വയനാട്ടില്‍ ആദിവാസികള്‍ക്കുള്ള ഭൂമി യാക്കോബായ സഭയ്ക്ക് പതിച്ചു നല്‍കിയതും ഉമ്മന്‍ചാണ്ടിയുടെ കാലത്ത്; നടപടി പാട്ടക്കരാര്‍ ലംഘനം

വയനാട്ടിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യേണ്ട ഭൂമിയാണ് ബത്തേരി കുപ്പാടി വില്ലേജിലെ സെന്റ് മേരീസ് ചര്‍ച്ചിന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. പാട്ടം റദ്ധാക്കി ഫീല്‍ഡ് റിപ്പോര്‍ട്ടോ അപേക്ഷയോ സ്വീകരിക്കുന്നതിനു മുമ്പ് തന്നെ 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 5.538 ഏക്കര്‍ ഭൂമിക്ക് പട്ടയം നല്‍കുകയായിരുന്നു. സെന്റിന് മാര്‍ക്കറ്റ് വിലയനുസരിച്ച് ലക്ഷത്തിന് മുകളില്‍ വരുമെന്നിരിക്കെ സെന്റിന് ഒരു രൂപ നിരക്കിലാണ് പതിച്ചുനല്‍കിയത്

വയനാട്ടില്‍ ആദിവാസികള്‍ക്കുള്ള ഭൂമി യാക്കോബായ സഭയ്ക്ക് പതിച്ചു നല്‍കിയതും ഉമ്മന്‍ചാണ്ടിയുടെ കാലത്ത്; നടപടി പാട്ടക്കരാര്‍ ലംഘനം

വയനാട്ടിലെ മാനന്തവാടി രൂപതയിലെ കല്ലോടി സെന്റ് ജോര്‍ജ് ചര്‍ച്ചിന് 14 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതിനൊപ്പം യാക്കോബായ സഭയ്ക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതായി രേഖകള്‍. വയനാട്ടിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യേണ്ട ഭൂമിയാണ് ബത്തേരി കുപ്പാടി വില്ലേജിലെ സെന്റ് മേരീസ് ചര്‍ച്ചിന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. പാട്ടം റദ്ദാക്കി ഫീല്‍ഡ് റിപ്പോര്‍ട്ടോ അപേക്ഷയോ സ്വീകരിക്കുന്നതിനു മുമ്പ് തന്നെ 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 5.538 ഏക്കര്‍ ഭൂമിക്ക് പട്ടയം നല്‍കുകയായിരുന്നു. സെന്റിന് മാര്‍ക്കറ്റ് വിലയനുസരിച്ച് ലക്ഷത്തിനു മുകളില്‍ വരുമെന്നിരിക്കെ സെന്റിന് ഒരു രൂപ നിരക്കിലാണ് പതിച്ചുനല്‍കിയത്. പ്രസ്തുത ഭൂമി 30 വര്‍ഷത്തെ പാട്ടത്തിന് 22,309 രൂപ പ്രകാരം 3.05 കോടി രൂപയ്ക്കാണ് നല്‍കിയിരുന്നത്. പാട്ടക്കാലാവധി കഴിഞ്ഞതോടെ ഭൂമി പതിച്ചുനല്‍കണമെന്ന് സഭ ആവശ്യപ്പെട്ടതോടെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ നടപടി.

1962ല്‍ ഫാ. മത്തായി നൂറനാലിന്റെ നേതൃത്വത്തില്‍ ചര്‍ച്ചിന് കോളജ് തുടങ്ങുന്നതിനാണ് 25 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയത്. 1963ല്‍ കുറുമ സമുദായത്തിനു വിതരണം ചെയ്യേണ്ട 32.25ഏക്കര്‍ ഭൂമി സഭ കയ്യേറിയെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ആദിവസികള്‍ സമരം തുടര്‍ന്നതോടെ നഷ്ടപ്പെട്ട ഭൂമിയ്ക്കു പകരമായി 18 ഏക്കര്‍ നല്‍കാമെന്ന് സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും ഇന്നേ വരെ നടപടിയുണ്ടായിട്ടില്ല. നിലവില്‍ യാക്കോബായ വിഭാഗം കൈവശം വച്ചുവരുന്ന 25 ഏക്കര്‍ പാട്ടഭൂമിയില്‍ നിന്നാണ് 5.539 ഏക്കര്‍ പതിച്ചുനല്‍കിയത്. അവശേഷിക്കുന്ന ഭൂമി ഘട്ടംഘട്ടമായി പതിച്ചുനല്‍കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. 93ല്‍ ഇതിന്റെ പാട്ടക്കാലവാധി കഴിഞ്ഞിരുന്നു.

അറുപതുകളില്‍ ആദിവാസികളുടെ ശ്മശാനം നിലനിന്നിരുന്ന ഭൂമിയുള്‍പ്പെടെയാണ് യാക്കൊബായ സഭ കയ്യേറിയത്. സെന്റ് മേരീസ് കോളേജ് സ്ഥിതി ചെയ്യുന്നത് കുപ്പാടിയിലെ ഈ ഭൂമിയിലാണ്. ഇവിടെ കഴിഞ്ഞിരുന്ന പണിയ, ഊരാളിക്കുറുമ്മര്‍ വിഭാഗങ്ങളെ ഇറക്കിവിട്ടാണ് സഭ ഭൂമിയില്‍ അവകാശം സ്ഥാപിക്കുന്നത്. അന്ന് ഈ ഭൂമിയില്‍ നിന്ന് അടിച്ചോടിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ കുപ്പാടി ഭദ്രകാളി ക്ഷേത്രത്തിന്റെ ഭൂമിയില്‍ അഭയാര്‍ഥികളായി കഴിയുകയാണിപ്പോഴും. ഇവരെ പുനരധിവസിപ്പിക്കാന്‍പോലും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെയാണ് പാട്ടഭൂമി കയ്യേറ്റക്കാര്‍ക്ക് തന്നെ പതിച്ചുനല്‍കുന്നത്.