എന്റെ ജോലിയിൽ ഞാൻ മാസ്റ്ററാണ്; വളഞ്ഞിട്ട് ആക്രമിച്ച നാലു പുരുഷന്മാരെക്കുറിച്ചും ബോധ്യമുണ്ട്

സഹപ്രവര്‍ത്തകരുടെ തൊഴില്‍ പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച വനിതാ മാധ്യമ പ്രവര്‍ത്തക തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ ബെഡ്ഡിലിരുന്ന് അവള്‍ തനിക്ക് നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ച് തുടങ്ങി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഒരു സ്ഥാപനത്തില്‍ അവളനുഭവിച്ച അസമത്വത്തെക്കുറിച്ചാണ് പ്രധാനമായും പറഞ്ഞത്. കൂടുതല്‍ സംസാരിക്കരുതെന്ന നഴ്‌സുമാരുടെ വിലക്കിനെ അവള്‍ പലപ്പോഴും അവഗണിക്കുന്നുണ്ടായിരുന്നു. ചിലയിടങ്ങളില്‍ അവളുടെ ശബ്ദം ഇടറി, കണ്ണു നിറയുന്നുണ്ടായിരുന്നു. എന്നാല്‍ ചില വാക്കുകള്‍ക്ക് അസാമാന്യ കരുത്തുമുണ്ടായിരുന്നു. ന്യൂസ് 18 ല്‍ സഹപ്രവര്‍ത്തകരുടെ തൊഴില്‍ പീഡനത്തിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച വനിത മാധ്യമപ്രവര്‍ത്തക നാരദ ന്യൂസിനോട് സംസാരിക്കുന്നു.

എന്റെ ജോലിയിൽ ഞാൻ മാസ്റ്ററാണ്; വളഞ്ഞിട്ട് ആക്രമിച്ച നാലു പുരുഷന്മാരെക്കുറിച്ചും ബോധ്യമുണ്ട്

അവര്‍ നാലുപേരും ചേര്‍ന്ന് എനിക്കെതിരെ ആക്രമണം നടത്താന്‍ തുടങ്ങിയിട്ട് ഏഴുമാസമായി. രാജീവ് ദേവരാജ്, എസ്. ലല്ലു, ബി. ദിലീപ്കുമാര്‍, സിഎന്‍ പ്രകാശ് എന്നിവരാണവര്‍. ന്യൂസ് 18 ല്‍ ലോബിയുണ്ടാക്കാന്‍ ശ്രമം നടത്തിയത് അവര്‍ നാല്‌പേരും ചേര്‍ന്നാണ്. അവരുടെ സൗഹൃദ വലയത്തില്‍ പെടാത്ത ആളുകളെ വളഞ്ഞിട്ട് ആക്രമിച്ച് പറഞ്ഞു വിടുന്നതാണ് അവരുടെ രീതി. ഞാനങ്ങനെ തൊട്ടാവാടി പെണ്ണൊന്നുമല്ല. പഠിച്ചു കൊണ്ടിരുന്ന സമയത്ത് എന്റെ അച്ഛന്‍ അസുഖം വന്നു മരിച്ചപ്പോഴും വീട് നഷ്ടപ്പെട്ടപ്പോഴും പിടിച്ചു നിന്ന് പൊരുതിയവളാണ്. ആ ആത്മബലം കൊണ്ടാണ് ഞാനെന്റെ ജേര്‍ണലിസ്റ്റ് കരിയര്‍ രൂപപ്പെടുത്തിയത്. ആറു വര്‍ഷത്തെ എന്റെ അധ്വാനമായ കരിയര്‍ ചില ആളുകള്‍ മനപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്കിതല്ലാതെ മാര്‍ഗമില്ലെന്നായി. കാരണം ഞാനെന്റെ കുടുംബത്തെക്കാള്‍ സ്‌നേഹിച്ചത് ഈ ജോലിയെയാണ്. എന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം ഞാന്‍ ചെലവഴിച്ചത് ഈ സ്ഥാപനത്തിലാണ്.

എന്റെ ജോലിയില്‍ ഞാന്‍ മാസ്റ്ററാണ്. ഞാനൊരു വാര്‍ത്ത പ്രൊഡ്യൂസറാണ്. ഒരു ഷോ നടത്തിക്കൊണ്ട് പോകുന്നയാളാണ്. പിഴവുകള്‍ തിരുത്തി ഓരോ ദിവസവും കൂടുതല്‍ പെര്‍ഫക്ട് ആകാന്‍ ശ്രമിക്കുന്ന ആളാണ്. എന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയേഴ്‌സിന് എന്നെക്കുറിച്ച് യാതൊരു പരാതിയുമില്ല. ലല്ലുവിന്റെയും ടീമിന്റെയും ഗ്യാങ്ങില്‍ പെടാതിരുന്ന നാള്‍ മുതല്‍ ലല്ലു എന്നെക്കുറിച്ച് കുറ്റം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. രാജീവ് ദേവരാജ് എന്റെ പെര്‍ഫോമന്‍സ് അപ്രൈസല്‍ മാര്‍ക്ക് പലവട്ടം കുറച്ചു. ഞാന്‍ കാബിനില്‍ ചെന്നു കംപ്ലൈന്റ് ചെയ്തപ്പോള്‍ രണ്ടുമാര്‍ക്ക് നല്ലതല്ലേ എന്നു പറഞ്ഞു ചിരിക്കുകയാണ് അയാള്‍ ചെയ്തത്. അന്നു അക്കാര്യം ഹെഡ്ഓഫീസിലേക്ക് ഒരു മെയില്‍ അയച്ചിടേണ്ടതായിരുന്നു.

