വനിതാപൊലീസുകാരി ഷിജിക്കറിയില്ല; സഹോദരങ്ങളും ഭര്‍ത്താവും എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്?

പൊലീസ് സ്റ്റേഷനുകളില്‍ പാവം ഷിജിമാരുണ്ട്; നീതിക്കായി ജോലിചെയ്യുന്ന സ്‌റ്റേഷനില്‍ കയറിയിറങ്ങുന്ന വനിതാ പൊലീസുകാരി- കൊച്ചി തേവര പൊലീസ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഷിജി സ്വന്തം ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയില്ല. പക്ഷെ അനുഭവിച്ചതെല്ലാം നാരദയോട് വിവരിച്ചു

വനിതാപൊലീസുകാരി ഷിജിക്കറിയില്ല; സഹോദരങ്ങളും ഭര്‍ത്താവും എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്?

തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയാണ് തേവര പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഷിജി ആര്‍. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നീട് അമ്മയായിരുന്നു ഷിജിയുടെ എല്ലാം. അഞ്ച് മക്കളില്‍ ഇളയമകളായ ഷിജി ഇതുവരെ സഹോദരങ്ങളുടെ സ്നേഹം എന്താണെന്ന് അറിഞ്ഞിട്ടില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കും പഴിചാരലും. അവളുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി എന്നും ഉണ്ടായിരുന്നത് ജീവനുതുല്യം സ്നേഹിച്ച അമ്മ മാത്രമായിരുന്നു.

പഠിക്കാന്‍ മിടുക്കിയായിരുന്ന ഷിജി പത്താം ക്ലാസ്സില്‍ ഉന്നത വിജയമാണ് കരസ്ഥമാക്കിയത്. തുടര്‍ന്ന് പഠിക്കണമെന്നുണ്ടായിരുന്നെങ്കിലും മൂത്ത സഹോദന്‍ എതിര്‍പ്പുമായി വന്നു. ഇനി പഠിക്കാന്‍ വിടരുത്, ഇവളെ കല്ല്യാണം കഴിപ്പിക്കണം എന്ന് സഹോദരങ്ങള്‍. പക്ഷേ, ഷിജി പഠനം തുടര്‍ന്നു. സോഫ്‌റ്റ്വേര്‍ എഞ്ചിനീയറിങ് പഠനം തുടങ്ങിയെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഡിഗ്രിയ്ക്ക് ചേര്‍ന്നു പഠിക്കുന്ന സമയത്തായിരുന്നു ഷിജിയുടെ ജീവിതത്തിലെ ദുരിതാദ്യയം തുടങ്ങുന്നത്.

2002 ലാണ് ഷിജി സതികുമാര്‍ എന്നയാളെ വിവാഹം കഴിച്ചത്. അതും സഹോദരങ്ങളുടെ നിര്‍ബന്ധം മൂലം. എട്ട് വര്‍ഷമായി ഗള്‍ഫില്‍ ചെയ്യുന്നു എന്ന വ്യാജേനയാണ് അയാള്‍ ഷിജിയെ വിവാഹം ചെയ്തത്. പിന്നീട് ഷിജിയുടെ ജീവിതത്തിന്റെ അടിത്തറ ഇളകുകയായിരുന്നു. രണ്ടരമാസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഗര്‍ഭിണിയായിരുന്ന ഷിജിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങി. ഉണ്ടായിരുന്ന സ്വര്‍ണ്ണമെല്ലാം സതികുമാര്‍ വിറ്റുതുലച്ചു. ഏത് നേരവും ഷിജിയെ മര്‍ദ്ദിക്കുക, കുറ്റങ്ങള്‍ പഴി ചാരുക എന്നതായിരുന്നു അയാളുടെ പ്രധാന തൊഴില്‍. എല്ലാം കൊണ്ടും തിരുവനന്തപുരത്തെ ആ ഒറ്റമുറിയുടെ ചുവരുകള്‍ക്കുള്ളില്‍ ഷിജി വീര്‍പ്പുമുട്ടുകയായിരുന്നു.

