യോഗിയുടെ യുപിയിൽ മുസ്ലിം സ്ത്രീകൾ ബലാത്സം​ഗം ചെയ്യപ്പെടാനുള്ളവരോ ?

ഉത്തര്‍പ്രദേശില്‍ നോമ്പുകാരിയായ മുസ്ലിം യുവതി ബലാത്സംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യോഗി സര്‍ക്കാറിന്റെ വര്‍ഗീയ അജണ്ടകളെക്കുറിച്ച് പ്രമുഖര്‍ നാരദാ ന്യൂസിനോട് സംസാരിക്കുന്നു

യോഗിയുടെ യുപിയിൽ മുസ്ലിം സ്ത്രീകൾ ബലാത്സം​ഗം ചെയ്യപ്പെടാനുള്ളവരോ ?

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണം വർധിച്ചുവരികയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നോമ്പുകാരിയായ മുസ്ലിം സ്ത്രീ തീവണ്ടിയില്‍ വച്ച് ക്രൂരമായ ബലാത്സംഗത്തിനിരയായ സംഭവം. ബലാത്സംഗം ചെയ്ത പൊലീസുകാരന് സ്റ്റേഷനില്‍ വിഐപി പരിഗണന ലഭിക്കുമ്പോള്‍ ആ യുവതി ഇപ്പോഴും ആശുപത്രിയിലാണ്.

ദളിത്- ന്യൂനപക്ഷ- സ്ത്രീ വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഏറ്റവും അപകടകരമായ സംസ്ഥാനമായി യുപി മാറുകയാണ്. ശവക്കുഴിയില്‍ നിന്നു മാന്തിയെടുത്തായാലും മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നു പറഞ്ഞ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമ്പോള്‍ യുപിയില്‍ സംഭവിക്കുന്നതെന്താണ്? പ്രമുഖര്‍ നാരദാ ന്യൂസിനോട് പ്രതികരിക്കുന്നു.

കെ അജിത (അന്വേഷി അധ്യക്ഷ)

കുഴിയില്‍ നിന്നു മാന്തിയെടുത്തായാലും മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നു പറയുന്നയാള്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിത്തുമ്പോള്‍ ഇത്തരം വര്‍ഗീയ ആക്രമണം പ്രതീക്ഷിക്കാമല്ലോ? ബലാത്സംഗം ചെയ്ത പൊലീസുകാരന് വിഐപി പരിഗണന നല്‍കുന്നതൊക്കെ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ സുഖസൗകര്യങ്ങള്‍ നല്‍കുന്നതൊക്കെ എന്തടിസ്ഥാനത്തിലാണ്? സ്ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.

ബിന്ദുകൃഷ്ണ (കൊല്ലം ഡിസിസി അധ്യക്ഷ)

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ യുപിയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത പൊലീസുകാരന് പൊലീസ് സ്റ്റേഷനില്‍ വിഐപി പരിഗണനയെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. മുസ്ലിങ്ങള്‍ക്കും ദളിതുകള്‍ക്കും സ്ത്രീകള്‍ക്കും നേരെ ഇപ്പോള്‍ യുപിയില്‍ നടക്കുന്നത് ആസൂത്രിതമായ ആക്രമണങ്ങളാണ്. ഹിന്ദു ഫാസിസ്റ്റുകള്‍ ഭരണം കൈയാളുമ്പോള്‍ ഇതിലപ്പുറം പ്രതീക്ഷിക്കാവുന്നതാണ്. ഭരണകൂട ഭീകരതയുടെ ഇരയാണ് ആ സ്ത്രീ. ഇതിനു യോഗി സര്‍ക്കാര്‍ ഉത്തരം പറഞ്ഞേ മതിയാവു.


പി കെ ശ്രീമതി (സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം, കണ്ണൂർ എംപി)

യുപിയില്‍ നിന്നുള്ള ഈ വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതാണ്. എന്താണ് അവിടെ നടക്കുന്നത്? ഒരു സ്ത്രീയെ ട്രെയിനില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത പൊലീസുകാരന് വിഐപി പരിഗണന. സംഘപരിവാര്‍ ഭരിക്കുന്ന യുപിയില്‍ യോഗി സര്‍ക്കാരില്‍ നിന്ന് സ്ത്രീകള്‍ക്കും രക്ഷയില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. കുറ്റവാളിക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഭരണകൂടം തന്നെ, പ്രതിയായ പൊലീസുകാരനെ സംരക്ഷിക്കുകയെന്നത് അങ്ങേയറ്റം അപലപനീയമാണ്.


സി കെ ജാനു (ജനാധിപത്യ രാഷ്ട്രീയ സഭാ അധ്യക്ഷ)

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ജാതിയും മതവും മാറ്റി നിര്‍ത്തിത്തന്നെ കാണണം. യുപിയില്‍ ട്രെയിന്‍ യാത്രക്കാരിയെ ബലാത്സംഗം ചെയ്തത് പൊലീസുകാരനോ അതിലും വലിയവനോ ആയാലും വെറുതെ വിടരുത്. ഇവനെയൊക്കെ എന്തിനാണ് സംരക്ഷിക്കുന്നത്? പൊലീസുകാരന്‍ കുറ്റക്കാരനാണെങ്കില്‍ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ യോഗി സര്‍ക്കാര്‍ തയ്യാറവണം. ഇത്തരം സംഭവങ്ങളില്‍ ഒരു കാരണവശാലും പ്രതികളെ സംരക്ഷിക്കരുത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നടപടി കുറ്റമറ്റതായിരിക്കണം.

ശോഭാ സുരേന്ദ്രൻ (ബിജെപി ദേശീയ നിർവ്വാഹക സമിതിയം​ഗം)

പ്രതികരിക്കുന്നില്ല

(വിഷയത്തിൽ പ്രതികരണം തേടി നാരദാ ന്യൂസ് ബന്ധപ്പെട്ടപ്പോൾ തനിക്ക് ഈ വിഷയത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി)