ഫൈവ് സ്റ്റാറുകളില്‍ മദ്യമില്ലെങ്കില്‍ കൊച്ചിയ്ക്കു നഷ്ടം 500 കോടി; തീരത്ത് കപ്പലും വരില്ല, ഹോട്ടല്‍ വ്യവസായത്തിൽ എന്‍.ആര്‍.ഐ നിക്ഷേപവും!

ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ക്ക് പൂട്ട് വീഴുമ്പോള്‍ ടൂറിസ്റ്റ് ഹബ്ബായ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രം പ്രതിവർഷ നഷ്ടം 500 കോടി രൂപ. സംസ്ഥാനത്ത് ആകെ അടച്ചുപൂട്ടിയ പത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകളില്‍ അഞ്ചെണ്ണവും കൊച്ചിയിലാണ്. കോര്‍പ്പറേറ്റ് കമ്പനികളുടെ മീറ്റിംഗുകളുടേയും അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളുടേയും നടത്തിപ്പുകാരുടെ പ്രധാന ഡിമാന്‍ഡ് ആയിരുന്നു മദ്യം. ഇനിയിപ്പോള്‍ ആ ഡിമാന്‍ഡില്ല! കപ്പല്‍ വഴിയും വിമാനം വഴിയും കൊച്ചിയിലെത്തുന്ന ടൂറിസ്റ്റുകള്‍ റൂട്ട് മാറ്റിപ്പിടിച്ച് ശ്രീലങ്കയിലേക്കും മലേഷ്യയിലേക്കും കടക്കാനുള്ള സാധ്യതയും വിദൂരമല്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ഫൈവ് സ്റ്റാറുകളില്‍ മദ്യമില്ലെങ്കില്‍ കൊച്ചിയ്ക്കു നഷ്ടം 500 കോടി; തീരത്ത് കപ്പലും വരില്ല, ഹോട്ടല്‍ വ്യവസായത്തിൽ എന്‍.ആര്‍.ഐ നിക്ഷേപവും!

സുപ്രിംകോടതി പുറപ്പെടുവിച്ച മദ്യനയത്തിന്റെ ഭാഗമായി കൊച്ചിയിലെ അഞ്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെയും ബാറുകൾക്കു പൂട്ടു വീഴുമ്പോൾ പ്രതിവർഷനഷ്ടം 500 കോടി രൂപ. അഞ്ച് ഹോട്ടലുകളില്‍ നിന്ന് 55-60 കോടി രൂപ പ്രതിവര്‍ഷം സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് എത്തുന്നുവെന്നാണ് ഏകദേശ കണക്ക്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള രണ്ടു പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളും പൂട്ടിയവയിലുണ്ട്.

മദ്യമില്ലാതെന്ത് ഫൈവ് സ്റ്റാര്‍

ഫാര്‍മസ്യൂട്ടിക്കല്‍, ഇന്‍ഷുറന്‍സ്, വാഹനക്കമ്പനികള്‍ തുടങ്ങിയവയുടെ വാര്‍ഷിക യോഗങ്ങളും, മീറ്റിംഗുകളും പതിവായി ചേരുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ വെച്ചാണ്. വിനോദ സഞ്ചാര മേഖലയ്ക്ക് തൊട്ടടുത്തുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും അത്തരം യോഗങ്ങള്‍ നിശ്ചയിക്കുക. പൂട്ടിയ അഞ്ച് ഫൈവ് സ്റ്റാര്‍ ബാറിലൊന്നായ നെടുമ്പാശ്ശേരിയ്ക്കടുത്തുള്ള എയര്‍ലിങ്ക് കാസിലില്‍ മാത്രം പ്രതിവര്‍ഷം ശരാശരി 60 കമ്പനി യോഗങ്ങള്‍ കൂടാറുണ്ട്. ഇരുന്നൂറിലേറെ മുറികളുള്ള ലെ മെറീഡിയന്‍, ഹോളി ഡേ ഇന്‍, ക്രൗണ്‍ പ്ലാസ എന്നിവയില്‍ ഇത്തരം യോഗങ്ങളുടെ എണ്ണം നാലു മടങ്ങെങ്കിലും കൂടുതല്‍ വരുമെന്നാണ് കണക്ക്

കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ രാജ്യാന്തര സെമിനാറുകള്‍ക്ക് എത്തുന്ന വിദേശീയരുള്‍പ്പെടെയുള്ളവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ്. നൂറോളം അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളാണ് കൊച്ചിയില്‍ മാത്രം നടക്കുന്നത്. മറ്റെല്ലാ സൗകര്യങ്ങള്‍ക്കുമൊപ്പം മദ്യവും കൂടി ഉള്‍പ്പെടുത്തണമെന്ന ഡിമാന്‍ഡാണ് ഹോട്ടലുകളോട് സംഘാടകര്‍ ആവശ്യപ്പെടുക. മദ്യമില്ലാതെ ഹോട്ടലുകളില്‍ ഇത്തരം യോഗങ്ങള്‍ ചേരാന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ തയ്യാറാകില്ലെന്ന് ഹോട്ടലുടമകളും ട്രാവല്‍ ഏജന്‍സികളും പറയുന്നു.

തീരം വിടാനൊരുങ്ങി കപ്പലുകളും

ശരാശരി കണക്കനുസരിച്ച് 45- 50 യാത്രാക്കപ്പലുകളാണ് പ്രതിവര്‍ഷം കൊച്ചി തീരത്ത് എത്തുന്നത്. 1000 മുതല്‍ 2500 യാത്രക്കാര്‍ വരെ ഓരോ കപ്പലിലുമുണ്ടാകും. ഒരു ലക്ഷം വിദേശ സഞ്ചാരികള്‍ കപ്പല്‍മാര്‍ഗ്ഗം 2016-17 വര്‍ഷത്തില്‍ കൊച്ചിയിലെത്തി. ഒരു ദിവസം കൊണ്ട് കുമരകം, അതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി തിരിച്ചു പോകുകയാണ് പതിവ്. ഇതിനിടിയില്‍ ഉച്ചഭക്ഷത്തിനും മറ്റും ആശ്രയിക്കുന്നത് കൊച്ചിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളെയാണ്.

യൂറോപ്പില്‍ നിന്നാണ് അധികം ആളുകളും എത്തുന്നത്. മദ്യമില്ലെങ്കില്‍ പോലും വിനോദ സഞ്ചാരികളില്‍ മിക്കവരും തണുത്ത ബിയര്‍ ആവശ്യപ്പെടാറുണ്ട്. അതിനനുസരിച്ചാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളടക്കമുള്ളവയില്‍ ഇവര്‍ക്ക് സൗകര്യമൊരുക്കുന്നത്. പാക്കേജുകളില്‍ അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ കപ്പലുകളിനി കൊച്ചി തീരത്ത് അടുക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണണം. കേരളത്തില്‍ മാത്രമല്ല, ഗോവയിലും മംഗലാപുരത്തും അടുക്കില്ല. മലേഷ്യയിലും ശ്രീലങ്കയിലുമൊന്നും വിലക്കും നിയന്ത്രണമൊന്നുമില്ലെന്ന് കേരള ട്രാവൽ മാർട്ട് ട്രഷറർ ജോസ് പ്രദീപ് നാരദാ ന്യൂസിനോടു പറഞ്ഞു.

2012 വരെ കേരളത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ 13.5 ശതമാനം വര്‍ദ്ധനവ് ഓരോ വര്‍ഷവും രേഖപ്പെടുത്തിയിരുന്നു. മദ്യനയം നടപ്പാക്കിയതിന് ശേഷം കണക്ക് ഇപ്പോല്‍ താഴേക്ക് വരികയാണ്. 13.5 ശതമാനം വര്‍ദ്ധിച്ചിരുന്നത് നിലവില്‍ ആറു ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. ലഭ്യമായ വിവരമനുസരിച്ച് 2016-17 വര്‍ഷത്തില്‍ 10 ലക്ഷം വിദേശ സഞ്ചാരികളും 1.2 കോടി ആഭ്യന്തര സഞ്ചാരികളും കേരളത്തിലെത്തിയെന്നാണ് കണക്ക്.

