പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടു; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം; കാസർഗോഡ് നിയോജകമണ്ഡലത്തിൽ ഇന്ന് ബിജെപി ഹർത്താൽ

മർദനം നടന്നിട്ടില്ല എന്ന നിലപാടിലാണ് പൊലീസ്. പരസ്യമദ്യപാനത്തെക്കുറിച്ച് പരാതി തന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് ജീപ്പിലേക്ക് കയറ്റിയ ഉടൻ സന്ദീപ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. ഉടൻ സന്ദീപിനെ ആശുപത്രിയിലേക്കും കസ്റ്റഡിയിൽ എടുത്ത മൂന്നുപേരെ പൊലീസ് സ്റേഷനിലേക്കും മാറ്റിയെന്നും പൊലീസ് പറയുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടു; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം; കാസർഗോഡ് നിയോജകമണ്ഡലത്തിൽ ഇന്ന് ബിജെപി ഹർത്താൽ

കാസർഗോട്ട് പരസ്യമദ്യപാനത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടു. കാസർഗോഡ് ടൗണിലെ ഓട്ടോ ഡ്രൈവർ സന്ദീപാണ് മരിച്ചത്. കൃഷിവകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ബീരന്ത് വയലിലെ കൃഷിയിടത്തിൽ ചിലർ പരസ്യമദ്യപാനം നടത്തുന്നുവെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നുവെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് കാസർഗോഡ് ടൌൺ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം സന്ദീപടക്കം നാലുപേരെ പിടികൂടുകയായിരുന്നു. പൊലീസ് സംഘത്തെക്കണ്ട മദ്യപസംഘം ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണ സന്ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എന്നാൽ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് സന്ദീപിനെ ചവിട്ടിയിരുന്നതായും അതാണ് മരണത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച് സന്ദീപിന്റെ സഹോദരനും സേവാഭാരതി പ്രവർത്തകനുമായ ദീപക് രംഗത്തുവന്നു. തുടർന്ന് ദീപക്കിന്റെ മരണം പൊലീസ് മർദനം മൂലമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു നൂറോളം സംഘപരിവാർ പ്രവർത്തകർ കാസർഗോഡ് ടൌൺ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് കാസർഗോഡ് നിയോജകമണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി എന്നീ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മർദനം നടന്നിട്ടില്ല എന്ന നിലപാടിലാണ് പൊലീസ്. പരസ്യമദ്യപാനത്തെക്കുറിച്ച് പരാതി തന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് ജീപ്പിലേക്ക് കയറ്റിയ ഉടൻ സന്ദീപ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. ഉടൻ സന്ദീപിനെ ആശുപത്രിയിലേക്കും കസ്റ്റഡിയിൽ എടുത്ത മൂന്നുപേരെ പൊലീസ് സ്റേഷനിലേക്കും മാറ്റിയെന്നും പൊലീസ് പറയുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക റിപ്പോർട്ടുകൾ. കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദഗ്ധപോസ്റ്റ് മാർട്ടത്തിനു വിധേയമാക്കും.