിക്ക് എന്നൊക്കെ പറഞ്ഞ് തെറിവിളി തുടര്‍ന്നു-അനന്യ

ഇതിനിടയില്‍ ഷെമീര്‍ ഷോപ്പിനുള്ളിലേക്ക് കയറിപ്പോയെന്നും മിനുട്ടുകള്‍ക്കുള്ളില്‍ തിരിച്ചിറങ്ങി വന്നെന്നും അനന്യ പറയുന്നു. തിരിച്ചുവന്നപ്പോള്‍ ഇയാളുടെ ടീഷര്‍ട്ടൊക്കെ വലിച്ചു കീറിയിരുന്നു. പിന്നീട് ഇയാള്‍ മനോരോഗിയെ പോലെ പെരുമാറാന്‍ തുടങ്ങി. നേരെവെച്ച ബൈക്കുകള്‍ ഇയാള്‍ അനന്യയുടെ കാലിലേക്ക് തള്ളിയിടുകയായിരുന്നു.

നാല് വഴിക്കോടിയ ഇവരെ പിന്തുടര്‍ന്ന് ഷെമീറിന്റെ സുഹൃത്തുക്കള്‍ വീണ്ടുമെത്തുകയായിരുന്നു. എല്ലാം പരിഹരിക്കാമെന്നും നഷ്ടപരിഹാരം തരാമെന്നുമാണ് അവര്‍ പറഞ്ഞത്. പൊലീസില്‍ പരാതി നല്‍കരുതെന്നും ഇവര്‍ അനന്യയോടും സുഹൃത്തുക്കളോടും പറഞ്ഞു. അപ്പോഴേക്കും ഓട്ടോറിക്ഷ വന്ന് ഇവര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആശുപത്രിയിലെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഷെമീറും അവിടെയെത്തുകയായിരുന്നു.കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ അവിടെവെച്ചും അസഭ്യം പറഞ്ഞതായി ഇവര്‍ പറയുന്നു.

സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്‌ഐ ആശുപത്രിയിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്നു രാവിലെ അനന്യയും സുഹൃത്തുക്കളും സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് നേരെ സംസ്ഥാനത്ത് അതിക്രമങ്ങല്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് എറണാകുളത്ത് സംഭവം ആവര്‍ത്തിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെച്ച് ട്രാന്‍സ് ജെന്‍ഡറുകളെ പൊലീസ് മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Read More >>