മഹിജയേയും ശ്രീജിത്തിനേയും അസുഖം ഭേദമാകുന്നതുവരെ ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്

മഹിജയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദമുണ്ടെന്നത് തെറ്റായ പ്രചാരണമാണ്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് മുകളില്‍ നിന്നും നിര്‍ദേശം ലഭിച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

മഹിജയേയും ശ്രീജിത്തിനേയും അസുഖം ഭേദമാകുന്നതുവരെ ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയേയും അമ്മാവൻ ശ്രീജിത്തിനേയും അസുഖം ഭേദമാകുന്നതുവരെ ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മഹിജയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദമുണ്ടെന്നത് തെറ്റായ പ്രചാരണമാണ്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് മുകളില്‍ നിന്നും നിര്‍ദേശം ലഭിച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

നടുവേദന, ഇടുപ്പ് ഭാഗത്തു വേദന എന്നിവയുമായാണ് മഹിജ ചികിത്സ തേടിയെത്തിയത്. എംആര്‍ഐ സ്‌കാനിങ്ങിലും സിടി സ്‌കാനിങ്ങിലും പ്രശ്‌നമൊന്നും കണ്ടില്ല. ഇതുമായി ബന്ധപ്പെട്ട യാതൊരു പ്രശ്‌നവും മഹിജയ്ക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഭക്ഷണം കഴിക്കാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകളാണുള്ളത്. ഓര്‍ത്തോ വിഭാഗത്തില്‍ അഡ്മിറ്റായ മഹിജയെ അതിനാല്‍ തന്നെ മെഡിസിനിലെ വിദഗ്ധ ഡോക്ടര്‍മാരും പരിശോധിച്ചു. തുടര്‍ന്ന് മഹിജയെ പേ വാര്‍ഡിലേക്കു മാറ്റി. സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥന പ്രകാരം മഹിജ ചികിത്സയോടു സഹകരിക്കുകയും ദ്രവരൂപത്തിലുള്ള പാനീയങ്ങള്‍ കഴിക്കുകയും ചെയ്യുന്നുണ്ട്.

മഹിജയുടെ സഹോദരന്‍ ശ്രീജിത്തിനും ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്‌നവുമില്ലെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി. പ്രമേഹ രോഗിയായതിനാലും ഭക്ഷണം കഴിക്കാത്തതിനാലുമുള്ള ബുദ്ധിമുട്ടുകളാണ് ശ്രീജിത്തിനുള്ളത്. സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലുള്ള ശ്രീജിത്തിനെ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരും പരിശോധിച്ചതായും സൂപ്രണ്ട് അറിയിച്ചു.

കഴിഞ്ഞദിവസം ഡിജിപി ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ മഹിജയേയും ബന്ധുക്കൾക്കും നേരെ പൊലീസ് നടത്തിയ അതിക്രമത്തെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം സംഭവിച്ച ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകന്റെ മരണത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിയിൽ നിരാഹാരം തുടരുകയാണ് മഹിജ.