ചുവപ്പുകണ്ടാല്‍ കലിയിളകുന്നവര്‍ക്ക് ഉത്തരമലബാറിൽ പൊലീസിന്റെ പിന്തുണ; കേരള പൊലീസിനെ നിയന്ത്രിക്കുന്നതാര്?

തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ പിഞ്ചുകുഞ്ഞിനും സ്ത്രീകള്‍ക്കും നേരെ നടന്ന അതിക്രൂരമായ ആക്രമണത്തില്‍ പോലീസ് കാഴ്ചക്കാരാവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. നേരിയ സംഘര്‍ഷങ്ങള്‍ പോലും രാഷ്ട്രീയ കൊലപാതകത്തിലേക്ക് നീങ്ങുന്ന കണ്ണൂരില്‍ പോലീസ് സ്വീകരിച്ച നിസംഗതക്കെതിരേ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

ചുവപ്പുകണ്ടാല്‍ കലിയിളകുന്നവര്‍ക്ക് ഉത്തരമലബാറിൽ പൊലീസിന്റെ പിന്തുണ; കേരള പൊലീസിനെ നിയന്ത്രിക്കുന്നതാര്?

കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലായി ചുവന്ന വസ്ത്രം ധരിക്കുന്നവര്‍ക്കുനേരെ സമീപകാലത്തായി നിരവധി അക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കാഞ്ഞങ്ങാട് പരക്ലായിയില്‍ സുഹൃത്തിന്റെ മാതാവിനെ സന്ദര്‍ശിക്കാന്‍ പോയ വിദ്യാര്‍ത്ഥിനി അടക്കമുള്ളവര്‍ക്കുനേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമമാണ് പൊതുസമൂഹത്തെ ഞെട്ടിച്ച ആദ്യസംഭവം. പിന്നീട് കണ്ണൂര്‍, കാസര്‍ഗോട് ജില്ലയിലെ പലയിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചെഗുവേരയുടെ ചിത്രം പതിച്ച ഹെല്‍മെറ്റ് ധരിച്ച ചെറുപ്പക്കാര്‍ക്കുനേരെയും അക്രമങ്ങളുണ്ടായിരുന്നു.ഇതില്‍ ഒടുവിലത്തേതാണ് തലശേരി ജഗന്നാഥക്ഷേത്രത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഉള്ളവർക്കുനേരെയുണ്ടായ അക്രമം. എന്തു ധരിക്കണമെന്ന് തീരുമാനിക്കാനുള്ള ഒരു വ്യക്തിയുടെ അടിസ്ഥാന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലയില്‍ നിരവധി അക്രമങ്ങളുണ്ടായിട്ടും ഇതു നിയന്ത്രിക്കാന്‍ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂരിന്റെ മണ്ണില്‍ പോലും ആര്‍എസ്എസ് അക്രമങ്ങള്‍ക്കുനേരെ പൊലീസ് കണ്ണടയ്ക്കുന്നത് ഭയാനകമായ സൂചനയാണ് നല്‍കുന്നത്.

കതിരൂര്‍ സ്വദേശികളായ ചെറുപ്പക്കാരും അവരുടെ കുടുംബാംഗങ്ങളുമടക്കം 22 പേരാണ് കഴിഞ്ഞദിവസം രാത്രി തലശേരി ജഗന്നാഥക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയത്. സ്വന്തംനാട്ടിലെ പുല്ലോടുംകാവിലെ ഉത്സവത്തിന് ചുവപ്പു വസ്ത്രം ധരിച്ചു പോയിരുന്ന ഇവര്‍ അതേ വേഷത്തില്‍ തന്നെ ജഗന്നാഥക്ഷേത്രത്തിലുമെത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും ചുവപ്പുവസ്ത്രം ധരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് ഇരകള്‍ പറയുന്നു. ചുവപ്പുവസ്ത്രങ്ങള്‍ ധരിച്ച് അമ്പലത്തിലേക്കു പ്രവേശിക്കുന്നതിനിടെ സ്ഥലത്തെ ഒരു ആര്‍എസ്എസ് പ്രമാണി തങ്ങള്‍ക്കരികിലെത്തി. കതിരൂരില്‍ നിന്നാണോ എന്നു ചോദിച്ചു. അതേയെന്നു മറുപടി പറഞ്ഞപ്പോള്‍ രൂക്ഷമായി ഒന്നു നോക്കിയ ശേഷം തിരികെ നടന്നു.