ആ നീതികേടുകളില്‍ പെട്ടുഴലുന്ന സമയത്താണ് 2007ല്‍ ഷിജിയ്ക്ക് തേവര പൊലീസ് സ്റ്റേഷനില്‍ വനിത പൊലീസ് ഉദ്യോഗസ്ഥയായി ജോലി കിട്ടിയത്. നാല് വയസ്സുള്ള മകനുമായി എറണാകുളത്തേക്ക് വരുമ്പോള്‍ ഷിജിയ്ക്ക് ഒട്ടേറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. പക്ഷെ, അവിടെയും ഭര്‍ത്താവ് സ്വസ്ഥത കൊടുത്തിരുന്നില്ല. ഷിജിയുടെ വരുമാനം അല്ലാതെ വേറെ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. വീണ്ടും പണത്തിന്റെയും സ്വത്തുക്കളുടെയും കാര്യങ്ങള്‍ പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നു സതികുമാര്‍.

അമ്മ മരിച്ചതിന് ശേഷം 2016 ഒക്ടോബറില്‍ ഷിജിക്കെതിരെ പണത്തിന്റെയും സ്വത്തുകളുടെയും പേരില്‍ ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന് പൊലീസില്‍ പരാതികള്‍ നല്‍കാന്‍ തുടങ്ങി. ബാലരാമപുരം സ്റ്റേഷനില്‍ കൊടുത്ത പരാതികള്‍ക്കു മൊഴി കൊടുക്കാന്‍ ഷിജി അവധിയെടുത്ത് കുഞ്ഞിനെയും കൊണ്ട് ദീര്‍ഘദൂരം യാത്ര ചെയ്തായിരുന്നു പോയിരുന്നത്.

എത്രത്തോളം മാനസികമായി പീഡിപ്പിക്കാമോ അതിലും കൂടുതലായിരുന്നു ഷിജി നേരിട്ടത്. യാത്രയ്ക്കിടയില്‍ ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ വരെ ഷിജിയ്ക്ക് തോന്നിയിട്ടുണ്ട് അത്രയ്ക്കായിരുന്നു ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പരാതികളും കുറ്റപ്പെടുത്തലുകളും. മകന്‍ വിഷ്ണുദേവിന്റെ കാര്യം ഓര്‍ത്ത് മാത്രമാണ് ജീവനൊടുക്കാതിരുന്നത്.

ഷിജി അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെ ഓപ്പേഷന്‍ ചെയ്യില്ല എന്ന നിബന്ധന ഉണ്ടായിരുന്നു ആശുപത്രിയില്‍. എന്നാല്‍ സതികുമാര്‍ ആശുപത്രിയില്‍ എത്തുകയോ ഓപ്പറേഷനുള്ള പണം കെട്ടിവെയ്ക്കുകയോ ചെയ്തില്ല. ഡിപ്പാര്‍ട്ട്മെന്റിലെ സുമനസ്സുള്ള ഉദ്യോഗസ്ഥര്‍ സഹായിച്ചതു മൂലമാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഷിജി ഓര്‍ക്കുന്നു.

അന്ന് സഹായിച്ച ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുത്തി സതികുമാര്‍ ഷിജിക്കെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങി. നാട്ടില്‍ പറഞ്ഞു നടക്കുന്നത് ഷിജി. സതികുമാറിനെ ഉപേക്ഷിച്ച് എറണാകുളത്ത് വേറൊരു പൊലീസുകാരനെ വിവാഹം ചെയ്ത് ജീവിക്കുന്നു എന്നൊക്കെയായിരുന്നു. ക്വോട്ടേഴ്സില്‍ കയറ്റുന്നില്ല എന്നൊക്കെ പറഞ്ഞ് സതികുമാര്‍ ഷിജി ഡ്യൂട്ടി ചെയ്യുന്ന സ്റ്റേഷനിലും പരാതി കൊടുത്തു. അവിഹിത ബന്ധമുണ്ടെന്നുള്ള പേരില്‍ അന്വേഷണം വരെ നേരിട്ടു.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിവരുന്ന നേരത്ത് വഴിയരികില്‍ നിന്നുകൊണ്ട് ഭര്‍ത്താവിന്റെ കൂട്ടുകാര്‍ വരെ ഷിജിയെ അശ്ലീല ചുവയുള്ള വാക്കുകള്‍ പറഞ്ഞ് ഉപദ്രവിച്ചു. രാത്രി 10 മണിക്ക് ശേഷം ഷിജിയുടെ മൊബൈലിലേക്ക് അശ്ലീല വീഡിയോകളും, സന്ദേശങ്ങളും അയയ്ക്കാന്‍ തുടങ്ങി. പിന്നീട് ഇത് നിരന്തരമായതോടെ ഷിജി പൊലീസില്‍ പരാതി നല്‍കി. അയച്ച നമ്പറും, മെസേജുകളും എല്ലാം പ്രിന്റ് ഔട്ട് എടുത്ത് തെളിവുകളായി പരാതിയുടെ കൂടെ കൊടുത്തിരുന്നു.

