കൃഷ്ണദാസിനെ ജിഷ്ണുവിന്റെ കൂട്ടുകാര്‍ മുട്ടുകുത്തിച്ചു; പിടിച്ചുവച്ച സര്‍ട്ടിഫിക്കറ്റുകള്‍ പോരാടി തിരിച്ചുവാങ്ങി

തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റിന്റെ പീഡനം കാരണം ഒന്നാം സെമസ്റ്ററില്‍ കോഴ്‌സ് അവസാനിപ്പിക്കാന്‍ തീരുമാനിച്ച നാലു വിദ്യാര്‍ത്ഥികളുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകളുള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാനേജ്‌മെന്റ് പിടിച്ചുവച്ചിരിക്കുകയായിരുന്നു. നിയമവിദ്യാര്‍ത്ഥികളുടെയും അഭിഭാഷകരുടെയും കൂട്ടായ്മയായ ലീഗല്‍ കളക്ടീവ് ഫോര്‍ സ്റ്റുഡന്റ്‌സ് റൈറ്റ്‌സ് എന്ന കൂട്ടായ്മ വഴി ഈ വിദ്യാര്‍ത്ഥികള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് മാനേജ്‌മെന്റിനെതിരെയായ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മറ്റിയുടെ ഉത്തരവ്. സര്‍ട്ടിഫിക്കറ്റുകളും മറ്റും തിരിച്ചു നല്‍കാനായിരുന്നു കമ്മറ്റിയുടെ നിര്‍ദ്ദേശം

കൃഷ്ണദാസിനെ ജിഷ്ണുവിന്റെ കൂട്ടുകാര്‍ മുട്ടുകുത്തിച്ചു; പിടിച്ചുവച്ച സര്‍ട്ടിഫിക്കറ്റുകള്‍ പോരാടി തിരിച്ചുവാങ്ങി

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിനു കാരണക്കാരായ പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യത്തിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ നിയമ പോരാട്ടം വിജയിച്ചു. അനാവശ്യ കാരണങ്ങള്‍ പറഞ്ഞു മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മറ്റിയെ സമീപിച്ചത്. സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കണമെന്നായിരുന്നു കമ്മറ്റിയുടെ ഉത്തരവ്.

കോളേജ് മാനേജ്‌മെന്റിന്റെ പീഡനവും അക്കാദമിക അനിശ്ചിതത്വവും കാരണം ഒന്നാം സെമസ്റ്ററില്‍ തന്നെ പഠനം നിര്‍ത്താന്‍ തീരുമാനിച്ച ആശിഷ്, അഖിലേഷ്, കാര്‍ത്തിക്, നിഥിന്‍ എന്നീ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റാണ് മാനേജ്‌മെന്റ് വിട്ടു നല്‍കാതിരുന്നത്. നിരവധി തവണ കോളേജില്‍ കയറിയിറങ്ങിയെങ്കിലും നിസാര കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകായിരുന്നുവെന്ന് ആശിഷ് നാരദാ ന്യൂസിനോടു പറഞ്ഞു. നാലു വര്‍ഷത്തെ മുഴുവന്‍ ഫീസും അടച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കൂ എന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. ഇതേത്തുടര്‍ന്ന് ആശിഷും മറ്റു വിദ്യാര്‍ത്ഥികളും മാര്‍ച്ച് 21നു ലീഗല്‍ കളക്ടീവ് ഫോര്‍ സ്റ്റുഡന്റ്‌സ് റൈറ്റ്‌സിനെ സമീപിക്കുകയായിരുന്നു.

ലീഗല്‍ കളക്ടീവ് ഫോര്‍ സ്റ്റുഡന്റ്‌സ് റൈറ്റ്‌സിന്റെ നിര്‍ദ്ദേശപ്രകാരം കോളേജില്‍ രേഖാമൂലം അപേക്ഷ കൊടുത്തെങ്കിലും ഫീസടയ്ക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചു നിന്നു. യു.ജി.സി ഗ്രീവന്‍സ് റിഡ്രസല്‍ റെഗുലേഷന്‍സ്, 2016 ഡിസംബറിലെ ഫീ റീഫണ്ട് നോട്ടിഫിക്കേഷന്‍ എന്നിവ പ്രകാരം അതു കുറ്റകരമാകയാല്‍ സര്‍വകലാശാലയിലെ ഗ്രീവന്‍സ് റിഡ്രസല്‍ ഓംബുഡ്‌സ്മാന് നടപടിയെടുക്കാന്‍ സാധിക്കുമെങ്കിലും അത്തരമൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലായിരുന്നുവെന്ന് നിയമവിദ്യാര്‍ത്ഥി അര്‍ജുന്‍ പറഞ്ഞു.

