എന്താണ് മുസ്ലിം ഏകോപന സമിതി? പെരുമ്പാവൂരിൽ തുടങ്ങി; ആർഎസ്എസിനെതിരെ സംഘടിച്ചു

ഹാദിയയ്ക്ക് നീതി തേടി ഹൈക്കോടതിയിലേയ്ക്ക് പ്രകടനം നടത്തിയപ്പോഴാണ് മുസ്ലിം ഏകോപനസമിതി ദൃശ്യത നേടുന്നതെങ്കിലും പ്രവർത്തനം 10 വർഷങ്ങൾക്കു മുൻപേ തുടങ്ങിയിരുന്നു. പെരുമ്പാവൂരിലായിരുന്നു സംഘടനയുടെ ജനനം.

എന്താണ് മുസ്ലിം ഏകോപന സമിതി? പെരുമ്പാവൂരിൽ തുടങ്ങി; ആർഎസ്എസിനെതിരെ സംഘടിച്ചു

മതപരിവർത്തനം നടത്തിയ ഹാദിയ എന്ന യുവതിയുടെ വിവാഹം റദ്ദാക്കിയ വിധിയിൽ പ്രതിഷേധിച്ച് ഹൈക്കോടതി മാർച്ച് നടത്തുകയും ജില്ലയിൽ ഇന്നു ഹർത്താലിനു ആഹ്വാനം ചെയ്യുകയും ചെയ്ത മുസ്ലിം ഏകോപന സമിതി സത്യത്തിൽ എന്താണ്? ഹിന്ദു ഐക്യവേദിയോട് ഉപമിച്ച് വിവിധ മുസ്ലിം സംഘടനാ പ്രവർത്തരിൽ നിന്നുപോലും മുസ്ലിം ഏകോപന സമിതിക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.

ഹൈക്കോടതി മാർച്ച് അനാവശ്യമായിരുന്നു എന്നതിനൊപ്പം എസ്ഡിപിഐയുടെ ഉൽപ്പന്നമാണ് ഈ സംഘടനയെന്ന ആരോപണം ഉന്നയിച്ചാണ് എതിർപക്ഷത്തിന്റെ വിമർശനം. എന്നാൽ ഈ വാദങ്ങളെല്ലാം മുസ്ലിം ഏകോപന സമിതി തള്ളുകയാണ്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മുസ്ലിങ്ങളുടെ പൊതുവേദി ആണ് ഈ കൂട്ടായ്മയാണെന്നു ജനറൽ കൺവീനർ ഷൗക്കത്തലി നാരദാ ന്യൂസിനോടു പറഞ്ഞു.

2007ൽ പെരുമ്പാവൂരിലാണ് മുസ്ലിം ഏകോപന സമിതി രൂപീകരിക്കപ്പെടുന്നത്. അന്ന് മുസ്ലിങ്ങളിലെ തബ്‌ലീഗ്‌ വിഭാ​ഗത്തിനെതിരെ ആർഎസ്എസ് ആക്രമണം നടന്നിരുന്നു. തുടർന്ന് വീണ്ടും ആർഎസ്എസിന്റെ ആക്രമണങ്ങൾ തുടർന്ന പശ്ചാത്തലത്തിലായിരുന്നു കൂട്ടായ്മയുടെ രൂപീകരണം. വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലുംപെട്ട ഒരു കൂട്ടം മുസ്ലിം വ്യക്തികളും പണ്ഡിതരും ചേർന്നാണ് മുസ്ലിം ഏകോപന സമിതിക്കു രൂപം നൽകിയത്. സമകാലിക-സാമുദായിക-സാമുഹിക വിഷയങ്ങളിൽ ഇടപെടുക എന്നതാണ് ലക്ഷ്യം- ഷൗക്കത്തലി

