നോട്ടുക്ഷാമം: മദ്യം, ലോട്ടറി വില്‍പ്പനയുടെ പണം നേരിട്ട് ട്രഷറിയിലേക്ക് മാറ്റും; റിസര്‍വ്വ് ബാങ്കിന് കേരളത്തോട് അവഗണനയെന്ന് മന്ത്രി തോമസ് ഐസക്

ലോട്ടറി വകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേനെ ബാങ്കുകളിലേക്ക് അടയ്ക്കുന്ന പണത്തിന്റെ പകുതിയെങ്കിലും നോട്ടുകളായി അതാത് ദിവസം ട്രഷറിക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. തിങ്കളാഴ്ചയ്ക്കകം ബാങ്കുകള്‍ ഇത് പാലിച്ചില്ലെങ്കില്‍ ഈ സ്ഥാപനങ്ങളുടെ പണം നേരിട്ട് ട്രഷറികളില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും.

നോട്ടുക്ഷാമം: മദ്യം, ലോട്ടറി വില്‍പ്പനയുടെ പണം നേരിട്ട് ട്രഷറിയിലേക്ക് മാറ്റും; റിസര്‍വ്വ് ബാങ്കിന് കേരളത്തോട് അവഗണനയെന്ന് മന്ത്രി തോമസ് ഐസക്

ട്രഷറികളിലെ നോട്ടുക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ലോട്ടറി വകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേനെ ബാങ്കുകളിലടയ്ക്കുന്ന പണത്തിന്റെ പകുതിയെങ്കിലും നോട്ടുകളായി അതതു ദിവസം ട്രഷറിയ്ക്ക് നല്‍കണമെന്ന് ധനവകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നോട്ടില്ലാത്തതിനാല്‍ ക്ഷേമപെന്‍ഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണിത്.

തിങ്കളാഴ്ചയ്ക്കകം ബാങ്കുകള്‍ ഇതു പാലിച്ചില്ലെങ്കില്‍ ഈ സ്ഥാപനങ്ങളുടെ പണം നേരിട്ട് ട്രഷറികളില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും. കെ എസ് എഫ് ഇ ശാഖകളില്‍ കിട്ടുന്ന പണത്തിന്റെ ഒരു ഭാഗവും ട്രഷറികളിലേക്ക് മാറ്റാനുള്ള ആലോചനയുമുണ്ട്.

ലോട്ടറി വകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന 50 കോടി രൂപയോളം ബാങ്കുകളില്‍ അടയ്ക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് ശേഷം ഈ പണം ട്രഷറിയിലേക്ക് മാറ്റുകയാണ് പതിവ്. പണം ട്രഷറിയിലേക്ക് വരവു വെക്കുന്നതാണ് രീതി. നോട്ടുകെട്ടുകളായി ട്രഷറിയ്ക്ക് നല്‍കാറില്ല. ഈ രീതി മാറ്റി സ്ഥാപനങ്ങള്‍ അടയ്ക്കുന്ന പണത്തിന്റെ പകുതിയെങ്കിലും നോട്ടായി അന്നു തന്നെ ട്രഷറിക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം.

നോട്ടുക്ഷാമം പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മന്ത്രി ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിന്റെ തീരുമാനം ബാങ്കുകളെ അറിയിച്ചു. നോട്ടുക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ കത്തയച്ചു. കേരളത്തോട് റിസര്‍വ്വ് ബാങ്കിന് അവഗണനയാണെന്നും ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ ഇവിടെ സ്വീകരിക്കാവുന്ന തീരുമാനമെടുക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

സര്‍ക്കാര്‍ സാമൂഹിക ക്ഷേമ പെന്‍ഷനും സര്‍വ്വീസ് പെന്‍ഷന്‍കാരുടെ വര്‍ദ്ധിപ്പിച്ച പെന്‍ഷന്റെ കുടിശ്ശിഖയും നല്‍കാന്‍ 2100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും മാറിയെടുത്ത് സഹകരണസംഘങ്ങളിലൂടെ വിതരണം ചെയ്യണമെങ്കില്‍ ട്രഷറികള്‍ക്ക് നോട്ട് കിട്ടണം. റിസര്‍വ്വ് ബാങ്കില്‍ നിന്ന് കേരളത്തിനുള്ള കറന്‍സി ലഭ്യതയില്‍ 25 ശതമാനം കുറവുണ്ടായതോടെയാണ് പണം പിന്‍വലിക്കുന്നതില്‍ തടസം നേരിട്ടത്.

ട്രഷറികള്‍ക്കായി 176.78 കോടി രൂപയുടെ കറന്‍സി ആവശ്യപ്പെട്ടിരുന്നെങ്കിലും ബാങ്കുകള്‍ നല്‍കിയത് 64.73 കോടി രൂപയാണ്. ട്രഷറികള്‍ ആവശ്യപ്പെടുന്നതിന്റെ 30-40 ശതമാനമാണ് ബാങ്കുകളില്‍ നിന്ന് നല്‍കുന്നത്.

Read More >>