ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ആഞ്ഞുവീശി മോദി തരംഗം; കടപുഴകി സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും; നിലംപരിശായി ബിഎസ്പി

വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ആരോടൊപ്പമെന്ന് വ്യക്തമായി. ലീഡ് നിലയില്‍ ബിജെപിയുടെ തുടക്കത്തിലെ കുതിപ്പിന് ഒടുക്കം വരെ മാറ്റമില്ലായിരുന്നു. ആഞ്ഞുവീശിയ മോദി തരംഗത്തില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ചരിത്രവിജയം നേടി. ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് മണ്ഡലങ്ങലങ്ങളിലും പരാജയപ്പെട്ടു.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ആഞ്ഞുവീശി മോദി തരംഗം; കടപുഴകി സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും; നിലംപരിശായി ബിഎസ്പി

ഉത്തര്‍പ്രദേശില്‍ തുടര്‍വിജയത്തിന് അഖിലേഷ് യാദവ് കോപ്പുകൂട്ടിയതെല്ലാം, ആഞ്ഞടിച്ച മോദി കൊടുങ്കാറ്റില്‍ നിലംപതിച്ചു. പിടിച്ചു കയറാന്‍ സമജ്‌വാദി പാര്‍ട്ടിയുമായി കൂട്ടു ചേര്‍ന്ന കോണ്‍ഗ്രസ് പഴയ പ്രതാപത്തിലേക്ക് ഉടനൊന്നും തിരിച്ചുവരില്ലെന്ന് ഉറപ്പിച്ചു. ബിഎസ്പിയുടെ കോട്ടകള്‍ തകര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെന്ന പോലെ മോദി-അമിത് ഷാ കൂട്ടുകെട്ട് ഉത്തര്‍പ്രദേശ് തൂത്തുവാരി.

രാജ്യത്ത് കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി രൂപീകരണത്തിന് ശേഷമുള്ള വലിയ വിജയമാണ് ബിജെപി നേടിയത്. 403 സീറ്റില്‍ 325 സീറ്റുകളില്‍ ബിജെപി സഖ്യം വിജയിച്ചു. ബിജെപിയ്ക്ക് തനിച്ച് 312 സീറ്റുകളില്‍ വിജയിക്കാനായി. അപ്‌നാദള്‍ 9 സീറ്റിലും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നാല് സീറ്റിലും വിജയിച്ചു.

മുസ്ലീം,യാദവ സ്വാധീന മേഖലകളിലെല്ലാം ബിജെപിയ്ക്ക് മേല്‍ക്കൈ നേടാനായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുണച്ച ദളിത് വോട്ടുകളും ഇത്തവണ ബിജെപിയ്‌ക്കൊപ്പം നിന്നു.ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും ബിജെപി മത്സരത്തിനിറക്കിയിരുന്നില്ല. അഖിലേഷ് യാദവ് സര്‍ക്കാരിനോടുള്ള വികാരവും ജാതി രാഷ്ട്രീയവും ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയിലെ തൊഴുത്തില്‍ കുത്തുമാണ് ബി.ജെ.പിക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്.

ഒബിസി വിഭാഗത്തില്‍പ്പെട്ട യാദവയിതര ജാതിക്കരേയും ദലിതു വിഭാഗത്തില്‍ പെടുന്ന ജാതവയിതര വിഭാഗങ്ങളേയും ലക്ഷ്യംവെച്ചാണ് ബിജെപി പ്രധാനമായും പ്രവര്‍ത്തിച്ചത്. യാദവയിതര ഒബിസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് 83 സീറ്റും ജാതവയിതര വിഭാഗത്തിന് 70 സീറ്റുകളുമാണ് ബിജെപി നല്‍കിയത്. ചിട്ടയായ സംഘടനാ പ്രവര്‍ത്തനവും ബി.ജെ.പിക്ക് തുണയായി.നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനം കോണ്‍ഗ്രസും എസ്പിയും പ്രചാരണായുധമാക്കിയെങ്കിലും പിന്നാക്ക വിഭാഗങ്ങളില്‍ അത് ചലനമുണ്ടാക്കിയില്ലെന്നു വേണം കരുതാന്‍.

