"ഈ ചലഞ്ച് സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട് കളക്ടർ", - കളക്ടറിന്റെ സാരി ചലഞ്ചിനോട് കേരളത്തിലെ ദളിത് സ്ത്രീ ആക്ടിവിസ്റ്റുകളും ഗവേഷകരും പ്രതികരിക്കുന്നു

ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നതായിട്ടുമുള്ള സമൂഹത്തെ സംബന്ധിച്ച് ഈ ചലഞ്ച് അങ്ങനെ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകരടക്കം പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

ഈ ചലഞ്ച് സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട് കളക്ടർ,  - കളക്ടറിന്റെ സാരി ചലഞ്ചിനോട്  കേരളത്തിലെ ദളിത് സ്ത്രീ ആക്ടിവിസ്റ്റുകളും ഗവേഷകരും പ്രതികരിക്കുന്നു

മാലിന്യസംസ്കരണത്തിന് പുതിയ മാതൃകയായി തിരുവനന്തപുരം കളക്ടർ വാസുകി ഐഎഎസ് കൊണ്ടുവന്ന സാരി ചലഞ്ച് ചർച്ചയാകുന്നു. മറ്റാരോ ഉപയോഗിച്ചതിനു ശേഷം ഉപേക്ഷിച്ച് സാരി താനിപ്പോൾ പുനരുപയോഗിക്കുകയാണെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ വച്ചിരുന്നു. പുനരുപയോഗത്തിന് ആളുകളെ ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു കളക്ടറുടെ പോസ്റ്റ്. എന്നാൽ ഈ ആഹ്വാനം സമൂഹത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.പ്രിവിലേജുകള്‍ അനുഭവിച്ചിട്ടില്ലാത്തതും, ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നതായിട്ടുമുള്ള സമൂഹത്തെ സംബന്ധിച്ച് ഈ ചലഞ്ച് അങ്ങനെ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകരടക്കം പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

പ്രകൃതിയേ ഇങ്ങനെ ഈ രീതിയിൽ സംരക്ഷിക്കുക എന്നത് എന്‍റെ ബാധ്യതയല്ല എന്നാണ് ഗവേഷകയായ മായ പ്രമോദിന് പറയുവാനുള്ളത്.പുതിയ ഭംഗിയുള്ള വസ്ത്രങ്ങൾ ധരിച്ച് സുന്ദരിയായി നടക്കുന്നത് കൂടിയാണ് തനിക്ക് രാഷ്ടീയമെന്നും അത് തന്നെ ദളിത് സ്ത്രീകളെക്കുറിച്ചുള്ള വാർപ്പു മാതൃകയിൽ നിന്നും, ആക്ടിവിസമെന്നാൽ ത്യാഗമാണെന്ന ഗാന്ധിയൻ യുക്തിയിൽ നിന്നും രക്ഷിക്കുമെന്നും ഗവേഷകയും ദളിത് നേതാവുമായ രേഖ രാജ് പറയുന്നു. ആനന്ദവും രാഷ്ട്രീയമാണ് രേഖ രാജ് തന്റെ നിലപാട് വ്യക്തമാക്കി."ഈ ബോധവൽക്കരണം വേണ്ടത് സമൂഹത്തിലെ വെണ്ണ പാളിയിലാണ്, ചെയ്യാൻ ധൈര്യമുണ്ടോ കളക്ടറെ"- ആക്ടിവിസ്റ്റും ഗവേഷകയുമായ ആഷാ റാണി ചോദിക്കുന്നു.

വാസുകി ഐ എഎസിൻറെ പഴയ വസ്ത്രങ്ങൾ പുനരുപയോഗിക്കാൻ ഉള്ള ആഹ്വാനത്തെ കുറിച്ച് പ്രമുഖ ദളിത് സ്ത്രീ ആക്ടിവിസ്റ്റുകളും ഗവേഷകരും പ്രതികരിക്കുന്നു.

