ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടി; ഐജിയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന്; പൊലീസുകാര്‍ക്കെതിരെ നടപടിയെങ്കില്‍ മാത്രം ചര്‍ച്ചയെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍

പൊലീസ് നടപടിയെ ന്യായീകരിച്ച് ഐജി മനോജ് എബ്രഹാം ഡിജിപിയ്ക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് വ്യാപക പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐജി ഇന്ന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടി; ഐജിയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന്; പൊലീസുകാര്‍ക്കെതിരെ നടപടിയെങ്കില്‍ മാത്രം ചര്‍ച്ചയെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നേരെ ഉണ്ടായ പൊലീസ് നടപടി സംബന്ധിച്ച് ഐജി മനോജ് എബ്രഹാം ഇന്ന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമരത്തിലെ ബാഹ്യ ഇടപെടല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ പരിഗണിച്ചായിരിക്കും അന്തിമറിപ്പോര്‍ട്ട് നല്‍കുക. മർദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ ആശുപത്രി വിട്ട ശേഷം ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്തുമെന്നാണ് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറയുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെത്താല്‍ മാത്രമേ ഡിജിപിയുമായുള്ള ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറാകൂ എന്നും ശ്രീജിത്ത് പറഞ്ഞു.

കന്റോൺമെന്റ് എ.സി, മ്യൂസിയം എസ്.ഐ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ശ്രീജിത്ത് പറഞ്ഞു. ഇവരാണ് മർദ്ദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് നടപടിയെ ന്യായീകരിച്ച് ഐജി മനോജ് എബ്രഹാം ഡിജിപിയ്ക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് വ്യാപക പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐജി ഇന്ന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. സമരക്കാര്‍ക്കൊപ്പം പുറത്തു നിന്നുള്ളവര്‍ കടന്നുകയറിയോ, മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പ്രതിഷേധക്കാര്‍ക്ക് മര്‍ദ്ദനമേറ്റോ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാകും റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും ബന്ധുക്കള്‍ക്കും ഇന്ന് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ആശുപത്രി വിട്ടാല്‍ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡി.ജി.പി ഇന്നലെ അറിയിച്ചിരുന്നു.

ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ നടപടി രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ കരുതലോടെയാണ് പൊലീസിന്റെ നീക്കങ്ങള്‍. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരം നല്‍കുന്നവര്‍ക്ക് ഡി.ജി.പി പാരിതോഷികം പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ്. സമരം അവസാനിപ്പികാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നു.