ഹര്‍ത്താലില്‍ കോഴിക്കോട് പരക്കെ അക്രമം; നാളെയും ഹര്‍ത്താല്‍; ഏഴു സംഘപരിവാര്‍ ഓഫീസുകള്‍ തകര്‍ത്തു; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം

ഏഴ് ബി ജെ പി, എ ബി വി പി, ബി എം എസ് ഓഫീസുകള്‍ തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് നാളെയും ബി ജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് ജില്ലാ കമ്മിറ്റി ഓഫീസായ സിഎച്ച് കണാരന്‍ ഭവനത്തിന് നേരെ ബോംബേറുണ്ടായത്. ഇതില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. നഗരത്തില്‍ പ്രകടനത്തിനിടെയാണ് പരക്കെ അക്രമമുണ്ടായത്

ഹര്‍ത്താലില്‍ കോഴിക്കോട് പരക്കെ അക്രമം; നാളെയും ഹര്‍ത്താല്‍; ഏഴു സംഘപരിവാര്‍ ഓഫീസുകള്‍ തകര്‍ത്തു; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലില്‍ പരക്കെ അക്രമം. ഇന്നു രാവിലെ മുതല്‍ ഏഴ് ബി ജെ പി, എ ബി വി പി, ബി എം എസ് ഓഫീസുകള്‍ തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് നാളെയും ബി എം എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് ജില്ലാ കമ്മിറ്റി ഓഫീസായ സിഎച്ച് കണാരന്‍ ഭവനത്തിന് നേരെ ബോംബേറുണ്ടായത്. ഇതില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

നഗരത്തില്‍ പ്രകടനത്തിനിടെയാണ് പരക്കെ അക്രമമുണ്ടായത്. പാളയത്തെ ബി എം എസ് ഓഫീസിന് നേരെയുള്ള സിപിഐഎം പ്രവര്‍ത്തകരുടെ ആക്രമണം കാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. ഇന്ത്യന്‍ എക്‌സ്പ്രസിലെ പി. സനേഷിന്റെ ക്യാമറ അടിച്ചു തകര്‍ത്തു. കേരള ഭൂഷണത്തിലെ ശ്രീജേഷിന്റെ കാമറയിലെ മെമ്മറി കാര്‍ഡ് കൊണ്ടുപോയി. മാധ്യമം ഫൊട്ടോഗ്രാഫര്‍ അഭിജിത്തിനെയും സിപിഐഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. പ്രകടനക്കാര്‍ ഓട്ടോഡ്രൈവറെ കയ്യേറ്റം ചെയ്യുന്ന പടമെടുക്കുന്നതിനിടെയാണ് അഭിജിത്തിന് നേരെ ആക്രമണമുണ്ടായത്.

സിപിഐഎമ്മിന്റെ വിവിധ ഓഫീസുകള്‍ക്കു നേരെയും ഇന്നലെ സംഘപരിവാറിന്റെ സംഘടിത ആക്രമണമുണ്ടായിരുന്നു. ബിജെപി, ആര്‍എസ്എസ് ഓഫിസുകള്‍ക്കു നേരെയും കല്ലേറുമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബെറിഞ്ഞവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജില്ലാക്കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞതിന് പിന്നില്‍ ആര്‍ എസ് എസ്സിന്റെ ആസൂത്രിത നീക്കമാണെന്ന് സിപിഐഎം ആരോപിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞതില്‍ പങ്കില്ലെന്ന് ബി ജെ പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.