മഹാരാജാസിലെ ആയുധങ്ങൾ; നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിനു നോട്ടീസ്

എഫ്ഐആറിലെ വിവരങ്ങൾ മറച്ചുവച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചുവന്നാണ് നോട്ടീസിലെ ആരോപണം. പിടിച്ചെടുത്തത് മാരകായുധങ്ങളാണെന്നു പൊലീസ് പറയുകയും ആയുധ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തപ്പോൾ അത് പണിയായുധങ്ങൾ മാത്രമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എംഎല്‍എമാര്‍ നോട്ടീസില്‍ പറയുന്നു.

മഹാരാജാസിലെ ആയുധങ്ങൾ; നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിനു നോട്ടീസ്

മഹാരാജാസ് കോളേജിലെ സ്റ്റാഫ് കോട്ടേഴ്സിലെ അടച്ചിട്ട മുറിയിൽ നിന്നും മാരകായുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിനു നോട്ടീസ്. കോൺ​ഗ്രസ് എംഎൽഎമാരായ പി ടി തോമസും ഹൈബി ഈഡനുമാണ് അവകാശ ലംഘന നോട്ടീസ് നൽകിയത്.

എഫ്ഐആറിലെ വിവരങ്ങൾ മറച്ചുവച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചുവന്നാണ് നോട്ടീസിലെ ആരോപണം. പിടിച്ചെടുത്തത് മാരകായുധങ്ങളാണെന്നു പൊലീസ് പറയുകയും ആയുധ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തപ്പോൾ അത് പണിയായുധങ്ങൾ മാത്രമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എംഎല്‍എമാര്‍ നോട്ടീസില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ നിലപാട് പൊലീസ് അന്വേഷണത്തെ പോലും സ്വാധീനിക്കുന്നതാണെന്നു പിടി തോമസ് നോട്ടീസില്‍ വ്യക്തമാക്കുന്നു. അതേസമയം, നോട്ടീസിലെ ആരോപണങ്ങള്‍ പരിശോധിച്ച് നടപടി എടുക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി.

മഹാരാജാസ് കോളേജിൽനിന്നു പിടിച്ചെടുത്തതു മാരകായുധങ്ങളല്ല, മറിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോ​ഗിക്കുന്ന സാമഗ്രികളാണെന്നായിരുന്നു എഫ്ഐആറിനെ ഉദ്ധരിച്ചു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നത്. കറുത്ത ഫ്ളെക്സില്‍ പൊതിഞ്ഞ ഇരുമ്പുപൈപ്പുകള്‍, സ്റ്റീല്‍ പൈപ്പ്, വാര്‍ക്കകമ്പികള്‍, ഇരുമ്പ് വെട്ടുകത്തി, കുറുവടി, മുളവടി, പലകക്കഷണങ്ങള്‍ എന്നിവ കണ്ടെത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഈ മാസം മൂന്നിനാണ് മഹാരാജാസിൽ നിന്നും ആയുധങ്ങൾ പിടികൂടിയത്. കോളേജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ മൂന്നു മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്കു താമസിക്കാനായി നല്‍കിയിരുന്നു. ഇവിടെ സെൻട്രൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ഗാർഹിക–കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത മൂർച്ചകൂടിയ വെട്ടുകത്തി, ഒരുവശത്തു തുണിയും കയറും ചുറ്റി കൈപ്പിടിയുണ്ടാക്കിയ ഇരുമ്പുവടികൾ, സ്റ്റീൽ പൈപ്പ്, വാർക്കക്കമ്പികൾ, കുറുവടി, മുളവടി, പലകക്കഷ്ണങ്ങൾ എന്നിവയാണു പിടിച്ചെടുത്തതെന്നു പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു.

അതേസമയം, മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് ആയുധം കണ്ടെത്തിയതുമായി ബന്ധപ്പെട്ടു നിയമസഭയിൽ താൻ പറഞ്ഞതു മനക്കണക്കല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എഫ്ഐആറിൽ ഉള്ളതാണ് ഉദ്ധരിച്ചത്. പിടിച്ചെടുത്ത ആയുധങ്ങൾ എന്തൊക്കെയാണെന്ന് എഫ്ഐആറിൽ വ്യക്തമായി പറയുന്നുണ്ട്. അതു തന്നെയാണു ഞാനും പറഞ്ഞതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.