ഞാന്‍ ഒന്നര വര്‍ഷമായിട്ട് ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇന്നുവരെ എന്റെ പ്രകടനം മോശമാണെന്ന് പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞിട്ടില്ല. എന്നെ ടെര്‍മിനേറ്റ് ചെയ്യുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ രാജീവിനോട് ചോദിച്ചു എന്താണ് കാര്യമെന്ന്. അപ്രൈസല്‍ മാര്‍ക്ക് കുറവായത് കൊണ്ടാണെന്ന് അയാള്‍ പറഞ്ഞു. നിങ്ങള്‍ നിങ്ങള്‍ക്ക് തോന്നുന്ന മാര്‍ക്കാണ് എനിക്ക് ഇടാറുള്ളതെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ എന്ന് ഞാന്‍ ചോദിച്ചു. വിയോജിപ്പ് ഉണ്ടെങ്കില്‍ പരാതിപ്പെടണമായിരുന്നു എന്ന് അയാള്‍ പറഞ്ഞു. പിരിച്ചു വിടുന്നതിന് മുന്‍പ് നന്നാകാനുള്ള അവസരമെങ്കിലും തരേണ്ടതല്ലെ എന്ന് ഞാന്‍ ചോദിച്ചു. മറുപടിയില്ല. എന്റെ എഫ്ബി പോസ്റ്റാണ് പുറത്താക്കുന്നതിന് കാരണമെന്ന് പറഞ്ഞു. ഞാന്‍ ഒരു മാസമായേയുള്ളൂ എഫ്ബിയില്‍ പോസ്റ്റിടാന്‍ തുടങ്ങിയിട്ട്. അതും പേഴ്‌സണല്‍ ആയ കാര്യങ്ങള്‍ മാത്രമാണ് പോസ്റ്റ് ചെയ്യാറുള്ളത്. അവര്‍ ഗൂഡാലോചന നടത്തി എന്നെ പെടുത്തിയതാണെന്ന് മനസ്സിലായി. ഒരു ഷോകോസ് നോട്ടീസ് പോലും തരാതെ എന്റെ ജോലി നിര്‍ത്തിക്കാനാണ് അവര്‍ കളിച്ചത്. ഒരു സുപ്രഭാതത്തില്‍ എന്നോട് നിര്‍ത്തിപ്പൊയ്‌ക്കോളാന്‍ പറഞ്ഞു. പെര്‍ഫോമന്‍സ് മോശമാണെങ്കില്‍ അതു നന്നാക്കാനുള്ള ഒരു നോട്ടീസെങ്കിലും തരണ്ടേ? അതുമില്ല. ഞാന്‍ നന്നായി അധ്വാനിക്കുന്ന എന്റെ ജോലി ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചത്.

പ്രൊഡക്ഷന്‍ വിഭാഗത്തിലെ ആരും അറിയാതെ ഇവരെല്ലാം ഗൂഢാലോചന നടത്തി ഞാന്‍ കേപ്പബിളല്ല എന്നൊരു റിപ്പോര്‍ട്ട് ഹെഡ് ഓഫീസിലേക്ക് അയച്ചു. എന്റെ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പോലും അറിയാതെയായിരുന്നു ഈ നീക്കം. ടെര്‍മിനേഷന്‍ അടുത്തുവന്ന ദിവസങ്ങളിലാണ് ഞാനിതൊക്കെ അറിയുന്നത്. ഞാന്‍ ഏറ്റവും ആത്മാര്‍ത്ഥമായി ചെയ്യുന്ന ജോലിയും കരിയറും കൈവിട്ടു പോകുന്നത് സഹിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ലോബി കളിക്കുന്നതോ കളിയാക്കുന്നതോ ഒന്നും മൈന്‍ഡ് ചെയ്യാത്ത ആളായിരുന്നു ഞാന്‍. എന്നാല്‍ ഇതു സഹിക്കാവുന്നതിനും അപ്പുറമാണ്. ഓഫീസില്‍ നിന്നു വീട്ടിലെത്തുന്നത് വരെ എന്റെ മനസില്‍ മറ്റൊന്നും വന്നില്ല. ഭര്‍ത്താവിനെയും അമ്മയെയും ഒരു നിമിഷത്തേക്ക് മറന്നു. ന്യൂസ് 18 ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കാലം തൊട്ട് കൂടെ നിന്നവരെയാണ് അവര്‍ ഒഴിവാക്കിയത്. അതില്‍ ഞാനും പെടും. 20,000 ,രൂപയാണ് ഞാന്‍ സാലറി വാങ്ങിക്കൊണ്ടിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി അവിടെ നടക്കുന്ന നിയമനങ്ങളൊന്നും ശരിയായ രീതിക്കല്ല. ലോബിയിംഗിന് പറ്റിയ ആളുകളെ അവര്‍ വിളിക്കുന്നു നല്ല ശമ്പളം കൊടുക്കുന്നു. പുതിയ ആളുകള്‍ വരുമ്പോള്‍ കുറെ പാവങ്ങള്‍ പുറത്തു പോവും. ലല്ലുവിന്റെ കസിനെ അവിടെ ജോലിക്കെടുത്തിട്ടുണ്ട്.