അല്‍പ്പസമയത്തിനുശേഷം ചില പൊലീസുകാര്‍ ചുറ്റുംകൂടിയതോടെയാണു പ്രശ്‌നങ്ങള്‍ക്കു തുടക്കമാകുന്നത്. മെക്‌സിക്കന്‍ അപാരത കളിക്കുന്നത് ഇവിടെയല്ലെന്നും എത്രയും വേഗം മടങ്ങണമെന്നും ഒരു പൊലീസുകാരന്‍ പറഞ്ഞു. കാര്യമെന്തെന്നന്വേഷിച്ചപ്പോള്‍, ഇതു പാര്‍ട്ടിസമ്മേളനം നടക്കുന്ന സ്ഥലമല്ലെന്ന് മറുപടി, രാത്രിയായതിനാല്‍ തിക്കിലും തിരക്കിലും പെട്ട് ഒപ്പമുള്ളവര്‍ കൂട്ടം തെറ്റിപ്പോകാതിരിക്കാനാണ് ചുവന്ന വസ്ത്രം ധരിച്ചതെന്നു പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. പവിത്രമായ ഉത്സവം നടക്കുന്ന ക്ഷേത്രപരിസരമാണിതെന്നു പറഞ്ഞ് ആട്ടിയോടിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ ആര്‍എസ്എസുകാരെപ്പോലെയാണ് പെരുമാറിയതെന്ന് പരുക്കേറ്റവര്‍ പറയുന്നു. സ്ത്രീകളും കുട്ടികളും ഒപ്പമുള്ളതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ വേണ്ടെന്നു കരുതി മടങ്ങിപ്പോകാനൊരുങ്ങിയപ്പോള്‍ ഇരുപതോളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങളെ വളയുകയായിരുന്നുവെന്ന് കതിരൂര്‍ സ്വദേശി ഷിജിന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.സിപിഐഎം സമ്മേളനമാണോടാ ഇതെന്നു ചോദിച്ച് ചിലര്‍ പാഞ്ഞടുക്കുന്നതാണു കണ്ടത്. പിന്നെ നടന്നതു ക്രൂരമായ അക്രമമാണ്. സ്ത്രീകളും കുട്ടികളും പേടിച്ചു നിലവിളിച്ചു. ഇവരെയും അക്രമികള്‍ വെറുതേ വിട്ടില്ല. കരിങ്കല്‍ച്ചീളുകള്‍ പലയിടത്തുനിന്നായി എറിഞ്ഞു. വടികൊണ്ടും കല്ലുകൊണ്ടുമുള്ള അടിയും തുടങ്ങി. പിഞ്ചുകുഞ്ഞുള്‍പ്പെടെയുള്ളവര്‍ വാവിട്ടുനിലവിളിച്ചെങ്കിലും പൊലീസ് നിസംഗരായി നോക്കിനിന്നുവെന്ന് ഇവര്‍ പറയുന്നു.

