ബീഫ് ഫെസ്റ്റിനെ പരിഹസിക്കാൻ അരിഫെസ്റ്റുമായി യുവമോർച്ച; ഇറച്ചി തരൂ എന്ന് അട്ടപ്പാടിയിലെ ആദിവാസികൾ

നാളെയാണ് ബീഫ് ഫെസ്റ്റിനെതിര അട്ടപ്പാടിയിലെ നരസിമുക്കിൽ യുമോർച്ചയുടെ അരിഫെസ്റ്റ്. വിശപ്പാറാത്തവന് ഒരു പിടി അന്നം എന്ന മുദ്രാവാക്യവുമായാണ് അരിഫെസ്റ്റ്. എന്നാൽ അരിയ്ക്കു പകരം ചാമയോ, ധാന്യമോ, ഇറച്ചിയോ തരണമെന്നാണ് ആദിവാസികൾക്ക് യുവമോർച്ചയോട് പറയാനുള്ളത്.

ബീഫ് ഫെസ്റ്റിനെ പരിഹസിക്കാൻ അരിഫെസ്റ്റുമായി യുവമോർച്ച; ഇറച്ചി തരൂ എന്ന് അട്ടപ്പാടിയിലെ ആദിവാസികൾ

ബീഫ് ഫെസ്റ്റിനെ പരിഹസിക്കാൻ അരിഫെസ്റ്റ് നടത്താനൊരുങ്ങുന്ന യുവമോർച്ചയോട് അരിയ്ക്കു പകരം ചാമയോ, ധാന്യമോ, ഇറച്ചിയോ തരൂവെന്ന് അട്ടപ്പാടിയിലെ ആദിവാസികൾ. ബീഫ് നിരോധനത്തിൽ പ്രതിഷേധിച്ചുള്ള ബീഫ് ഫെസ്റ്റിനെ പ്രതിരോധിക്കാൻ വിശപ്പറിയാത്തവന്റെ ബീഫ് ഫെസ്റ്റിനിടയിൽ വിശപ്പാറാത്തവന് ഒരു പിടി അന്നം എന്ന മുദ്രാവാക്യവുമായാണ് യുവമോർച്ച് നാളെ അട്ടപ്പാടിയിൽ അരിഫെസ്റ്റ് നടത്തുന്നത്.

പട്ടിണിയും പോഷകാഹാര കുറവും മൂലം അട്ടപ്പാടിയിൽ നവജാത ശിശുക്കൾ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നും ബീഫ് ഫെസ്റ്റ് നടത്തുന്നവർ അട്ടപ്പാടിയുടെ വിശപ്പ് കാണുന്നില്ലെന്നും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയാണ് യുവമോർച്ചയുടെ അരിഫെസ്റ്റ്. രണ്ട് കുഞ്ഞുങ്ങൾ മരിച്ച നരസിമുക്ക് ഊരിലെ ആദിവാസി കുടുംബങ്ങൾക്കാണ് അരിഫെസ്റ്റ് എന്ന പേരിൽ കിറ്റ് നൽകുന്നത്. അട്ടപ്പാടിയിൽ നാളെ രാവിലെ നടക്കുന്ന ചടങ്ങിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ പി പ്രകാശ് ബാബുവാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്.


നിലവിൽ അട്ടപ്പാടിയിലെ എൺപത് ശതമാനത്തോളം ആദിവാസികൾക്ക് റേഷൻ കടയും മറ്റും വഴിയും സർക്കാർ സൗജന്യമായി അരി വിതരണം ചെയ്യുന്നുണ്ട്. ഇരുപത് ശതമാനത്തോളം പേർക്ക് കുറഞ്ഞ വിലയിൽ അരി റേഷൻ കടകളിൽ നിന്ന് ലഭിക്കുകയും ചെയ്യുന്നുണ്ട്. ചില വിഭാഗങ്ങൾക്ക് ധാന്യവും പഞ്ചസാരയും ഉൾപ്പെടെയുള്ള കിറ്റുകൾ മാസത്തിലൊരിക്കൽ വിതരണം ചെയ്യാറുണ്ട്.

എന്നാൽ ആദിവാസികൾക്ക് അരിയെക്കാൾ കൂടുതൽ താത്പര്യം ചാമ, ചെന തുടങ്ങിയ ധാന്യങ്ങളോടാണ്. അരി സ്ഥിരമായി കഴിക്കുന്നത് രോഗങ്ങൾ വരുത്തുമെന്നും അരിയിൽ പോഷകാഹാരത്തിനു പകരമല്ലെന്നും ആദിവാസികൾക്ക് അഭിപ്രായമുണ്ട്. ചുവന്ന നിറത്തിലുള്ള മട്ടയരി റേഷൻ കടകളിൽ വന്നാൽ ആദിവാസികൾ വാങ്ങാറില്ല.

അഞ്ചാറു വര്‍ഷമായി ഞങ്ങള്‍ക്ക് അരിയ്ക്ക് ഒരു മുട്ടുമില്ല. ഞങ്ങള്‍ക്ക് അരി ഇഷ്ടവും അല്ല, അരിയ്ക്ക് പകരം ചാമയോ ചെനയോ അല്ലെങ്കില്‍ നല്ല ഇറച്ചിയോ ധാന്യങ്ങളോ കിട്ടിയാല്‍ ഉപകാരമായി - നരസിമുക്കിലെ ആദിവാസിയായ രാമന്‍ നാരദ ന്യൂസിനോട് പറഞ്ഞു.

അരി കഴിച്ചാല്‍ വയറുവേദന വരുമെന്നാണ് ഇവരുടെ വിശ്വാസം. മാത്രമല്ല വെന്തു കിട്ടാന്‍ കുറെ സമയം എടുക്കുമെന്നതിനാല്‍ ഈ അരി വാങ്ങിയാല്‍ കൃതൃസമയത്ത് പണിക്ക് പോകാന്‍ കഴിയില്ലെന്നും ആദിവാസികള്‍ക്കിടയില്‍ വിശ്വാസമുണ്ട്.

കാളയിറച്ചിയും പശുവിറച്ചിയുമൊക്കെ ഞങ്ങളുടെ കൂട്ടത്തില്‍ കഴിക്കുന്നവരുമുണ്ട്. കഴിക്കാത്തവരുമുണ്ട്. കഴിക്കുന്നവരാണ് കൂടുതല്‍. അതുകൊണ്ട് കിട്ടിയാല്‍ വേണ്ടെന്ന് പറയില്ല'- യുവമോര്‍ച്ചയുടെ അരിഫെസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നരസിമുക്കിലെ ആദിവാസിയായ നഞ്ചിയുടെ പ്രതികരണം ഇങ്ങനെ.

പശു ഇറച്ചിയും കാള ഇറച്ചിയും ഞങ്ങള്‍ക്ക് വേണ്ട, ഞങ്ങള്‍ക്ക് വേണ്ടത് ഒരു നേരത്തെ അന്നം' എന്ന പ്രചരിപ്പിച്ച് യുവമോര്‍ച്ച അരിഫെസ്റ്റ് നടത്താന്‍ ഒരുങ്ങുന്നതിനെ പറ്റിയും ഇവിടത്തെ ആദിവാസികള്‍ക്ക് അറിയില്ല.