എന്നാല്‍ പരാതി കൊടുത്ത് മാസങ്ങള്‍ പിന്നിട്ടപ്പോഴും അന്വേഷണം എങ്ങും എത്തിയില്ല. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ, മെസ്സേജുകള്‍ അയച്ചതിന് തെളിവില്ല. തെളിവിനായി ഫോണ്‍, സിം, മെമ്മറി കാര്‍ഡ് തുടങ്ങിയവ പോലീസുകാര്‍ക്ക് നല്‍കണം. അത് സൈബര്‍ സെല്ലിലെ പ്രത്യേക ഡിപ്പാര്‍ട്ട്മെന്റിലെ പരിശോധനയ്ക്ക് അയക്കണം. ജോലി ചെയ്യുന്ന അതേ സ്റ്റേഷനില്‍ പരാതി കൊടുത്തിട്ട് ഷിജി കേട്ടത് ഈ വാക്കുകള്‍.

ഷിജി പൊലീസ് സേനയ്ക്കും കോര്‍ട്ടേഴ്സില്‍ താമസിക്കുന്ന മറ്റുള്ളവര്‍ക്കും അപമാനമാണെന്നു പറഞ്ഞു സഹപ്രവര്‍ത്തകര്‍. മകന്റെ മുന്നില്‍ വെച്ച് അപമാനിക്കുന്നത് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. പ്രതികരിക്കുവാന്‍ ഷിജിക്ക് പേടിയാണ്. ആരും സഹായത്തിന് ഇല്ല എന്നത് തന്നെ കാരണം. ആകെയുള്ളത് 13 വയസ്സുള്ള വിഷ്ണുദേവാണ്.

വിഷ്ണുദേവിനെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. അവനെയും കൂട്ടി എവിടെ പോകും. പരാതി പറഞ്ഞാല്‍ ചിലപ്പോള്‍ ട്രാന്‍സ്ഫര്‍ കിട്ടും. സഹപ്രവര്‍ത്തകരുടെ പരിഹാസങ്ങള്‍ കൂടി ആകുമ്പോള്‍ ഷിജി അനുഭവിക്കുന്ന മാനസികവേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. സാമ്പത്തിക ബാധ്യതയും കോര്‍ട്ടേഴ്സിലെ സഹപ്രവര്‍ത്തകരുടെ അപമാനിക്കലും കൂടി ആയപ്പോള്‍ ആരും സഹായത്തിന് ഇല്ലാതെ ഷിജിയും 13 വയസ്സുകാരന്‍ വിഷ്ണുദേവും ജോലി ചെയ്യുന്ന അതേ സ്റ്റേഷനില്‍ നീതിക്കായി കയറിയിറങ്ങുകയാണ്.

ഇതിനെപ്പറ്റി തേവര എസ് ഐ സുനുമോനോട് അന്വേഷിച്ചപ്പോള്‍ ഷിജിയുടെ പരാതിയില്‍ നല്ല രീതിയില്‍ അന്വേഷണം നടത്തുമെന്നും, ഒരു പൊലീസ് ഉദ്യോഗസ്ഥ എന്നതിനു പുറമേ സ്ത്രീ എന്ന നിലയില്‍ എല്ലാ പരിഗണന കൊടുത്ത് കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്നായിരുന്നു നാരദയ്ക്ക് കിട്ടിയ മറുപടി!