"ആനന്ദവും രാഷ്ട്രീയമാണ്"! -രേഖാ രാജ്

ഒന്നോ രണ്ടോ ഉടുപ്പ് വാങ്ങാനുള്ള കാശ് കൂട്ടി കൂട്ടി വെച്ച് ഫാബിന്ത്യയുടെ ഉടുപ്പുകൾ (പല ഘട്ടങ്ങളിലായി )വാങ്ങി ഇട്ടത് കൊണ്ട് മാത്രം ദളിത് ബൂർഷ്വാസിയെന്ന് വിളി കേട്ടിട്ടുള്ള ആളാണ് ഞാൻ! അത് പിന്നെ പണ്ടേ ദളിതത്വത്തെ ദാരിദ്ര്യവുമായി മാത്രം ബന്ധപ്പെടുത്തി മനസിലാക്കുന്ന വർഗ്ഗ ബോധമാണല്ലോ നമ്മുടേത് എന്നോർത്ത് ഞാൻ സമാധാനിച്ചു. അന്നത്തെ വിമർശകർ ഇന്ന് അധ്യാപകരായി എന്നേലും വലിയ ബൂർഷ്വാസികളായി നടക്കുന്ന കാണുമ്പോൾ അഭിമാനവും ഉണ്ട്.ലാളിത്യം എന്നത് ചില ശരീരങ്ങൾക്ക് മാത്രം അഫോർഡ് ചെയ്യാൻ പറ്റുന്ന ഒന്നാണ് ഇന്ത്യയിൽ! ഇന്നിപ്പോൾ കളക്ടറുടെ വക ആഹ്വാനം കണ്ടപ്പോൾ ഇതൊക്കെ ഓർത്തു പോയി. കേരളത്തിലെ സമകാലിക ദളിത് സ്ത്രീ ആക്ടിവിസ്റ്റുകൾ നല്ല ഭംഗിയുള്ള മോഡേൺ വസ്ത്രങ്ങൾ (ശ്രദ്ധിക്കുക കോട്ടൺ സാരിയല്ല) ധരിച്ച് പൊതു വേദിയിൽ കസറുന്ന കാണുമ്പോൾ ഉള്ള രോമാഞ്ചമാണ് രോമാഞ്ചം!!

പറഞ്ഞ് വന്നത് ഇതാണ് ഈ ചലഞ്ച് സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട് കളക്ടർ, പുതിയ ഭംഗിയുള്ള വസ്ത്രങ്ങൾ ധരിച്ച് സുന്ദരിയായി നടക്കുന്നത് കൂടിയാണ് എനിക്ക് രാഷ്ടീയം അത് എന്നെ ദളിത് സ്ത്രീകളെക്കുറിച്ചുള്ള വാർപ്പു മാതൃകയിൽ നിന്നും, ആക്ടിവിസമെന്നാൽ ത്യാഗമാണെന്ന ഗാന്ധിയൻ യുക്തിയിൽ നിന്നും രക്ഷിക്കും! ആനന്ദവും രാഷ്ട്രീയമാണ്

"പ്രകൃതിയേ ഇങ്ങനെ ഈ രീതിയിൽ സംരക്ഷിക്കുക എന്നത് എന്‍റെ ബാധ്യതയല്ല" -മായ പ്രമോദ്

കളക്ടറേ,

സംഭവം കളറാ, (നിങ്ങൾ മുന്നോട്ട് വെക്കുന്ന നല്ല ആശയത്തേ കാണുകയും ചെയ്യുന്നു) പക്ഷേ, നിറങ്ങൾ മങ്ങിയ പല വസ്ത്രം ധരിച്ച ഒരു തലമുറ അവർക്ക് ഈ ചലഞ്ച് ചലഞ്ചല്ലാ, ചില സമയങ്ങളിൽ ജീവിതവുമായിരുന്നു.

