ഷാജഹാന്റെ അട്ടിമറിപ്പണിക്ക് കാനം രാജേന്ദ്രൻ ചൂട്ടുപിടിക്കുന്നത് എന്തിനെന്ന് ഇ പി ജയരാജൻ; എൽഡിഎഫ് മേലാവിയായി കാനത്തെ ചുമതലപ്പെടുത്തിയതായി അറിവില്ല

ഫേസ്ബുക്കിലൂടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടുകളെ ശക്തമായി വിമർശിച്ച് മുൻമന്ത്രിയും സിപിഐഎം നേതാവുമായ ഇ പി ജയരാജൻ രംഗത്തെത്തിയത്.പൊലീസിനും ആഭ്യന്തരവകുപ്പിനു നേരെയും കാനം രാജേന്ദ്രൻ നടത്തിയ വിമർശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണെന്ന് ജയരാജൻ പറഞ്ഞു.

ഷാജഹാന്റെ അട്ടിമറിപ്പണിക്ക് കാനം രാജേന്ദ്രൻ ചൂട്ടുപിടിക്കുന്നത് എന്തിനെന്ന്  ഇ പി ജയരാജൻ;  എൽഡിഎഫ് മേലാവിയായി കാനത്തെ ചുമതലപ്പെടുത്തിയതായി അറിവില്ല

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മേലാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയതായി അറിവില്ലെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ഇ പി ജയരാജൻ. പൊലീസിനും ആഭ്യന്തരവകുപ്പിനും നേരെയുള്ള കാനത്തിന്റെ വിമർശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണ്. മുന്നണിയ്ക്കകത്ത് യുക്തമായ വേദിയിൽ അവതരിപ്പിക്കുന്നതിനു പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ ചാമ്പ്യൻഷിപ്പ് നേടാൻ ശ്രമിക്കുന്നത് നല്ല രാഷ്ട്രീയമല്ലെന്ന് ഫേസ്ബുക്കിലൂടെ ജയരാജൻ തുറന്നടിച്ചു.

എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നത്. സർക്കാരിനേയും മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ വകുപ്പിനേയും ഘടകകക്ഷി നേതാവ് തന്നെ പരസ്യമായി ആക്ഷേപിക്കുന്നത് അപലപനീയമാണ്. മുന്നണി മര്യാദ പാലിക്കാതെ കാനം നിരന്തരം വിവാദങ്ങൾ സൃഷ്ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികരണങ്ങൾ വേണ്ടി വരുന്നതെന്ന് ജയരാജൻ വ്യക്തമാക്കുന്നു.

ജിഷ്ണു പ്രണോയി മരണമടഞ്ഞ കേസിൽ സർക്കാർ ചെയ്യാനാവുന്ന എല്ലാം ചെയ്തു എന്ന് ആവർത്തിച്ചു വ്യക്തമാക്കപ്പെട്ടിട്ടും മനസ്സിലാകാത്ത ആൾ കാനം രാജേന്ദ്രനാണ്.പഴയ കൂട്ടുകെട്ടിന്റെ ഓർമ്മ തികട്ടിത്തികട്ടി വരുന്നത് കൊണ്ടാണോ കാനം ഇങ്ങനെ പെരുമാറുന്നത്? പോലീസ് ഡി ജി പി യുടെ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറാൻ പുറപ്പെട്ടവരെ ന്യായീകരിക്കാൻ എന്താണ് ന്യായമെന്നും ജയരാജൻ ചോദിക്കുന്നു.

സഖാവ് വി എസിനെ പരസ്യമായി അപകീർത്തിപ്പെടുത്താൻ തുനിഞ്ഞിറങ്ങുകയും വി എസിനെ സൃഷ്ടിച്ചത് താനാണെന്ന് അവകാശപ്പെട്ടു പരിഹാസ്യനാവുകയും ചെയ്യുന്ന ഷാജഹാന്റെ പുതിയ അട്ടിമറിപ്പണിക്ക് കാനം എന്തിനാണ് ചൂട്ടു പിടിക്കുന്നതെന്നും ജയരാജൻ ഫേസ്ബുക്കിലൂടെ ചോദിച്ചു.വ്യത്യസ്തനാണെന്ന് തെളിയിക്കാൻ അഭിനയം നടത്തുന്നവരുണ്ടാകാം. കാനം അക്കൂട്ടത്തിൽ അല്ല എന്ന് കരുതാനാണ് ഇഷ്ടമെന്നും ജയരാജൻ വ്യക്തമാക്കി.



Read More >>