നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് മുന്നേറ്റം; കര്‍ണാടകയില്‍ കോണ്‍ഗ്രസ്; ഡല്‍ഹിയില്‍ ആപ്പും ബംഗാളില്‍ സിപിഐഎമ്മും മൂന്നാമത്

എട്ട് സംസ്ഥാനങ്ങളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നാല് സീറ്റുകളില്‍ ബിജെപി മുന്നേറ്റം തുടരുകയാണ്. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് കെട്ടി വെച്ച കാശ് നഷ്ടമാകുന്ന അവസ്ഥയാണ്.

നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് മുന്നേറ്റം; കര്‍ണാടകയില്‍ കോണ്‍ഗ്രസ്; ഡല്‍ഹിയില്‍ ആപ്പും ബംഗാളില്‍ സിപിഐഎമ്മും മൂന്നാമത്

രാജ്യത്തെ പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം. ഹിമാചല്‍ പ്രദേശിലെ ഭോരംഗ് മണ്ഡലം ബിജെപി പിടിച്ചെടുത്തു. മദ്ധ്യപ്രദേശിലെ അത്തേര്‍, ബണ്ടവാഗഡ് എന്നീ മണ്ഡലങ്ങളിലും അസമിലെ ദേമാജി, രാജസ്ഥാനിലെ ദോല്‍പൂര്‍, ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ എന്നിവിടങ്ങല്‍ ബിജെപി ജയത്തിന്റെ വക്കിലാണ്.

കര്‍ണ്ണാടകയിലെ നഞ്ചന്‍കോടും ഗുണ്ടല്‍പേട്ടും കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. പശ്ചിമബംഗാളിലെ കാന്തി ദക്ഷിണ്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അമ്പത് ശതമാനത്തിലേറെ വോട്ടു നേടി ജയം ഉറപ്പിച്ചു. ബിജെപിയാണ് ഇവിടെ രണ്ടാമത്. സിപിഐഎം സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ്.

ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ആംആദ്മി പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയായി. ആംആദ്മി പാര്‍ട്ടിയുടെ ഹര്‍ജീത് സിംഗ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ്.ഇവിടെ കെട്ടി വെച്ച കാശ് നഷ്ടമാകുന്ന അവസ്ഥയിലാണ് ഡല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടി. ബിജെപിയുടെ മജീന്ദര്‍ സിംഗ് സിര്‍സ വിജിയിക്കുമെന്ന് ഉറപ്പായതോടെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. ആംആദ്മി പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ച ജര്‍ണൈല്‍ സിംഗ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകാശ് സിംഗ് ബാദലിനെതിരെ മത്സരിക്കുന്നതിനായി രാജി വെച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ജാര്‍ഖണ്ഡില്‍ ജെഎംഎം സ്ഥാനാര്‍ത്ഥി സൈമണ്‍ മറാണ്ടി ലീഡ് ചെയ്യുന്നതായാണ് വിവരം. മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഒരു വര്‍ഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ നേടിയ വിജയം ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണ്ണാടകയിലെ വിജയം ഭരണകക്ഷിയായ കോണ്‍ഗ്രസിന് നേട്ടമായി.

Read More >>