ഫൈവ് സ്റ്റാറെങ്കിലും ഡിമാന്‍ഡില്ല

നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തെ സ്റ്റാര്‍ ഹോട്ടലുകളുമായി എല്ലാ വിമാനക്കമ്പനികളും കരാറിലേര്‍പ്പെട്ടിട്ടുണ്ട്. വിമാനം റദ്ദാക്കിയാല്‍ യാത്രക്കാരുടെ താമസം, വിമാനത്തിലെ സ്റ്റാഫിന്റെ താമസം, വിമാനക്കമ്പനികള്‍ നല്‍കുന്ന പാക്കേജുകള്‍, മദ്യം ഉള്‍പ്പെടെയുള്ള ഭക്ഷണം എന്നിവയാണ് വിമാനക്കമ്പനികള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുമായി കരാറിലേര്‍പ്പെടുമ്പോള്‍ മുന്നോട്ട് വെക്കുന്ന ഉപാധികള്‍. കരാറനുസരിച്ച് ഉപയോഗിച്ചില്ലെങ്കിലും നിശ്ചിത എണ്ണം റൂമുകള്‍ ഹോട്ടലുകളില്‍ വിമാനക്കമ്പനികള്‍ റിസര്‍വ്വ് ചെയ്തിടാറുണ്ടെന്ന് നെടുമ്പാശ്ശേരിയ്ക്കടുത്തെ എയര്‍ലിങ്ക് കാസില്‍ ഹോട്ടലുടമയായ ഡേവിസ് പാത്താടന്‍ പറയുന്നു.

മദ്യം പട്ടികയില്‍ നിന്ന് ഇല്ലാതാകുന്നതോടെ കരാര്‍ പുതുക്കുമ്പോള്‍ തുകയില്‍ വന്‍ ഇടിവ് ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഹോട്ടല്‍ വ്യവസായം ലക്ഷ്യമിട്ട് നിക്ഷേപം നടത്താന്‍ താത്പര്യപ്പെടുന്ന വിദേശ ഇന്ത്യാക്കാരും പിന്മാറുകയാണ്.

"എന്റെ ഹോട്ടലില്‍ ചില എന്‍.ആര്‍.ഐകള്‍ ഇന്‍വെസ്റ്റ് നടത്തിയിരുന്നു. വിദേശത്തെ ബിസിനസ് നിര്‍ത്തി നാട്ടില്‍ നിക്ഷേപം നടത്താന്‍ അവരില്‍ പലരും താത്പര്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ മടി കാണിക്കുകയാണ്"- ഡേവിസ് പാത്താടന്‍ പറയുന്നു.

നഷ്ടക്കണക്കുകള്‍ മാത്രം...തൊഴിലാളികളും പ്രതിസന്ധിയില്‍...

തൊഴിലാളികളുടെ ശമ്പളം, മെയിന്റ്‌റ്റൈനന്‍സ്, വൈദ്യുതി, ഫോണ്‍ തുടങ്ങിയവ ഉള്‍പ്പെടെ ഓരോ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെയും ശരാശരി പ്രതിമാസ ചെലവ്(റണ്ണിംഗ് എക്‌സ്‌പെന്‍സ്) അമ്പത് ലക്ഷത്തിന് മുകളില്‍ വരും. മദ്യവിതരണം നിലച്ചാലും റണ്ണിംഗ് എക്‌സപെന്‍സില്‍ മാറ്റം വരില്ല. തൊഴിലാളികളെ പിരിച്ചുവിട്ട് നഷ്ടം നികത്തുക എന്ന പോംവഴിയാണ് ഹോട്ടലുടമകളുടെ മുന്നിലുള്ളത്.

ഇവയ്ക്ക് പുറമെ പരോക്ഷമായി ഹോട്ടലുകളെ ആശ്രയിക്കുന്നവര്‍ ഇതിന്റെ ഇരട്ടിയിലേറെയുണ്ട്. ടാക്‌സി- ഓട്ടോ തൊഴിലാളികള്‍, മത്സ്യ-മാംസ കച്ചവടക്കാര്‍ തുടങ്ങിയവരും ഹോട്ടലുകളെ ആശ്രയിച്ച് ജീവിതം നയിക്കുന്നവരാണ്. മുമ്പ് കേരളത്തിലെ ബാറുകളടച്ചപ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായിരുന്നു. ബിയര്‍-പാര്‍ലറുകള്‍ തുറന്നെങ്കിലും ഇവര്‍ക്കെല്ലാവര്‍ക്കും തിരികെ പ്രവേശിക്കാനായില്ല. സുപ്രീം കോടതി വിധി പ്രകാരം ദേശീയ, സംസ്ഥാന പാതയോരത്തെ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടുമ്പോള്‍ വീണ്ടും ആയിരക്കണക്കിന് തൊഴിലാളികളാണ് ജീവിതം തപ്പിതടയുന്നത്.

Read More >>