തൃണമൂല്‍ നേതാക്കൾ കുടുങ്ങിയ നാരദാന്യൂസിന്റെ സ്റ്റിംഗ്: അന്വേഷണം സിബിഐയ്ക്ക് വിട്ട് കൊല്‍ക്കത്ത ഹൈക്കോടതി; മാത്യു സാമുവേലിനെതിരെയുള്ള പൊലീസ് നടപടി വിലക്കി

തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരാദാ ന്യൂസ് എക്‌സ് ഫയല്‍സ് എന്ന ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. 72 മണിക്കൂറിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് നിഷിത മാത്രേ, ജസ്റ്റിസ് ടി ചക്രബര്‍ത്തി എന്നിവര്‍ ഉത്തരവിട്ടു

തൃണമൂല്‍ നേതാക്കൾ കുടുങ്ങിയ നാരദാന്യൂസിന്റെ സ്റ്റിംഗ്: അന്വേഷണം സിബിഐയ്ക്ക് വിട്ട് കൊല്‍ക്കത്ത ഹൈക്കോടതി; മാത്യു സാമുവേലിനെതിരെയുള്ള പൊലീസ് നടപടി വിലക്കി

ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നാരദാന്യൂസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ ഏല്‍പ്പിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. 72 മണിക്കൂറിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി എഫ്ഐആർ സമർപ്പിക്കണമെന്നാണ് കോടതി ഉത്തരവ്. തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരദാന്യൂസ് എക്‌സ്ഫയല്‍സ് എന്ന ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്.

ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് നിഷിത മാത്രേ, ജസ്റ്റിസ് ടി ചക്രബര്‍ത്തി എന്നിവരുടേതാണ് ഉത്തരവ്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മമതാ ബാനര്‍ജി സര്‍ക്കാര്‍ നാരദാന്യൂസ് സിഇഒ മാത്യു സാമുവേലിനെതിരെ ക്രിമിനല്‍ ചാര്‍ജ്ജുകള്‍ ചുമത്തുകയും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് പരിഗണനയിലായതിനാല്‍ ഈ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14നായിരുന്നു ഈ ദൃശ്യങ്ങള്‍ നാരദാന്യൂസ് പുറത്ത് വിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരുമടക്കം 12 പേര്‍ കോഴ വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് നാരദാ പുറത്ത് കൊണ്ടുവന്നത്. മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയി, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, സംസ്ഥാന മന്ത്രിമാരായ സുബ്രതോ മുഖര്‍ജി, ഫര്‍ഹദ് ഹക്കീം, എംപിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇക്ബാല്‍ അഹമ്മദ് എം.എല്‍.എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്.പി എം.എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദയുടെ ഒളിക്യാമറയില്‍ പെട്ടത്.

നാരദാ ഒളിക്യാമറാ ഓപ്പറേഷന്‍ സംബന്ധിച്ച് പൊലീസ് അന്വേഷണത്തിന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടിരുന്നു. വ്യാജ കമ്പനിക്കുവേണ്ടി പണം കൈപ്പറ്റി ആനുകൂല്യങ്ങള്‍ ചെയ്ത് നല്‍കാമെന്ന് തൃണമൂല്‍ നേതാക്കള്‍ വാഗ്ദാനം ചെയ്തുവെന്നായിരുന്നു കേസ്. എന്നാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ട അന്വേഷണം കോടതി നടപടികളെ സ്വാധീനിക്കുകയില്ലയെന്ന് കൊല്‍ക്കത്ത ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

സംസ്ഥാന പോലീസല്ല ഇതുപോലെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള കേസ് അന്വേഷിക്കേണ്ടതെന്നും സിബിഐ പോലെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു ഗുരുതരമായ അന്വേഷണം നടത്തണമെന്നുമായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. നാരദ പുറത്ത് വിട്ട ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതോടു കൂടി കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കുമെന്ന് ഉറപ്പായിരുന്നു.

Read More >>