പശു ഇറച്ചിയില്‍ മണ്ണുവാരിയിട്ട സംഭവം: രോഗം വന്ന് ചത്ത പശുവിനെയാണ് അറുത്തതെന്ന നുണയുമായി ബിജെപി; നാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

എറണാകുളം കാരുകുന്നില്‍ പശുക്കിടാവിനെ അറുത്തതിന്റെ പേരില്‍ നടന്ന ആക്രമണം വിവാദമായതോടെ പുതിയ വാദവുമായി ആര്‍എസ്എസ് രംഗത്തെത്തി. രോഗം വന്ന് ചത്ത പശുവിന്റെ ഇറച്ചി വിറ്റതിനെതിരെയായിരുന്നു തങ്ങളുടെ പ്രതിഷേധമെന്നാണ് വിശദീകരണം. അതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട് നാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പശു ഇറച്ചിയില്‍ മണ്ണുവാരിയിട്ട സംഭവം: രോഗം വന്ന് ചത്ത പശുവിനെയാണ് അറുത്തതെന്ന നുണയുമായി ബിജെപി; നാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

എറണാകുളം കാരുകുന്നില്‍ രോഗം പിടിപെട്ട് ചത്ത പശുവിനെയാണ് അറുത്തുവിറ്റതെന്ന പുതിയ ന്യായീകരണവുമായി ആര്‍എസ്എസ്-ബിജെപി നേതൃത്വം. പശുവിറച്ചിയില്‍ മണ്ണുവാരിയിട്ട സംഭവം വിവാദമായതോടെയാണ് പുതിയ ന്യായീകരണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഈസ്റ്റര്‍ തലേന്ന് വീട്ടില്‍ വളര്‍ത്തിയ പശുക്കിടാവിനെ ഇറച്ചിയ്ക്കായി അറുത്തതിന്റെ പേരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് പത്തു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കാരുകുന്നിലെ ബിജെപിയുടെ വാര്‍ത്താ ബോര്‍ഡിലാണ് രോഗം പിടിപെട്ട പശുവിനെയാണ് അറുത്തുവിറ്റതെന്ന വാദമുള്ളത്. ബോര്‍ഡില്‍ ബിജെപി പറയുന്ന ന്യായീകരണമിങ്ങനെ-

കാരുകുന്നില്‍ രോഗം പിടിപ്പെടു ചത്ത പശുവിനെ നിയമവിരുദ്ധമായി അറുത്തുവിറ്റ സാമൂഹ്യവിരുദ്ധരേയും അതിന് ഒത്താശ ചെയ്തു കൊടുത്ത സിപിഐഎം ഫാസിസ്റ്റുകള്‍ക്കെതിരേയും പൊലീസ് നിയമനടപടികള്‍ സ്വീകരിക്കുക.


എന്നാല്‍ സംഭവം വിവാദമായതോടെ ബിജെപി മേല്‍ഘടകം തലയൂരാനാണ് ശ്രമിക്കുന്നത്. തങ്ങളുടെ നിര്‍ദ്ദേശപ്രകാരമല്ല പ്രവര്‍ത്തകര്‍ പശുവിനെ അറുത്തത് തടഞ്ഞതെന്ന് ബിജെപി കളശ്ശേരി മണ്ഡലം പ്രസിഡന്റ് ഉല്ലാസ് കുമാര്‍ നാരദാന്യൂസിനോട് പറഞ്ഞു. വീട്ടുകാരുമായി പറഞ്ഞു തീര്‍ത്ത വിഷയം സിപിഐഎം വീണ്ടും കുത്തിപ്പൊക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നിയമവിരുദ്ധമായാണ് പശുവിനെ അറുത്തതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അങ്ങനെയൊരു സംഭവം കേട്ടറിഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ പ്രതികരണമാണ്. നിയമവിരുദ്ധമെങ്കില്‍ പൊലീസിനെ അറിയിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനാല്‍ പ്രവര്‍ത്തകര്‍ ചെയ്തത് തെറ്റാണ്-
ഉല്ലാസ് കുമാര്‍, കളമശ്ശേരി മണ്ഡലം പ്രസിഡന്റ്, ബിജെപി

ഗര്‍ഭപാത്ര വളര്‍ച്ചയില്ലാത്തതിനാല്‍ പ്രസവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ പശുക്കിടാവിനെയാണ് കല്ലറക്കല്‍ ജോസ്, കിഴക്കുംതല ജോയി എന്നിവര്‍ അപ്പുക്കുട്ടന്‍ എന്നയാളില്‍ നിന്നും വാങ്ങിയത്. ഈസ്റ്റര്‍ പ്രമാണിച്ച് ഇറച്ചിയ്ക്കുവേണ്ടിയാണ് 15000 രൂപ നല്‍കി പശുക്കിടാവിനെ വാങ്ങിയതെന്ന് ജോസ് നാരദാന്യൂസിനോട് വ്യക്തമാക്കിയിരുന്നു.

ഈസ്റ്ററിന് തലേന്ന് പശുവിനെ അറുക്കാന്‍ കശാപ്പുകാരെയും ഏര്‍പ്പാടാക്കിയിരുന്നു. അറുത്ത ശേഷം കഷ്ണങ്ങളാക്കി മേശപ്പുറത്ത് വെച്ചിരുന്ന ഇറച്ചി പതിനഞ്ചോളം വരുന്ന അര്‍എസ്എസ്-ബിജെപി അക്രമിസംഘം തട്ടി മറിച്ച് മണ്ണുവാരിയിട്ട് ഉപയോഗശൂന്യമാക്കുകയായിരുന്നു. കശാപ്പുകാരനില്‍ നിന്നും കത്തി പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു.

സംഘപരിവാറിന്റെ ദേശീയ നേതൃത്വം നിശ്ചയിച്ച പ്രകാരമാണ് തങ്ങള്‍ എത്തിയതെന്നും പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു അക്രമം. ഗോസംരക്ഷകരാണ് തങ്ങളെന്ന് അവകാശപ്പെട്ട സംഘം ഇനി പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.

ആക്രമണവുമായി ബന്ധപ്പെട്ട് അനി, ശരത്, ബൈജു, ഗിരീഷ് എന്നിവര്‍ക്കെതിരെയാണ് ആലങ്ങാട് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. കിഴക്കുംതല ജോയി നല്‍കിയ പരാതിയിലാണ് കേസ്. സംഘം ചേര്‍ന്നു ഭീഷണിപ്പെടുത്തല്‍, നാശനഷ്ടം വരുത്തുക,അസഭ്യം പറയുക എന്നിവയ്‌ക്കാണ് കേസെടുത്തിട്ടുള്ളത്.


കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി ഡി ഷിജു ഡിജിപി, എറണാകുളം റേഞ്ച് ഐജി, എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ജി ഡി ഷിജു പറഞ്ഞു. ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തിനെതിരെ ഡിവൈഎഫ്‌ഐ ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. കാരുകുന്നില്‍ സംഘടിപ്പിച്ച യോഗം സിപിഐഎം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്തു.