ഏതു ഏതു മുസ്ലിം സംഘടനകളുടേയും പ്രവർത്തകർക്കും, സംഘടനയിലൊന്നും ഇല്ലാത്തവർക്കും മുസ്ലിം ഏകോപന സമിതിയിൽ ഭാ​ഗമാകാമെന്നും ഭാരവാഹികൾ പറയുന്നു. പെരുമ്പാവൂരിലെ പ്രതിഷേധത്തിനു ശേഷം സ്പാനിഷ് പത്രം നടത്തിയ പ്രവാചക നിന്ദ, ഫലസ്തീനിലെ ഇസ്രായേൽ നരനായാട്ട്, അമേരിക്കൻ അധിനിവേശം, ഏകസിവിൽകോഡ് നടപ്പാക്കാനുള്ള നീക്കം, കാസർകോട് റിയാസ് മൗലവി വധം, മൂവാറ്റുപുഴയിൽ ലീ​ഗ് പ്രവർത്തകനെതിരായ ആർഎസ്എസ് ആക്രമണം തുടങ്ങിയ സംഭവങ്ങളിലെല്ലാം മുസ്ലിം ഏകോപന സമിതി പ്രതിഷേധം സംഘടിപ്പിച്ചിരുന്നതായി ഷൗക്കത്തലി പറഞ്ഞു. ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ മേഖലാ കമ്മിറ്റിയുണ്ടാക്കിയായിരുന്നു ഈ പ്രതിഷേധങ്ങൾ.

തുടർന്ന് വിവിധ മേഖലാ കമ്മിറ്റികൾ ചേർന്ന് എറണാകുളം ജില്ലാ കമ്മിറ്റിക്കു രൂപം നൽകിയെന്നും വിവിധ മുസ്ലിം സംഘടനകളുടെ പ്രതിനിധികളും പ്രവർത്തകരും മുസ്ലിം ഏകോപനസമിതിയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെക്കൻ കേരളത്തിലെ വിവിധ മുസ്ലിം സംഘടനകളിലെ പണ്ഡിതരും മുസ്ലിം ഏകോപന സമിതിയുമായി സഹ​കരിക്കുന്നുണ്ട്.

ഇന്നലെ നടന്ന ഹൈക്കോടതി മാർച്ചിൽ വിവിധ മുസ്ലിം സം​ഘടനാ, പാർട്ടി പ്രതിനിധികൾ സഹകരിച്ചിരുന്നതായും പിന്തുണ അറിയിച്ചിരുന്നതായും ഷൗക്കത്തലി വിശദമാക്കി. കാഞ്ഞാർ അബ്ദുർറസാഖ് മൗലവി (ചെയർമാൻ), സലീം കൗസരി (വൈസ് ചെയർമാൻ), ഷൗക്കത്തലി (ജനറൽ കൺവീനർ), അനസ് റഹ്മാനി എന്നിവരാണ് മുസ്ലിം ഏകോപന സമിതി ഭാരവാഹികൾ.

മതം മാറിയ ഹാദിയ എന്ന യുവതിയുടെ വിവാഹം റദ്ദാക്കിയ വിധിയില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് മുസ്ലിം ഏകോപനസമിതി ഹൈക്കോടതിയിലേക്കു മാർച്ച് നടത്തിയത്. കലൂരിനടുത്ത് മണപ്പാട്ടിപ്പറമ്പില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്‌സ് കോളേജിനു മുന്നില്‍ പൊലീസ് തടയുകയായിരുന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോ​ഗിച്ചു.

എന്നാല്‍ പിന്മാറാന്‍ തയാറാവാതെ പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്നത് സംഘര്‍ഷത്തിനു വഴിവച്ചു. ഇതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ഇതില്‍ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുസ്ലിം ഏകോപന സമിതി ഇന്ന് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്.

മുസ്ലിം ഏകോപന സമിതി ഹൈക്കോടതി മാർച്ച് നടത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്നു പ്രതിഷേധം ഉയരുകയാണ്. ഹിന്ദു ഐക്യവേദിക്ക് തുല്യമാണ് ഈ സംഘടനയെന്നാണ് പ്രധാന പ്രചരണം. മുസ്ലിം ഏകോപന സമിതി എന്നതിനെ മുസ്ലിം ഐക്യവേദി എന്നാക്കിയാണ് പ്രചാരണം. മുസ്ലിം ഏകോപന സമിതിയിൽ എസ്ഡിപിഐയുടെ സാന്നിധ്യമുള്ളതാണ് ഏറെപ്പേരെയും ചൊടിപ്പിക്കുന്നത്. ഹൈക്കോടതി മാർച്ചിൽ മുസ്ലിം ഏകോപന സമിതി വെളുത്ത നിറമുള്ള സ്വന്തം പതാകയാണ് ഏന്തിയത്. മറ്റ് ഒരു സംഘടനയുടേയും കൊടി പ്രകടനത്തിൽ ഇല്ലായിരുന്നു.