കൊക്കക്കോളയും പെപ്‌സിയും ബഹിഷ്‌കരിക്കാനുറച്ച് വ്യാപാരി വ്യവസായി സമിതി; ഘട്ടം ഘട്ടമായി ഉല്‍പ്പന്നങ്ങള്‍ തിരിച്ചേല്‍പ്പിക്കും

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പണംവാങ്ങി അട്ടിമറി നടത്തുകയായിരുന്നുവെന്ന് ബിന്നി ഇമ്മട്ടി. വ്യാപാരികള്‍ക്ക് നഷ്ടമില്ലാത്തവിധം പെപ്‌സി-കൊക്കക്കോള ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാനാണ് പദ്ധതി. ഇതോടൊപ്പം ചെറുകിട ശീതളപാനീയ യൂണിറ്റുകള്‍ ആരംഭിക്കണമെന്നും ആവശ്യം.

കൊക്കക്കോളയും പെപ്‌സിയും ബഹിഷ്‌കരിക്കാനുറച്ച് വ്യാപാരി വ്യവസായി സമിതി; ഘട്ടം ഘട്ടമായി ഉല്‍പ്പന്നങ്ങള്‍ തിരിച്ചേല്‍പ്പിക്കും

പെപ്‌സി, കൊക്കക്കോള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറിയെങ്കിലും തീരുമാനം നടപ്പാക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് വ്യാപാരി വ്യവസായി സമിതി. ജലചൂഷണം നടത്തുന്ന ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ബിന്നി ഇമ്മട്ടി നാരദാന്യൂസിനോട് പറഞ്ഞു. ഏകോപനസമിതി ഭാരവാഹികള്‍ ബഹുരാഷ്ട്ര കമ്പനികളുമായി വിലപേശല്‍ നാടകം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

കര്‍ണാടകയിലും തമിഴ്‌നാട്ടിലും നിരോധനം നടപ്പാക്കിയതിനു പിന്നാലെ കേരളത്തിലും നിരോധനം പ്രഖ്യാപിച്ചത് കമ്പനികളെ സമ്മര്‍ദത്തിലാക്കി പണം വാങ്ങാനായിരുന്നു. ഇത് കിട്ടിയതുകൊണ്ടാണ് ബഹിഷ്‌കരണ നീക്കത്തില്‍ നിന്ന് പിന്നോട്ടുപോയതെന്നും ബിന്നി ഇമ്മട്ടി ആരോപിക്കുന്നു.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ ലക്ഷ്യംവെച്ച് ഹിന്ദുസ്ഥാന്‍ ലിവര്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഏകോപന സമിതി തീരുമാനിച്ചിരുന്നു. പണം വാങ്ങിയശേഷം ആ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ജലചൂഷണം നടത്തുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും തയ്യാറാകണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ വിചാരിച്ചാല്‍ ഇത്തരം കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാവുന്നതാണെന്നും ബിന്നി ഇമ്മട്ടി പറഞ്ഞു.

പെപ്‌സി - കൊക്കക്കോള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വ്യാപാരി വ്യവസായി സമിതി സന്നദ്ധരാണ്. ഘട്ടംഘട്ടമായി ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കും. പക്ഷെ ഇതിന് സമയം ആവശ്യമാണ്. ലക്ഷക്കണക്കിന് യൂണിറ്റുകളാണ് വ്യാപാരികളുടെയും വിതരണക്കാരുടെയും പക്കലുള്ളത്. ഇത് ഒറ്റയടിക്ക് തിരികെയേല്‍പ്പിക്കുന്നത് പ്രായോഗികമല്ല. ഘട്ടം ഘട്ടമായി ഉല്‍പ്പന്നങ്ങള്‍ തിരിച്ചേല്‍പ്പിച്ച് പണം തിരികെ വാങ്ങുന്നതിനൊപ്പം പുതിയ ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുക്കാതിരിക്കുകയും കൂടി ചെയ്താല്‍ ബഹിഷ്‌കരണം വിജയിക്കും.

കമ്പനികള്‍ ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് നിലപാടെടുത്താല്‍ അത് വ്യവസായികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ബിന്നി ഇമ്മട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തങ്ങള്‍ക്ക് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹുരാഷ്ട്ര കമ്പനികളുടെ വരവോടെ തുടച്ചുനീക്കപ്പെട്ട ചെറുകിട ശീതളപാനീയ യൂണിറ്റുകള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ കേരളത്തിലുണ്ടാകും. നീരയുടെ ഉല്‍പ്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാട് മാതൃക പിന്തുടര്‍ന്ന് ഇന്നലെ മുതല്‍ പെപ്‌സി കോള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരുന്നത്. പത്തുലക്ഷത്തോളം വ്യാപാരികള്‍ വില്‍പ്പന നിര്‍ത്തിവെക്കുമെന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിവെച്ച കച്ചവടക്കാര്‍ ഒരാഴ്ചക്കകം തിരികെ നല്‍കുമെന്നും സംഘടന അറിയിച്ചിരുന്നു. എന്നാല്‍ സംഘടനയിലെ ഒരുവിഭാഗം എതിര്‍ത്തതോടെ ഏകോപന സമിതി, തീരുമാനത്തില്‍നിന്ന് പിന്മാറുകയായിരുന്നു.