കേരളത്തിലെത്തിയ അദ്വാനിക്കു സ്‌റ്റേഷനില്‍ സുരക്ഷയൊരുക്കി കേരള പൊലീസ്

സിപിഐഎം പ്രകടനങ്ങള്‍ നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്വാനിയെ സുരക്ഷയുടെ ഭാഗമായി സ്‌റ്റേഷനില്‍ ഇരുത്തിയതെന്നു വ്യക്തമാക്കി മധ്യമേഖലാ ഐജി പി വിജയന്‍ പറഞ്ഞു. അദ്വാനിയെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചത് സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസിന്റെയും യുക്തിപൂര്‍വമായ തീരുമാനമായിരുന്നുവെന്ന് ഐജി പറഞ്ഞു...

കേരളത്തിലെത്തിയ അദ്വാനിക്കു സ്‌റ്റേഷനില്‍ സുരക്ഷയൊരുക്കി കേരള പൊലീസ്

സ്വകാര്യ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ ബിജെപി മുന്‍ ദേശീയ പ്രസിഡന്റ് എല്‍ കെ അദ്വാനിയെ കുത്തിയതോട് സിഐ ഓഫിസില്‍ സുരക്ഷയൊരുക്കി മകരള പൊലീസ്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എതിരെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ കയ്യേറ്റം നടത്തിയതില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാനമെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതെന്ന് മധ്യമേഖലാ ഐജി പി. വിജയന്‍ പറഞ്ഞു.

എല്‍ കെ അദ്വാനി ആവശ്യപ്പെട്ടിട്ടാണെന്ന് സുരക്ഷയൊരുക്കിയതെന്നാണ് പൊലീസ് വാദം. എന്നാല്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവിനെ സിപിഐഎം പ്രകടനത്തിന്റെ പേരും പറഞ്ഞാണ് നേതാവിനെ ബുദ്ധിമുട്ടിച്ചെന്നു കാട്ടി ബിജെപി രംഗത്തെത്തി. സിപിഐഎമ്മിന്റെ പ്രതിഷേധ പ്രകടനത്തിന്റെ പേരുപറഞ്ഞ് അതീവ സുരക്ഷയുളള ദേശീയ നേതാവിന് മതിയായ സംരക്ഷണം നല്‍കാതെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് തടഞ്ഞുവെക്കുകയാണ് ഉണ്ടായതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമന്‍ ആരോപിച്ചു.

ഇന്നലെ വൈകിട്ടാണ് അദ്വാനി നെടുമ്പാശേരിയില്‍ എത്തിയത്. അവിടെ നിന്നും കുമരകത്തേക്കുളള യാത്രയിലാണ് അദ്വാനിയെ പൊലീസ് സ്‌റ്റേഷനില്‍ സുരക്ഷയൊരുക്കിയത്. ദേശീയപാതയില്‍ തുറവൂര്‍ ഭാഗത്ത് എത്താറായപ്പോള്‍ ശുചിമുറിയില്‍ പോകണമെന്ന് അദ്വാനി ആവശ്യപ്പെട്ടതനുസരിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ ചേര്‍ത്തല ഡിവൈഎസ്പിയെ വിവരം അറിയിക്കുകയും യാത്രക്കിടയിലെ സേഫ് സ്റ്റേഷനായി തീരുമാനിച്ച കുത്തിയതോട് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നുവെന്നുമാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വി എം മുഹമ്മദ് റഫീക്ക് ആദ്യം മാധ്യമങ്ങളെ അറിയിച്ചത്.

എന്നാല്‍ സിപിഐഎം പ്രകടനങ്ങള്‍ നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്വാനിയെ സുരക്ഷയുടെ ഭാഗമായി സ്‌റ്റേഷനില്‍ ഇരുത്തിയതെന്നു വ്യക്തമാക്കി മധ്യമേഖലാ ഐജി പി വിജയന്‍ രംഗത്തെത്തി. അദ്വാനിയെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചത് സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസിന്റെയും യുക്തിപൂര്‍വമായ തീരുമാനമായിരുന്നുവെന്ന് ഐജി പറഞ്ഞു. അദ്ദേഹത്തിന്റെ യാത്രയില്‍ പല സ്ഥലങ്ങളിലും പ്രതിഷേധ ജാഥകള്‍ നടന്നിരുന്നു. അതിനിടയില്‍ അദ്ദേഹത്തെ കൊണ്ടുപോകുന്നത് ബുദ്ധിയായിരിക്കില്ല എന്നു കരുതിയാണ് ഈ ഒരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചേര്‍ത്തലയില്‍ ഏതാനുംപേര്‍ നടത്തിയ പ്രകടനത്തിന്റെ പേരില്‍ അദ്വാനിയെ സ്റ്റേഷനില്‍ ഇരുത്തി അപമാനിക്കുകയായിരുന്നുവെന്നു ബിജെപി ജില്ലാ സെക്രട്ടറി സോമന്‍ പറഞ്ഞു. അദ്വാനിയുടെ സന്ദര്‍ശനം മുന്‍കൂട്ടി പൊലീസിനെ അറിയിച്ചതാണെന്നും ഡല്‍ഹിയിലെ സംഭവവുമായി ബന്ധപ്പെട്ടു കേരളത്തില്‍ കര്‍ശന സുരക്ഷ ഒരുക്കാന്‍ പൊലീസ് നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.