ടി.എന്‍. പ്രകാശും ലല്ലുവും രാജീവ് ദേവരാജും ബി. ദിലീപ്കുമാറും ആണ് ഇത് സംഭവിച്ചതിന് ഉത്തരവാദികള്‍. ഇ. സനീഷ് എന്നെ സംബന്ധിച്ച് ഒരു വാര്‍ത്താവതാരകന്‍ മാത്രമാണ്. അയാള്‍ എന്നെ ഒരു തരത്തിലും വിഷമിപ്പിച്ചിട്ടില്ല. ലല്ലു എന്നെക്കുറിച്ച് ധാരാളം കഥകളുണ്ടാക്കിയിട്ടുണ്ട്. ദിലീപ്കുമാര്‍ മോശം മനുഷ്യനാണ്. സിഎന്‍ പ്രകാശും.

ഒരു പ്രൊഡ്യൂസറെന്ന നിലയില്‍ പല വാര്‍ത്താ അവതാരകര്‍ക്കെതിരെയും കംപ്ലൈന്റ് ചെയ്യേണ്ടി വരാറുണ്ട്. ആരോഗ്യകരമായ രീതിയിലാണ് അത്തരം പരാതികള്‍ പറയാറുള്ളത്. അവതാരകര്‍ പിഴവ് വരുത്തിയാല്‍ എല്ലാ പ്രൊഡ്യൂസര്‍മാരും ഇങ്ങനെ ചെയ്യാറുള്ളതാണ്. പ്രകാശിനൊക്കെ ശത്രുത തോന്നാന്‍ അതാവും കാരണം. പുതിയ ബാച്ച് ആളുകള്‍ വന്നപ്പോഴും ഞാന്‍ എന്റെ ലൈനിലാണ് നീങ്ങിയത്. ലല്ലു ച്ചേട്ടാ, ഗോപി ചേട്ടാ എന്നൊന്നും വിളിച്ച് അവരുടെ പുറകെ പോയിട്ടില്ല. പോകുകയുമില്ല. അവരെന്നെ കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതും എന്നെ ബാധിക്കുന്ന വിഷയമല്ല. ഞാന്‍ കറുത്തതായത് കൊണ്ടാണോ അവര്‍ക്കെന്നോട് ദേഷ്യമെന്നും എനിക്കറിയില്ല.

എനിക്ക് ജോലി അറിയില്ലെന്നും കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ചിട്ടവട്ടങ്ങള്‍ അറിയാത്തവളെന്നും പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്ന ചേട്ടന്‍മാരെല്ലാം പ്രിവിലേജ്ഡ് ആണ്. അവര്‍ക്കെന്നെ മനസിലാകണമെന്നില്ല. എന്റെ അവസ്ഥയെ വഴിതിരിച്ച് വിട്ട് കൂട്ടുകാരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ചില ആളുകളുണ്ട്. ഫുഡ് പോയിസണാക്കിയും പാരസെറ്റമോള്‍ കഴിച്ചുള്ള ഭീഷണിയാണെന്നും അവര്‍ പറഞ്ഞത് ഞാന്‍ കേട്ടു. എന്നെ സംബന്ധിച്ച് കരിയറാണിത്. അങ്ങനെ മോശം മാര്‍ക്ക് വാങ്ങി ഒരു സ്ഥാപനത്തിന്റെ പടിയിറങ്ങേണ്ടവളല്ല ഞാന്‍ എന്ന ഉറച്ച ബോധ്യം ഉണ്ട്. എന്നെപ്പോലുള്ള ഒരു സ്ത്രീയെ വളഞ്ഞിട്ട് ആക്രമിച്ച നാലു പുരുഷന്‍മാരെക്കുറിച്ചും എനിക്ക് നല്ല ബോധ്യമുണ്ട്.

Read More >>