6 വയസ്സു മുതൽ 23 വയസ്സുവരെ (24 വയസ്സിൽ നുമ്മ പ്രമോദിന്റ ഭാര്യയായി), അമ്മ വീട്ടുജോലി ചെയ്യുന്ന വീടുകളിൽ നിന്നും കൊണ്ടുവരുന്ന, പല ബ്രാന്‍റിൽ ഉള്ള, നിറം മങ്ങിയതും, അല്ലാത്തതുമായ വസ്ത്രങ്ങൾ കെട്ടഴിക്കാൻ നോക്കിയിരുന്ന ഒരു കാലമുണ്ട്. ഇത്രയും വസ്ത്രങ്ങളിൽ, നല്ലത് തിരഞ്ഞ്, 3 പെൺമക്കൾക്കുമായി വീതിച്ചെടുക്കുന്ന ഒരമ്മ. പരാതിയില്ല, പറയാനും പാടില്ലാ. സ്കൂളിൽ യുണിഫോം, വെള്ള ഷർട്ടും, നീല പാവാടയുമാണ്. ഒമ്പതാം ക്ലാസ്സിൽ ആണ്, സ്മിത എന്നിക്ക് അവൾടെ ഒരു വെള്ള ഷർട്ട് ആരും കാണാതെ തരുന്നത്, പകരം ഒരു കണ്ടിഷൻ, ക്ലാസ്സ് ലീഡർ തിരഞ്ഞെടുപ്പിൽ അവൾടെ പേരിൽ ഞാൻ വോട്ടു നൽകണം, സമ്മതം.

കാരണം, അവൾടെ ഡ്രസ്സുകൾ ഗൾഫായിരുന്നു. ആ വെള്ള ഷർട്ട് ഏറെ മനോഹരവും. വോട്ടെടുപ്പ് തുടങ്ങി, ഞാൻ വാക്കുപാലിച്ചു, ഭുരിപക്ഷത്തേ വിട്ട് ന്യൂനപക്ഷമായ അവൾക്കായി നൽകി വോട്ട്, വോട്ട് പൊട്ടിച്ചു. അവൾക്ക് 3 വോട്ട്, അതിൽ ഒന്ന് ഞാനായിരുന്നു, കൊടുത്ത വാക്കും, വിശ്വാസവും ആയിരുന്നു, പ്രധാനം. പിന്നീട്, പുതിയത് ഇടണമെങ്കിൽ ഒരോണക്കാലത്തിനായി കാത്തിരിക്കും. അമ്മ പ്രസവ ശുശ്രൂഷയിൽ അഗ്രഗണ്യയാണ്, കുളിപ്പീരിന് ശേഷം കിട്ടുന്ന, 300 രൂപയുടെയോ മറ്റോ ഒരു സാരി, രണ്ട് പാവാടയും ബ്ലൗസ്സുമായി മാറും. ആദ്യമായി ഒരു ടെക്സ്റ്റയിൽ റെഡിമെയ്ഡ് ഇടുന്നത്, അമ്മയുടെ ചേച്ചി അക്കാമ്മ വാങ്ങി തന്ന ആ പച്ച ഉടുപ്പിൽ തന്നെയാ. പിന്നീട് മുത്ത ചേച്ചി സജിനി അക്കയുടെ ചേട്ടൻ വഴിയും അന്ന് 13 വയസ്സാ പ്രായം.

പിന്നീട്, ഡിഗ്രി എത്തിയപ്പോ സ്വയം കണ്ടത്തിയ വഴിയാ അമ്മയ്ക്ക് പല വീടുകളിൽ നിന്ന് കിട്ടുന്ന, പട്ടുസാരികൾ, വീട്ടിൽ പഞ്ചായത്ത് വഴി കിട്ടിയ തയ്യൽമെഷിൻ ഉപയോഗിച്ച് വിവിധ തരം പട്ടുപാവടകൾ സ്വയം ആക്കും. ഇട്ട് സുന്ദരിയായി നടക്കും. പഠിച്ചിട്ടായിരുന്നില്ല, പക്ഷേ സ്വയം പഠിക്കും ചിലതൊക്കെ പിജിഎം ഫിൽ , കാലഘട്ടത്തിൽ ഹോസ്റ്റൽ എത്തിയപ്പോൾ ഫർഹാന, എന്‍റെ കുഞ്ഞു, അച്ചൂസ്, ഇവരുടെ ചുരിദാറുകളായി വിവിധ ഫാഷനുകളിലായി. എം ഫിൽ ഫെലോഷിപ്പിൽ ആദ്യം ചെയ്യ്തത് സ്വയം കുറച്ച് ഡ്രസ്സ്, എനിക്കും വീട്ടിലേക്കുമായി എടുത്തതാണ്. പിന്നീട്, ഏട്ടൻ പ്രമോദ് ശങ്കരനിലാണ് ഇഷ്ടമുള്ള വസ്ത്രം അതും ബ്രാൻഡഡായി ഇടുന്നത്.

