മാപ്പ് വേണ്ട, മാന്യത മതി; മംഗളം ഓഫീസിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച്

വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ നെറ്റ്‌വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

മാപ്പ് വേണ്ട, മാന്യത മതി; മംഗളം ഓഫീസിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച്

തിരുവനന്തപുരത്തെ മംഗളം ചാനല്‍ ഓഫീസിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മാപ്പല്ല മാന്യതയാണ് വേണ്ടതെന്നും മംഗളത്തിന് മാപ്പില്ലെന്നുമുള്ള മുദ്രാവാക്യം വിളികളുമായാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

കുറ്റക്കാരെ സ്ഥാനങ്ങളില്‍ നിന്നു നീക്കണമെന്നും ആവശ്യമുയര്‍ന്നു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ നെറ്റ്‌വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. എ കെ ശശീന്ദ്രനെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് കുടുക്കുകയായിരുന്നുവെന്ന് ഇന്നലെ ചാനല്‍ സിഇഒ ആര്‍ അജിത്ത്കുമാര്‍ വ്യക്തമാക്കിയിരുന്നു.

ശശീന്ദ്രനുമായി സംഭാഷണം നടത്തിയത് വീട്ടമ്മയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തക സ്വന്തം ഇഷ്ടപ്രകാരം ട്രാപ്പ് ചെയ്തതാണെന്ന അജിത്കുമാറിന്റെ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെയൊന്നാകെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന മംഗളത്തിന്റെ ഈ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാർ അകത്തേക്ക് പ്രവേശിക്കാതിരിക്കാൻ ഗേറ്റ് അടച്ചുപൂട്ടി പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.