അനുനയ ശ്രമവുമായി സിപിഐഎം കേന്ദ്ര നേതൃത്വവും; യെച്ചൂരി ജിഷ്ണുവിന്റെ കുടുംബവുമായി ചർച്ച നടത്തി

ജിഷ്ണുവിന്റെ കുടുംബാം​ഗങ്ങളുമായി യെച്ചൂരി ഫോണിൽ സംസാരിച്ചു. അഭിഭാഷകൻ മുഖേനയാണ് സംസാരിച്ചത്. പ്രശ്നം സംസ്ഥാന സർക്കാർ പരിഹരിക്കുമെന്നാണ് യെച്ചൂരിയുടെ നിലപാട്.

അനുനയ ശ്രമവുമായി സിപിഐഎം കേന്ദ്ര നേതൃത്വവും; യെച്ചൂരി ജിഷ്ണുവിന്റെ കുടുംബവുമായി ചർച്ച നടത്തി

ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അമ്മ മഹിജയുടെ നിരാഹാര സമരത്തിൽ അനുനയ ശ്രമവുമായി സിപിഐഎം കേന്ദ്ര നേതൃത്വവും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് അനുനയ നീക്കം നടത്തിയത്.

ജിഷ്ണുവിന്റെ കുടുംബാം​ഗങ്ങളുമായി യെച്ചൂരി ഫോണിൽ സംസാരിച്ചു. അഭിഭാഷകൻ മുഖേനയാണ് സംസാരിച്ചത്. പ്രശ്നം സംസ്ഥാന സർക്കാർ പരിഹരിക്കുമെന്നാണ് യെച്ചൂരിയുടെ നിലപാട്.

നേരത്തെ, പ്രശ്നത്തിൽ അനുരഞ്ജന നീക്കവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മഹിജയെ സന്ദർശിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയാണ് കാനം മഹിജയുമായി സംസാരിച്ചത്. കൂടാതെ, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കാനം രാജേന്ദ്രന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം, അമ്മ പറഞ്ഞാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് കോഴിക്കോട് വളയത്തെ വീട്ടിൽ നിരാഹാര സമരം തുടരുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ അറിയിച്ചു. ശക്തിവേലിനെ പിടികൂടിയതിൽ സന്തോഷമുണ്ടെന്നും മുഴുവൻ പ്രതികളേയും എത്രയുംവേ​ഗം പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും അവിഷ്ണ പറഞ്ഞു.

കേസിലെ മൂന്നാംപ്രതിയും നെഹ്രു കോളേജ് വൈസ് പ്രിൻസിപ്പലുമായ ശക്തിവേലിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് അമ്മയുടെ നിർദേശം ഉണ്ടെങ്കിൽ സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അവിഷ്ണ വ്യക്തമാക്കിയത്.