ബിജെപിയ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 47 സീറ്റായിരുന്നു. 224 സീറ്റുണ്ടായിരുന്ന എസ്പി ഇത്തവണ 47 സീറ്റിലൊതുങ്ങി. അവസാന നിമിഷം എസ്പിയുമായി സഖ്യത്തിലേര്‍പ്പെട്ട കോണ്‍ഗ്രസിന്റെ സ്ഥാനം പ്രാദേശിക പാര്‍ട്ടിയായ അപ്‌നാദളിനെക്കാള്‍ താഴെയായി. സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുലിന്റെ അമേഠിയിലും ബിജെപി കൊടി പാറിച്ചപ്പോള്‍ കോണ്‍ഗ്രസ് ഏഴ് സീറ്റിലൊതുങ്ങി.

മായാവതിയുടെ ബിഎസ്പി ലോക്‌സഭാ തെരഞ്ഞെടുപ്പിലെന്ന പോലെ നിലംപരിശാകുന്ന കാഴ്ചയാണ് യുപി തെരഞ്ഞെടുപ്പില്‍ കണ്ടത്. 80 സീറ്റുണ്ടായിരുന്ന ബിഎസ്പി 19 സീറ്റിലൊതുങ്ങി.ജാട്ട് വോട്ടില്‍ സ്വാധീനമുണ്ടായിരുന്ന അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ലക്‌നൗ കന്റോണ്‍മെന്റില്‍ മുലായം സിങ്ങ് യാദവിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവ് പരാജയപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂടുമാറിയ റീത്ത ബഹുഗുണ ജോഷിയാണ് ഇവിടെ ജയിച്ചത്. അസംഖാന്‍, ശിവ്പാല്‍ യാദവ് തുടങ്ങിയ എസ്പി നേതാക്കള്‍ വിജയിച്ചു.

രണ്ടിടത്തും തോറ്റ് ഹരീഷ് റാവത്ത്, ഉത്തരാഖണ്ഡില്‍ ബിജെപി പ്രളത്തില്‍ മുങ്ങി കോണ്‍ഗ്രസ്

രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിനെതിരായ ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. 70 അംഗ സഭയില്‍ ബി.ജെ.പി 57 സീറ്റു നേടി മേധാവിത്തം ഉറപ്പിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസിന് പതിനൊന്ന്് സീറ്റുമാത്രമാണ് ലഭിച്ചത്. മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഹരിദ്വാര്‍ റൂറലിലും കിച്ഛയിലും തോറ്റു.

Image result for HARISH RAWATകോണ്‍ഗ്രസ് മന്ത്രിസഭാംഗങ്ങളും ബിജെപി തരംഗങ്ങളില്‍ കടപുഴകി. കോണ്‍ഗ്രസിലെ പത്ത് വിമത എംഎല്‍എമാര്‍ നേരത്തെ കൂറുമാറി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത് സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് ഇടയാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ ഉള്‍പ്പെടെയുള്ള ഒമ്പത് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ബിജെപിയിലെത്തിക്കാന്‍ കഴിഞ്ഞതോടെ കോണ്‍ഗ്രസിന്റെ പതനം ഏതാണ്ടുറപ്പിച്ചിരുന്നു.

രണ്ടര ലക്ഷത്തോളം സൈനികരും വിമുക്തഭടന്‍മാരും വോട്ടര്‍മാരായുള്ള സംസ്ഥാനത്ത് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കിയതും ഉത്തരാഖണ്ഡില്‍ നിന്നുള്ള ബിപിന്‍ റാവത്തിനെ കരസേന മേധാവിയാക്കിയതും ബിജെപിയ്ക്ക് അനുകൂല ഘടകങ്ങളായി മാറി.