2012ലെ റെഗുലേഷന്‍ വന്ന് അഞ്ചുകൊല്ലം തികഞ്ഞെങ്കിലും, കടുത്ത പീഡനത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞപ്പോള്‍ സര്‍ക്കാര്‍ പ്രത്യേക പ്രഖ്യാപനം നടത്തിയിട്ടും അങ്ങനെ ഒരു സ്ഥാപനം അവിടെ പ്രവര്‍ത്തിക്കുന്നില്ല, ഇതുവരെ. സര്‍വകലാശാലാ രജിസ്ട്രാറെ സമീപിച്ചപ്പോള്‍ അദ്ദേഹവും കൈമലര്‍ത്തുകയായിരുന്നു.-അര്‍ജുന്‍

പിന്നീട് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മറ്റിയെ സമീപിക്കുകയായിരുന്നു. കോളേജിലെ ഇടിമുറിയെക്കുറിച്ചും അനധികൃത പണപ്പിരിവിനെ കുറിച്ചും കള്‍ച്ചറല്‍ ഫെസ്റ്റിന്റെ പേരില്‍ നടക്കുന്ന നിര്‍ബന്ധിത പണപ്പിരിവിനെക്കുറിച്ചും സൂചിപ്പിച്ച് വിശദമായ പരാതിയാണു കൊടുത്തത്. അന്യായമായി തടഞ്ഞുവച്ച സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കാനും നിര്‍ബന്ധിത പണപ്പിരിവ് അവസാനിപ്പിക്കാനും ഉത്തരവിടാന്‍ പരാതിയില്‍ കമ്മിറ്റിയോട് അപേക്ഷിക്കുകയായിരുന്നു.

പതിനഞ്ചാം തിയതിക്കുള്ളില്‍ പരാതിയിന്മേല്‍ കോളേജിനുള്ള തടസ്സവാദം രേഖാമൂലം അറിയിക്കാന്‍ കമ്മറ്റി ഉത്തരവിട്ടു. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കള്‍ച്ചറല്‍ ഫെസ്റ്റ് നടത്തുന്നതെന്നും മാനേജ്‌മെന്റിന് ഇതില്‍ പങ്കില്ലെന്നുമായിരുന്നു ലഭിച്ച മറുപടി. എന്നാല്‍ ജിഷ്ണുവിന്റെ മരണത്തിനു മുമ്പു വരെ കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഉണ്ടായിരുന്നില്ലെന്നും മാനേജ്‌മെന്റ് പിരിച്ച പണത്തിന്റെ കണക്ക് വിദ്യാര്‍ത്ഥികളെ ബോധിപ്പിച്ചില്ലെന്നും ലീഗല്‍ കളക്ടീവ് ഫോര്‍ സ്റ്റുഡന്റ്‌സ് റൈറ്റ്‌സ് കമ്മറ്റിയെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനു മുമ്പു പിരിഞ്ഞു പോകുന്ന വിദ്യാര്‍ത്ഥിയില്‍ നിന്നും മേടിച്ച ട്യൂഷന്‍ ഫീസും സര്‍ട്ടിഫിക്കറ്റുകളും തിരിച്ചു നല്‍കണമെന്ന നിര്‍ദ്ദേശവും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചു. തുടർന്നാണ് വിദ്യാര്‍ത്ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റ് തിരിച്ചു നല്‍കാന്‍ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മറ്റി മാനേജ്‌മെന്റിനോട് ഉത്തരവിട്ടത്.

ജിഷ്ണു പ്രണോയിയുടെ മരണത്തിനു ശേഷം മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചു കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്നും പിരിഞ്ഞു പോകാനുള്ള ഒരുക്കത്തിലാണെന്നാണു സൂചന. നിയമ സഹായം തേടി ഏതാനും വിദ്യാര്‍ത്ഥികള്‍ കൂടി ലീഗല്‍ കളക്ടീവ് ഫോര്‍ സ്റ്റുഡന്റ്‌സ് റൈറ്റ്‌സിനെ സമീപിച്ചിട്ടുണ്ട്. സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ക്കെതിരെയുള്ള നിയമപോരാട്ടത്തിനു വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണു കൂട്ടായ്മയുടെ ഉദ്ദേശം. മുപ്പതോളം നിയമവിദ്യാര്‍ത്ഥികള്‍ക്കു പുറമെ നാല് അഭിഭാഷകരും നിയമവിദഗ്ധരും കൂട്ടായ്മയുടെ ഭാഗമാണ്.