മുഖ്യമന്ത്രിയുടെ വാദം തള്ളി പൊലീസ്; മഹാരാജാസില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെ

കാമ്പസിലെ കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും കണ്ടെടുത്തത് മാരകായുധങ്ങള്‍ തന്നെയാണെന്ന് തയാറാക്കിയ സെര്‍ച്ച് ലിസ്റ്റിലും എഫ്‌ഐആറിലും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്...

മുഖ്യമന്ത്രിയുടെ വാദം തള്ളി പൊലീസ്; മഹാരാജാസില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെ

എറണാകുളം മഹാരാജാസ് കാമ്പസില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി പൊലീസ്. പിടിച്ചെടുത്തത് മാരാകായുധങ്ങള്‍ തന്നെയാണെന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്തു വന്നു. കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന് മുഖ്യമന്ത്രി വെള്ളിയാഴ്ച നിയമസഭയില്‍ പറഞ്ഞതിനു പിന്നാലെയാണ് പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

കാമ്പസിലെ കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും കണ്ടെടുത്തത് മാരകായുധങ്ങള്‍ തന്നെയാണെന്ന് തയാറാക്കിയ സെര്‍ച്ച് ലിസ്റ്റിലും എഫ്‌ഐആറിലും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധ നിയമപ്രകാരമാണ് സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂര്‍ച്ചയേറിയ വാളുകളും അറ്റത്ത് തുണിചുറഅറിയ ഇരുമ്പു ദണ്ഡുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

വെള്ളിയാഴ്ച പ്രതിപക്ഷം നിയമസഭയില്‍ വിഷയം അടിയന്തരപ്രമേയമായി ഉന്നയിച്ചിരുന്നു. എന്നാല്‍ മഹാരാജാസില്‍ നിന്നും കണ്ടെടുത്തത് മാരകായുധങ്ങളല്ലെന്ന് വാദമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. കാന്പസില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് നിര്‍മാണ സാമഗ്രഹികള്‍ ആണെന്നും മാരകായുധങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.