ഫോണ്‍കെണി: മന്ത്രി ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് മാദ്ധ്യമപ്രവര്‍ത്തക; ശല്യപ്പെടുത്തല്‍ തുടര്‍ന്നപ്പോള്‍ സംഭാഷണം രേഖപ്പെടുത്തി

മന്ത്രിയായിരിക്കെ എ കെ ശശീന്ദ്രന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് മംഗളം ചാനലിലെ സബ് എഡിറ്ററായ മാദ്ധ്യമപ്രവര്‍ത്തക തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയത്. തന്റെ അനുവാദത്തോടെയാണ് മന്ത്രിയുമായുള്ള സംഭാഷണം ചാനല്‍ പുറത്തു വിട്ടതെന്നും മാദ്ധ്യമപ്രവര്‍ത്തക വ്യക്തമാക്കി.

ഫോണ്‍കെണി: മന്ത്രി ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് മാദ്ധ്യമപ്രവര്‍ത്തക; ശല്യപ്പെടുത്തല്‍ തുടര്‍ന്നപ്പോള്‍ സംഭാഷണം രേഖപ്പെടുത്തി

മന്ത്രിയായിരിക്കെ എ കെ ശശീന്ദ്രന്‍ തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് മാദ്ധ്യമപ്രവര്‍ത്തകയുടെ മൊഴി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മംഗളം ചാനലിലെ സബ് എഡിറ്ററായ മാദ്ധ്യമപ്രവര്‍ത്തക മൊഴി നല്‍കിയത്. മന്ത്രിയുടെ ശല്യപ്പെടുത്തല്‍ തുടര്‍ന്നപ്പോഴാണ് സംഭാഷണം രേഖപ്പെടുത്തിയത്. തന്റെ അനുവാദത്തോടെയാണ് സംഭാഷണം ചാനല്‍ പുറത്തു വിട്ടതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.

ആദ്യം മന്ത്രിയുടെ അഭിമുഖം തയ്യാറാക്കിയിരുന്നു. പിന്നീട് കെഎസ്ആര്‍ടിസിയിലെ പദ്ധതികളെക്കുറിച്ചറിയാന്‍ മന്ത്രിയുടെ അനുമതി തേടുകയായിരുന്നു. ഔദ്യോഗിക വസതിയിലെ കൂടിക്കാഴ്ചയില്‍ മോശമായും അശ്ലീലം കലര്‍ത്തിയുമായാണ് മന്ത്രി സംസാരിച്ചതെന്നും കോടതിയില്‍ നല്‍കിയ മൊഴിയില്‍ മാദ്ധ്യമപ്രവര്‍ത്തക പറയുന്നു. ശ്രീലങ്കയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിക്കൊപ്പം വിദേശയാത്രയില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നെന്നും മൊഴിയില്‍ പറയുന്നുണ്ട്.

എന്നാല്‍ ഈ ആവശ്യം താന്‍ നിരാകരിച്ചതോടെ മന്ത്രി ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവിടെ നിന്നിറങ്ങിയോടി താന്‍ രക്ഷപ്പെടുകയാണ് ചെയ്തത്. ഇക്കാര്യം ചാനല്‍ മേധാവിയെ അറിയിച്ചിരുന്നെന്നും മാദ്ധ്യമപ്രവര്‍ത്തക പറയുന്നു.

താന്‍ പരാതിപ്പെടുമെന്നറിഞ്ഞതോടെ ശശീന്ദ്രന്‍ മാപ്പു പറയുകയായിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം ഒന്നിലധികം ഫോണ്‍നമ്പറുകളില്‍ നിന്ന് ശശീന്ദ്രന്‍ ബന്ധപ്പെട്ടിരുന്നു. വിളിക്കരുതെന്നു പറഞ്ഞെങ്കിലും വീണ്ടും ശല്യപ്പെടുത്തുകയായിരുന്നെന്നും ഇതെ തുടര്‍ന്നാണ് ശബ്ദരേഖയായി സംഭാഷണം രേഖപ്പെടുത്തിയതെന്നും മാദ്ധ്യമപ്രവര്‍ത്തക മൊഴി നല്‍കി.

മന്ത്രിയെ ഫോണ്‍ വിളിച്ച് കുടുക്കിയ കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മംഗളം ചാനലിലെ അഞ്ച് മാദ്ധ്യമപ്രവര്‍ത്തകരെ 14 ദിവസത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സിഇഒ ആര്‍ അജിത്കുമാര്‍, സ്റ്റിംഗ് ഓപ്പറേഷന് നേതൃത്വം നല്‍കിയ ആര്‍. ജയചന്ദ്രന്‍, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ എം ബി സന്തോഷ്, ന്യൂസ് എഡിറ്റര്‍മാരായ ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ് എന്നിവരെയാണ് ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്തത്.ആര്‍ അജിത്കുമാര്‍, ആര്‍ ജയചന്ദ്രന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷയും ക്രൈംബ്രാഞ്ച്് സമര്‍പ്പിച്ചിട്ടുണ്ട്.