അത് ഇടാൻ നേരം ഉള്ളിലൊരു സന്തോഷമുണ്ട് അപ്പോൾ, പുതുമണം തിങ്ങുന്ന സന്തോഷം, അവിടെ പ്രകൃതിയേ ഇങ്ങനെ ഈ രീതിയിൽ സംരക്ഷിക്കുക എന്നത് എന്‍റെ ബാധ്യതയല്ലാ. കാരണം നാലു ദിക്കിൽ പിരിഞ്ഞു പോയ, കന്നിട്ടു പൂട്ടുന്ന പൂട്ടിന്‍റെ മറുതലക്കൽ ഒരു കന്നായി പൂട്ടി വിടുന്ന, അപ്പനപ്പൂപ്പൻമാരുടെയും, അമ്മമാരുടെയും തലമുറയിൽപ്പെട്ട പുതു തലമുറയാണ് ഞാൻ. ആ ഞങ്ങൾക്ക് പ്രകൃതിയേ സംരക്ഷിക്കാൻ അറിയുന്നിടത്തോളം ഒരാൾക്കും അറിയില്ലാ.

അപ്പോ ശരി വസ്ത്രങ്ങൾടെ പുനരുപയോഗം നിങ്ങൾ ചെയ്യുമ്പോൾ പ്രിവിലേജ്ഡും, ഞങ്ങൾ ഇടുമ്പോൾ അത് കണ്ട വീടുകളിൽ ജോലി ചെയ്ത് ദാനം ചെയ്യുന്ന അൺ പ്രിവിലേജ്ഡും ആകും. അതാ നിങ്ങളും ഞങ്ങളും തമ്മിലുള്ള അന്തരം.


"പ്രിയ വാരിയർ മുടി കളർ ചെയ്താല്‍ ആഹാ, നമ്മള്‍ ചെയ്താല്‍ ഓഹോ" -ധന്യ മാധവ്

ഇത് വരെ നിറം മങ്ങിയ ഡ്രസ്സ് ഇടേണ്ടി വന്നിട്ടില്ല. പക്ഷെ, ദളിതരിൽ ഒരാൾ നിറം മങ്ങിയ ഡ്രസ്സ് ഇടുമ്പോൾ കളക്ടർ ഇടുന്ന പ്രിവിലേജ് കിട്ടില്ല എന്നുറപ്പാണ്. അതോണ്ട് കളക്ടറുടെ ചലഞ്ച് ഏറ്റെടുക്കാൻ നിർവാഹം ഇല്ല.

കഴിഞ്ഞ വര്‍ഷമാണ്... എത്ര പണം കൊടുത്താണ് മുടി കളര്‍ ചെയ്തത് എന്ന് അറിയാമോ?

വടയമ്പാടിയിൽ സമരത്തിന് പോയപ്പോള്‍‌ എന്‍റെ മുടി കണ്ടിട്ട് തലയിൽ എണ്ണ തേക്കാത്ത, കുളിക്കാത്ത ക്ഷുദ്രജീവികൾ എന്നൊക്കെയാണ് ആര്‍.എസ്.എസ്സുകാര്‍ വിളിച്ചത്. 'എന്‍റെ മുടി കളര്‍ ചെയ്തതാണ് ബ്ലഡി ഫൂൾസ്' എന്ന് എനിക്ക് വിളിച്ചു പറയേണ്ടി വന്നു... അത്രേം ഓർത്താല്‍ മതി. നമുക്ക് നല്ല ഡ്രസ്സ് ഇടാനോ, ഒരുങ്ങാനോ യോഗ്യത ഇല്ലെന്നു വിശ്വസിക്കുന്ന സൊസൈറ്റിയിൽ ആണ് ഇപ്പോളും ജീവിക്കുന്നത്.

പ്രിയ വാരിയർ മുടി കളർ ചെയ്താല്‍ ആഹാ, നമ്മൾ മുടി കളര്‍ ചെയ്താല്‍ ഓഹോ...

ഇതൊക്ക തന്നെ ഡ്രസ്സിന്‍റെ കാര്യത്തിലും പ്രതീക്ഷിക്കുന്നുള്ളൂ. അതോണ്ട് എന്നെ കൊന്നാലും ഞാൻ ബ്രാൻഡ് വിട്ടു കളിക്കൂല്ല. അച്ഛൻ സമ്മതിക്കൂല്ല. ആഹാ... അതിനു വേണ്ടി പത്തു മരം എല്ലാ കൊല്ലവും വച്ചേക്കാം.

