'വിരട്ടേണ്ട,പ്രോസിക്യൂഷൻ നടപടികൾക്ക് കമ്മീഷന് അധികാരമുണ്ട്, അത് ഏട്ടിൽ ഉറങ്ങാനുള്ളതല്ല'- പി.സി. ജോർജിന് വനിതാ കമ്മീഷന്റെ മറുപടി

പി.സി.ജോർജിന്റേത് പദവി മറന്നുള്ള പ്രസ്താവനയാണെന്നും വിരട്ടൽ വനിതാ കമ്മീഷനോട് വേണ്ടെന്നും കമ്മീഷന്‍ ചെയർപേഴ്സൺ എം.സി ജോസഫൈൻ. പ്രബലരായ നിരവധിപേർ കമ്മീഷന് മുന്നിൽ ഹാജരായി മൊഴി തരികയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്തിട്ടുണ്ട്. ആരുടെയും വിരട്ടൽ വിലപ്പോയിട്ടില്ല. ആ മനോഭാവം ആർക്കും ഭൂഷണവുമല്ല. പ്രോസിക്യൂഷൻ നടപടികൾക്ക് കമ്മീഷന് നൽകിയിട്ടുള്ള അധികാരം ഏട്ടിൽ ഉറങ്ങാനുള്ളതല്ലെന്നു ബോധ്യപ്പെടുന്ന കാലമാണ് വരുന്നതെന്നും വനിതാ കമ്മീഷന്‍ ചെയർപേഴ്സൺ മുന്നറിയിപ്പ് നൽകി.

വിരട്ടേണ്ട,പ്രോസിക്യൂഷൻ നടപടികൾക്ക് കമ്മീഷന് അധികാരമുണ്ട്, അത് ഏട്ടിൽ ഉറങ്ങാനുള്ളതല്ല- പി.സി. ജോർജിന് വനിതാ കമ്മീഷന്റെ മറുപടി

ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച വനിതാ കമ്മീഷനെ പി.സി.ജോര്‍ജ് എംഎൽഎ പരിഹസിച്ചതിനു വനിതാ കമ്മീഷന്റെ മറുപടി. പി.സി.ജോർജിന്റേത് പദവി മറന്നുള്ള പ്രസ്താവനയാണെന്നും വിരട്ടൽ വനിതാ കമ്മീഷനോട് വേണ്ടെന്നും കമ്മീഷന്‍ ചെയർപേഴ്സൺ എം.സി. ജോസഫൈൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രബലരായ നിരവധി പേർ കമ്മീഷന് മുന്നിൽ ഹാജരായി മൊഴി തരികയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്തിട്ടുണ്ട്. ആരുടെയും വിരട്ടൽ വിലപ്പോയിട്ടില്ല. ആ മനോഭാവം ആർക്കും ഭൂഷണവുമല്ല. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും വനിതാ കമ്മീഷനു അധികാരം നൽകുന്ന നിയമം നിയമസഭ പാസാക്കിയതാണ്. പ്രോസിക്യൂഷൻ നടപടികൾക്ക് കമ്മീഷന് നൽകിയിട്ടുള്ള അധികാരം ഏട്ടിൽ ഉറങ്ങാനുള്ളതല്ലെന്നു ബോധ്യപ്പെടുന്ന കാലമാണ് വരുന്നതെന്നും വനിതാ കമ്മീഷന്‍ ചെയർപേഴ്സൺ മുന്നറിയിപ്പ് നൽകി.

സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് നീതി നിഷേധമുണ്ടായാലും ഇടപെടും; ഒരു പരിഗണയും ആർക്കുമില്ല- എം.സി ജോസഫൈൻ വ്യക്തമാക്കി. കൊച്ചിയിൽ ആക്രമണത്തിനിരയായ നടിക്കെതിരെ വിവിധയിടങ്ങളിൽ അപകീർത്തികരമായ സംഭാഷണങ്ങളും പരാമർശങ്ങളും നടത്തിയ സംഭവത്തിൽ പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ വനിതാ കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താ സമ്മേളനങ്ങളിലും നടിക്കെതിരെ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വതത്തെ അപമാനിക്കുന്നതാണെന്നു നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്‍ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ നോട്ടീസ് ലഭിച്ചാൽ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്നും തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷന് സാധിക്കില്ലല്ലോയെന്നും പി.സി. ജോര്‍ജ് പരിഹസിക്കുകയാണ് ചെയ്തത്. ഈ പ്രതികരണത്തിനാണ് വനിതാ കമ്മീഷന്‍ ചെയർപേഴ്സൺ മുന്നറിയിപ്പ് നൽകിയത്.

നിർഭയയേക്കാൾ ക്രൂരമായി ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നതെന്നും അങ്ങനെയെങ്കിൽ പിറ്റേദിവസം നടിയെങ്ങനെ സിനിമയിൽ അഭിനയിക്കാൻ പോയെന്നുമായിരുന്നു പി.സി. ജോർജിന്റെ വിവാദമായ പ്രസ്താവനകളിലൊന്ന്. കേസുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയില്ല. ഇപ്പോൾ നടക്കുന്നത് പുരുഷ പീഡനമാണ്. കേസിൽ തെളിവു നൽകാൻ താൻ പോകില്ല. അന്വേഷണ സം​ഘം തന്റെ മുറിയിൽ വന്നാൽ അറിയാവുന്ന കാര്യങ്ങൾ പറയാമെന്നും പി.സി ജോർജ് അവകാശപ്പെട്ടിരുന്നു. പുരുഷന്മാരുമായി സമ്മതത്തോടെ ശരീരം പങ്കിട്ട ശേഷം പീഡിപ്പിച്ചു എന്നു പറഞ്ഞ് പരാതി നൽകുന്നതിനോടു യോജിക്കാൻ കഴിയില്ലെന്നും പൊലീസ് ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. പി.സി. ജോർജിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയരുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വനിതാ കമ്മീഷന്റെ ഇടപെടൽ.