ഫേസ്ബുക്ക് പ്രണയം: ബെംഗളുരുവിലെത്തി മലയാളി യുവതിയെ ഗർഭിണിയാക്കി; വളാഞ്ചേരി സ്വദേശി അറസ്റ്റിൽ

വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫെയ്സ്ബുക്കിലൂടെയാണ് ബെംഗളൂരുവിലുള്ള കായംകുളം സ്വദേശിയായ യുവതിയുമായി ബന്ധം സ്‌ഥാപിച്ചത്.

ഫേസ്ബുക്ക് പ്രണയം: ബെംഗളുരുവിലെത്തി മലയാളി യുവതിയെ ഗർഭിണിയാക്കി; വളാഞ്ചേരി സ്വദേശി അറസ്റ്റിൽ

ബെംഗളൂരുവില്‍ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തതായി പരാതി. യുവതിയെ ഗര്‍ഭിണിയാക്കിയ വളാഞ്ചേരി സ്വദേശി അജ്മല്‍ ബാബു നാട്ടിലേക്കു മുങ്ങുകയായിരുന്നു. യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫെയ്സ്ബുക്കിലൂടെയാണ് ബെംഗളൂരുവിലുള്ള കായംകുളം സ്വദേശിയായ യുവതിയുമായി ബന്ധം സ്‌ഥാപിച്ചത്. ശേഷം വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സംഗത്തിനിരയാക്കി. ഗര്‍ഭിണിയായപ്പോള്‍ പ്രതി മുങ്ങി. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്. തുടര്‍ന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തിയശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ബെംഗളൂരുവില്‍ ഡോക്ടറാണെന്ന് അവകാശപ്പെടുന്ന യുവതി കഴിഞ്ഞദിവസമാണ് വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെത്തി യുവാവിനെതിരെ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെ അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു. പീഡനത്തിനും പണം തട്ടിയെടുത്തതിനുമെതിരെ കര്‍ണാടക പൊലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്. ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ യുവതി നേരത്തെ ബെംഗളൂരു മഡിവാള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി ഒത്തുതീര്‍പ്പാക്കാനായാണ് അജ്മല്‍ ബാബു യുവതിയെ വളാഞ്ചേരിയിലേക്ക് വിളിച്ചുവരുത്തിയത്.