"ചലഞ്ച് അംഗീകരിക്കാൻ ആകുന്നില്ല. ജീവിതം തുടങ്ങിയതെ ഉള്ളൂ"-ആരതി രഞ്ജിത്ത് .

അമ്മൂമ്മക്ക് വീട്ടു ജോലിയായിരുന്നു. കുറഞ്ഞത് രണ്ട് വീടുകളിലെങ്കിലും ജോലിക്ക് പോയാണ് നല്ല ആരോഗ്യമുള്ള സമയത്ത് പുള്ളിക്കാരി വീട് നോക്കിയിരുന്നത്. എന്റെ ഓർമയിൽ‌ ഒരു നോർത്ത് ഇന്ത്യക്കാരിയുടെ വീട്ടിലായിരുന്നു അമ്മൂമ്മ അധികനാൾ ജോലി ചെയ്തിരുന്നത്. അവിടെ ബാക്കി വരുന്ന പലഹാരങ്ങളാണ് മിക്കവാറുമൊക്കെ ചെറുപ്പത്തിൽ ഞാൻ രുചിച്ച പലഹാരങ്ങൾ.

വർഷത്തിൽ ഒന്നൊ രണ്ടൊ തവണ വീട് വൃത്തിയാക്കുന്ന കൂട്ടത്തിലായിരിക്കണം അവിടുത്തെ പെൺകുട്ടികൾ ഇട്ട് പഴകിയ, നരച്ച, കീറിയ തുണികൾ അമ്മൂമ്മക്ക് കൊടുത്ത് വിടും. ഒട്ടും പറ്റാത്ത തുണികളൊക്കെ വീട്ടിലിടാൻ എടുക്കും. അല്ലാത്തത് പുറത്ത് ഇടാനും.

സ്കൂളിലായിരുന്നപ്പോൾ യൂണിഫോം ആയത് കൊണ്ട് വല്യ പ്രശ്നമില്ലായിരുന്നു. പക്ഷേ കോളേജിൽ പണി പാളി. ദിവസവും മാറ്റാൻ തുണി ഇല്ലാത്തത് കൊണ്ട് കീറിയതൊക്കെ ഇട്ടിട്ട് പോകേണ്ടി വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ കാണാൻ അധികം തരക്കേടില്ലാത്ത, ഫാബ് ഇന്റ്യ, ഒറേലിയ പോലുള്ള ബ്രാന്റിന്റെ തുണികളും കിട്ടുമായിരുന്നു. അതൊക്കെ കണ്ട് കൂട്ടുകാർ ചോദിക്കുമ്പോൾ ജാട ഇട്ടിട്ടുമുണ്ട്.

അതും കഴിഞ്ഞ് ജോലിയിൽ കയറി നാലാളുകളെ കാണാൻ തുടങ്ങിയപ്പോഴാണു ഡ്രെസ്സിങ്ങ് അത്യാവശ്യ ഘടമാണെന്ന് ബോധ്യമായത്. പലപ്പോഴും എന്റെ സുഹൃത്തുക്കൾ നരച്ച, പാകമല്ലാത്ത, ളോഹ പോലുള്ള എന്റെ ഡ്രെസ്സിങ് മാറ്റണമെന്ന് പറഞ്ഞിട്ടുണ്ട്. അന്നേരം ഇതെന്റെതല്ല, അമ്മൂമ്മ ജോലിക്ക് പോകുന്ന വീട്ടിലെ കുട്ടികളുടേതാണെന്ന് പറയാൻ നാണക്കേട് തോന്നിയിട്ടുണ്ട്. പുത്തൻ തുണിയൊക്കെ എന്റെ സ്വപ്നമാണെന്നു ഞാൻ അവരെ അറിയിച്ചിട്ടില്ല. ഒരിക്കലും പുതിയ തുണിക്കായി ആരോടും വാശി പിടിച്ചിട്ടില്ല. ഇപ്പോഴും പുതിയത് വാങ്ങുക എന്നത് ആഡംബരമായാണു തോന്നുക.

