ബെന്നി ബഹനാൻ കെപിസിസി പ്രസിഡന്റായേക്കും; കെ സുധാകരൻ യുഡിഎഫ് കൺവീനർ; അങ്കം ജയിച്ച് ഉമ്മൻചാണ്ടി

എ ഗ്രൂപ്പിനെ അപ്പാടെ അവഗണിച്ച് കേരളത്തിൽ മുന്നോട്ടുപോകാനാകില്ലെന്ന് ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്താൻ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വി എം സുധീരന്റെ രാജി അനിവാര്യമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വി എം സുധീരന്റെ കടുംപിടിത്തത്തെ തുടർന്നാണ് ബെന്നി ബെഹനാന് തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നഷ്ടമായത്. അതേ സുധീരനെ പടിയിറക്കി അവിടെ ബെന്നിയെ പ്രതിഷ്ഠിക്കാനാണ് ഉമ്മൻചാണ്ടി കരുക്കൾ നീക്കിയത്. ആ കളിയിൽ വിജയം അദ്ദേഹത്തെ തേടിയെത്തുന്നതിന്റെ മുന്നോടിയാണ് സുധീരന്റെ രാജിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ബെന്നി ബഹനാൻ കെപിസിസി പ്രസിഡന്റായേക്കും; കെ സുധാകരൻ യുഡിഎഫ് കൺവീനർ; അങ്കം ജയിച്ച് ഉമ്മൻചാണ്ടി

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എ ഗ്രൂപ്പു പ്രതിനിധി ബെന്നി ബെഹനാനെയും യുഡിഎഫ് കൺവീനർ സ്ഥാനത്തേയ്ക്ക് കെ സുധാകരനെയും നിയമിക്കുന്ന പാക്കേജിന് എഐസിസി തത്ത്വത്തിൽ അംഗീകാരം നൽകിയെന്ന് സൂചന. വി എം സുധീരനെ തൽസ്ഥാനത്ത് തുടരാൻ അനുവദിച്ചാൽ കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്ന് ഉമ്മൻചാണ്ടിയുടെ വാശിക്കു മുന്നിൽ ഒടുവിൽ കോൺഗ്രസ് നേതൃത്വം കീഴടങ്ങി.

കെപിസിസി പ്രസിഡന്റു സ്ഥാനത്തുനിന്നും വി എം സുധീരനെ നീക്കി പകരം ബെന്നി ബെഹനാനെ നിയോഗിക്കണമെന്ന് കഴിഞ്ഞ ഒത്തുതീർപ്പു ചർച്ചയിലും ഉമ്മൻചാണ്ടി ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ നിർദ്ദേശത്തോട് എ കെ ആന്റണി അടക്കമുള്ളവർ യോജിച്ചില്ല. തുടർന്ന് കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നറിയിച്ച് ഉമ്മൻചാണ്ടി കേരളത്തിലേയ്ക്കു മടങ്ങി.

ഡിസിസി പുനസംഘടനയിലും എ ഗ്രൂപ്പിനു തിരിച്ചടിയാണ് ലഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും രാഷ്ട്രീയകാര്യസമിതിയിൽ നിന്നും ഉമ്മൻചാണ്ടി വിട്ടുനിൽക്കുകയായിരുന്നു. എ ഗ്രൂപ്പിനെ അപ്പാടെ അവഗണിച്ച് കേരളത്തിൽ മുന്നോട്ടുപോകാനാകില്ലെന്ന് ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്താൻ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വി എം സുധീരന്റെ രാജി അനിവാര്യമായത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വി എം സുധീരന്റെ കടുംപിടിത്തത്തെ തുടർന്നാണ് ബെന്നി ബെഹനാന് തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നഷ്ടമായത്. അതേ സുധീരനെ പടിയിറക്കി അവിടെ ബെന്നിയെ പ്രതിഷ്ഠിക്കാനാണ് ഉമ്മൻചാണ്ടി കരുക്കൾ നീക്കിയത്. ആ കളിയിൽ വിജയം അദ്ദേഹത്തെ തേടിയെത്തുന്നതിന്റെ മുന്നോടിയാണ് സുധീരന്റെ രാജിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അസുഖബാധിതനായി പൊതുരംഗത്തുനിന്നും വിട്ടുനിൽക്കുന്ന പി പി തങ്കച്ചനും പകരക്കാരൻ അനിവാര്യമാണ്. ആ സ്ഥാനത്ത് കെ സുധാകരൻ വരുമ്പോൾ സംസ്ഥാനത്ത് സിപിഐഎമ്മിനെതിരെ ചടുലമായ രാഷ്ട്രീയാക്രമണത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്.