'പ്രണയവിവാഹം ആചാരലംഘനം'; കേരളത്തിലും യാദവ സമുദായത്തില്‍ നിലനിൽക്കുന്നത് അനാചാരങ്ങൾ

അരുണും സുകന്യയും സമുദായത്തിന്റെ ആചാരങ്ങൾക്ക് വിരുദ്ധമായി രജിസ്റ്റർ വിവാഹം കഴിച്ചതാണ് ഇരുവർക്കും ഭ്രഷ്ട് കൽപ്പിക്കാൻ സമുദായത്തിനെ പ്രേരിപ്പിച്ചത്. ഗോക്കളെ വളർത്തുന്നത് പരമ്പരാഗത തൊഴിലായിരുന്ന യാദവസമുദായം ഉത്തരേന്ത്യയിലും മറ്റും ജീവിക്കുന്നത് കടുത്ത അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിമപ്പെട്ടാണ്. വയനാട് എരുമത്തെരുവിൽ താമസിക്കുന്ന നൂറോളം യാദവകുടുംബങ്ങളും ഇത്തരം വിശ്വാസങ്ങളിൽ തന്നെയാണ് ജീവിക്കുന്നത്.

പ്രണയവിവാഹം ആചാരലംഘനം;  കേരളത്തിലും യാദവ സമുദായത്തില്‍ നിലനിൽക്കുന്നത് അനാചാരങ്ങൾ

വയനാട് മാനന്തവാടിയിൽ പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികൾക്ക് നാല് വർഷത്തോളമായി സമുദായം ഭ്രഷ്ട് കൽപ്പിച്ച വാർത്ത ഞെട്ടലോടെയാണ് സാംസ്കാരിക കേരളം കേട്ടത്. യാദവ സമുദായത്തിൽ പെട്ട അരുണും സുകന്യയും സമുദായത്തിന്റെ ആചാരങ്ങൾക്ക് വിരുദ്ധമായി രജിസ്റ്റർ വിവാഹം കഴിച്ചതാണ് ഇരുവർക്കും ഭ്രഷ്ട് കൽപ്പിക്കാൻ സമുദായത്തിനെ പ്രേരിപ്പിച്ചത്.അരുൺ - സുകന്യ ദമ്പതികൾക്ക് നേരിടേണ്ടി വന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഗോക്കളെ വളർത്തുന്നത് പരമ്പരാഗത തൊഴിലായിരുന്ന യാദവസമുദായം ഉത്തരേന്ത്യയിലും മറ്റും ജീവിക്കുന്നത് കടുത്ത അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിമപ്പെട്ടാണ്. വയനാട് എരുമത്തെരുവിൽ താമസിക്കുന്ന നൂറോളം യാദവകുടുംബങ്ങളും ഇത്തരം വിശ്വാസങ്ങളിൽ തന്നെയാണ് ജീവിക്കുന്നത്.

അന്ധമായ ആചാരങ്ങൾ ; ആചാരം ലംഘിച്ചാൽ ഭ്രഷ്ട്

പ്രണയവിവാഹം അടക്കം സമുദായം പരമ്പരാഗതമായി അനുഷ്ടിച്ചു പോരുന്ന ആചാരങ്ങളെ ലംഘിക്കുന്ന എല്ലാ പ്രവൃത്തികൾക്കും ശിക്ഷ ഭ്രഷ്ട് ആണ്. ഭ്രഷ്ട് കല്പിക്കപ്പെടുന്ന വ്യക്തികളുമായി ഒരു തരത്തിലും സമുദായം സഹകരിക്കില്ല. ഭ്രഷ്ടുള്ളവർക്ക് സമുദായത്തിൽ നടക്കുന്ന ഒരു ചടങ്ങുകളിലും പങ്കെടുക്കാൻ കഴിയില്ല.

സമുദായംഗങ്ങളുടെ വീടുകളില്‍ കയറാന്‍ പാടില്ല. മരണ വീടുകളില്‍ പോകാന്‍ പാടില്ല. കല്യാണങ്ങള്‍ക്ക് ക്ഷണിക്കില്ല. ആരോടും സംസാരിക്കാന്‍ പോലും അവകാശമുണ്ടാകില്ല. ക്ഷേത്രത്തില്‍ പോകുന്നതിനോ അവിടത്തെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനോ പക്ഷേ വിലക്കില്ല. അവിടെ പോയാലും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവരോട് സംസാരിക്കാന്‍പോലും പാടില്ല. ഒരു നവരാത്രി ആഘോഷ സമയത്ത് സുകന്യയുടെ ഒപ്പം ഇരുന്ന് അമ്മ ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞു അവളുടെ അവളുടെ മാതാപിതാക്കളെയും സഹോദരനെയും സമുദായത്തില്‍ നിന്നു പുറത്താക്കിയ സംഭവവവും ഉണ്ടായിരുന്നു. ഒടുവില്‍ മൂന്നു മാസം കഴിഞ്ഞു മാപ്പെഴുതി നല്‍കിയതിന് ശേഷമാണ് അവരെ തിരിച്ചെടുത്തതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന നാരദാ ന്യൂസിനോട് പറഞ്ഞു.

'ആചാരങ്ങൾ മാറ്റാനാവാത്തത്'

അരുണും സുകന്യയും യാദവസമുദായത്തിൽ പെട്ടവരാണെങ്കിലും കുലം - ഗോത്രം എന്നിവപ്രകാരം വ്യത്യസ്തധ്രുവങ്ങളിലുള്ളവരാണെന്നും അതിനാൽ വിവാഹം ചെയ്യാൻ പാടില്ലെന്നുമാണ് സമുദായത്തിന്റെ വാദം. അതുകൊണ്ടുതന്നെ ഇവർ വിവാഹം ചെയ്യുന്നത് ആചാരലംഘനമാണത്രേ. അതുകൊണ്ടുതന്നെ ഇരുവരെയും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് സമുദായത്തിന്റെ വിധി.

അരുൺ - സുകന്യ വിഷയത്തിൽ മാനന്തവാടി പൊലീസ് സമുദായ നേതാക്കളെ വിളിച്ചു മധ്യസ്ഥത്തിന് ശ്രമിച്ചെങ്കിലും ആചാരങ്ങള്‍ ഒരു വ്യക്തിക്കുംവേണ്ടി മാറ്റാന്‍ കഴിയില്ലെന്ന നിലപാടാണ് യാദവ സമുദായ നേതാക്കള്‍ സ്വീകരിച്ചത്. പൊതുസ്ഥലത്ത് ഒന്നിച്ചിരിക്കുന്നതിനോ സംസാരിക്കുന്നതിനോ ഇവര്‍ക്ക് വിലക്കില്ല. പക്ഷേ ഇവരുടെ വീട്ടില്‍ പോകാനോ സമുദായവുമായി ബന്ധപ്പെട്ട പരിപാടികളില്‍ ഒന്നിച്ചു പങ്കെടുക്കാനോ കഴിയില്ല.സമുദായത്തിന്റെ ആചാരങ്ങൾ അനുസരിച്ചാൽ മാത്രമേ സമുദായത്തിന് ഉൾക്കൊള്ളാനാവൂ എന്നാണു നേതാക്കളുടെ വിധി.

Read More >>