കഴിഞ്ഞ രണ്ട് മാസമാണ് പുതിയ തുണി എനിക്കായി വാങ്ങിയത്. അതുകൊണ്ട് കളക്ടർ വാസുകി തുടങ്ങിയ ചലഞ്ച് അംഗീകരിക്കാൻ ആകുന്നില്ല. ജീവിതം തുടങ്ങിയതെ ഉള്ളൂ. അതുകൊണ്ടാണെ..

"ഈ ബോധവൽക്കരണം വേണ്ടത് സമൂഹത്തിലെ വെണ്ണ പാളിയിലാണ്, ചെയ്യാൻ ധൈര്യമുണ്ടോ കളക്ടറെ"- ആഷാ റാണി

യൂണിഫോം കഴിഞ്ഞാൽ വർഷത്തിൽ ഒന്നോ രണ്ടോ ഉടുപ്പ് വാങ്ങും, മിക്കവാറും ഒാണത്തിന് മാത്രം ചേട്ടൻ ജോലിചെയ്യുന്ന കാലം മുതലാണത്. വാങ്ങുമ്പോൾ കൊല്ലം മുഴുവനും ഉപയോഗിക്കാവുന്ന തരത്തിൽ കുറച്ച് നല്ലത്. അപ്പോഴും അമ്മയുടെ ഒരു ഡയലോഗ് എന്റെ മക്കളെ കണ്ടവന്റെ കീറത്തുണി ഉടുപ്പിക്കുന്ന ഗതികേട് വരത്തല്ലെ ദെെവമെ എന്നാണ്.

മുതിർന്ന സമയത്ത് ഹോസ്റ്റലിലും മറ്റ് വച്ച് ഡ്രസ്സുകൾ പരസ്പരം മാറിയിടാറുണ്ട് ചിലത് ഇഷ്ടം കൊണ്ട് പരസ്പരം വച്ച് മാറാനും സ്വന്തമായി കൊടുക്കാനും വാങ്ങാനും ഒക്കെ സാധിച്ചിട്ടുണ്ട് . അതുകൊണ്ട് ഈ പഴയ വസ്ത്ര ചലഞ്ച് അത്ര സംഭവം ആയി തോന്നിയില്ല. പക്ഷേ ആരെങ്കിലും ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങൾ ഉപയോഗിക്കുക എന്നത് പലതരത്തിലുള്ള വിവേചനങ്ങൾ സമൂഹത്തിൽ നേരിടുന്ന വസ്ത്രത്തിന്റെ പേരിൽ മാറ്റി നിർത്തലും അടയാളപ്പെടുത്തലും വേദനയോടെ സഹിച്ച പലർക്കും സ്വീകാര്യമാകത്തത് സ്വാഭാവീകം.

പക്ഷെ ചലഞ്ച് തികച്ചും സീരിയസ്സ് ആയി എടുക്കേണ്ട ഒരു വിഭാഗം ഉണ്ട്.

അധ്യാപകർ, ഡോക്ടർമാർ, സർക്കാരുദ്യോഗസ്ഥർ, പാരമ്പര്യ പണക്കാർ, ബിസിനസ്സ്കാർ തുടങ്ങി മിഡിൽ ക്ലാസ് , അപ്പർ മിഡിൽ ക്ലാസ് ഉൾപ്പെടുന്ന സമൂഹത്തിലെ ഒരു വെണ്ണപ്പാളിയുടെ വസ്ത്ര ഉപഭോഗത്തിലെ ധാരാളിത്തം കണ്ട് അന്തം വിട്ടിട്ടുണ്ട്. പഠിക്കുന്ന കാലത്ത് ചില അധ്യാപകരുടെ വസ്ത്രം എണ്ണൽ തന്നെ പിള്ളേർക്ക് നേരംപോക്കായിരുന്നു. മാസങ്ങൾ കഴിഞ്ഞാലും റിപ്പീറ്റ് വരാത്ത വസ്ത്രശേഖരം ഉളള ഉദ്യോഗസ്ഥരെ പറ്റി യൂണിവേഴ്സിറ്റിയിലൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഹോസ്റ്റലിലൊക്കെ അത്തരം ധനിക കുടുംബത്തിൽ നിന്നുളള സഹമുറിയർ ഒരു ബാധ്യതയായിരുന്നു കെട്ട് കണക്കിന് ഇട്ട് മുