ഫേസ്ബുക്ക് സൗഹൃദം: പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ലൈംഗികബന്ധത്തിനു വഴങ്ങണമെന്നും ഭീഷണിപ്പെടുത്തിയ ഇയാൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്.

ഫേസ്ബുക്ക് സൗഹൃദം: പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിനു നിർബന്ധിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പാലക്കാട് സ്വദേശി സുജിത്തിനെയാണ് കൊല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന പൂയപ്പളളി സ്വദേശിനിയായ യുവതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുജിത്ത് പരിചയം വളര്‍ന്നതോടെ ഫെയ്‌സ്ബുക്ക് ഐഡി വാങ്ങി പരസ്പരം ഫോട്ടോകള്‍ കൈമാറി. തുടർന്ന് യുവതി അയച്ചുകൊടുത്ത ചിത്രങ്ങളില്‍ ചിലത് മോര്‍ഫ് ചെയ്ത് പെണ്‍കുട്ടിയുടെ പിതാവിന് അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്താൻ തുടങ്ങി. കൂടാതെ നാട്ടിലെത്തുമ്പോള്‍ ലൈംഗികബന്ധത്തിന് വഴങ്ങണമെന്നും ഭീമമായ തുക നല്‍കണമെന്നും ആവശ്യപ്പെട്ടു. ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു.

യുവതിയുടെ പിതാവ് കൊട്ടാരക്കര ഡിവെഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് സുജിത്തിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ മലപ്പുറത്തും, പാലക്കാട്ടും സമാനമായ കുറ്റത്തിന് കേസുകള്‍ നിലവിലുണ്ടെന്നും പെണ്‍കുട്ടി നാട്ടില്‍ എത്തിയാല്‍ മാത്രമേ തുടര്‍നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയൂവെന്നും പൊലീസ് പറഞ്ഞു.