ഇതിനിടെ കതിരൂര്‍ സ്വദേശി നിവേദിന്റെ നാലുമാസം പ്രായമുള്ള മകളെയും ആക്രമിക്കാന്‍ ശ്രമമുണ്ടായി. കുഞ്ഞിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വടികൊണ്ടുള്ള അടിയേറ്റ് കുട്ടിമാക്കൂല്‍ സ്വദേശി ഷെറിന്റെ ചെവിക്ക് സാരമായി പരുക്കേറ്റു. നിവേദിന്റെ സഹോദരന്‍ നിഖില്‍ കല്ലേറില്‍ പരുക്കേറ്റ് ഇപ്പോഴും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. അരമണിക്കൂറോളം അക്രമം തുടര്‍ന്നിട്ടും പൊലീസ് അനങ്ങിയിരുന്നില്ലെന്നു ദൃക്‌സാക്ഷികള്‍ നാരദാന്യൂസിനോടു വെളിപ്പെടുത്തി.ഒടുവില്‍ സിപിഐഎം പ്രവര്‍ത്തകരും ഐആര്‍പിസി വളണ്ടിയര്‍മാരും വലയം തീര്‍ത്താണ് ഇവരെ രക്ഷപ്പെടുത്തിയത്. പൊലീസ് വാഹനം സ്ഥലത്തുണ്ടായിരുന്നുവെങ്കിലും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതു സ്വകാര്യവാഹനത്തിലാണ്. തുടര്‍ അക്രമങ്ങള്‍ക്കു സാധ്യതയുണ്ടെന്നും എത്രയും വേഗം സ്ഥലം വിടണമെന്നും പറഞ്ഞ് ഇവരെ ഭയപ്പെടുത്താനായിരുന്നു പൊലീസിന് തിടുക്കം. തിരികെപ്പോകുന്നതിനിടെ കുളത്തിനരികെയും അമ്പലത്തിന്റെ കവാടത്തിനരികെയും സിപിഐഎം ഓഫീസിനരികെയും വച്ച് തുടര്‍ അക്രമങ്ങളുണ്ടായി. കാപ്പ നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള ഡയമണ്ട്മുക്കിലെ നടേശന്‍ എന്നു വിളിപ്പേരുള്ള ആര്‍എസ്എസ് പ്രവര്‍ത്തകനും അക്രമിസംഘത്തിലുണ്ടായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറയുന്നു. ഇവര്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടയുടന്‍ അമ്പലത്തിനു സമീപം ഹലുവക്കച്ചവടം നടത്തിയിരുന്ന സിപിഐഎം പ്രവര്‍ത്തകരുടെ കടകള്‍ക്കുനേരെ നാലുതവണ ബോംബേറുമുണ്ടായി.

ഏറെനേരം നീണ്ടുനിന്ന അക്രമസംഭവങ്ങള്‍ അടിച്ചമര്‍ത്താന്‍ പൊലീസിന് സാധിച്ചില്ലെന്ന ആക്ഷേപം പരക്കെ നിലനില്‍ക്കുന്നുണ്ട്. അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന കണ്ണൂരില്‍ സമാധാനമുറപ്പിക്കാന്‍ അധിക പൊലീസ് സേനയും മറ്റ് സംവിധാനങ്ങളും ഏതുനിമിഷവും ലഭ്യമാണ്. തലശേരി മേഖലയില്‍ ആവശ്യത്തിന് പൊലീസ് സംവിധാനമുണ്ടായിട്ടും അക്രമത്തിന് തടയിടാന്‍ പൊലീസിന് സാധിക്കാത്തത് പൊലീസുദ്യോഗസ്ഥരുടെ ആര്‍എസ്എസ് അനുകൂല നിലപാടിന്റെ തുടര്‍ച്ചയാണെന്ന് മേഖലയിലെ സിപിഐഎം പ്രവര്‍ത്തകര്‍ രഹസ്യമായി സമ്മതിക്കുന്നു.

പിഞ്ചുകുഞ്ഞിനു നേരെയുള്‍പ്പെടെ ക്രൂരമായ അക്രമമുണ്ടായിട്ടും വിഷയത്തില്‍ പ്രതികരിക്കാന്‍ മനുഷ്യാവകാശ സംഘടനകളോ ആക്ടിവിസ്റ്റുകളോ തയ്യാറായിട്ടില്ലെന്ന് സിപിഐഎം കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. അക്രമത്തിന് പിന്നാലെ മഹിളാ മോര്‍ച്ച നേതാവ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ അനുകൂലികള്‍ പരുക്കേറ്റവരെ കളിയാക്കി ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. ഇതേച്ചൊല്ലി സോഷ്യല്‍മീഡിയയിലും സംഘപരിവാര്‍ - ഇടത് അനുകൂലികള്‍ ഏറ്റുമുട്ടലാരംഭിച്ചിട്ടുണ്ട്.

Read More >>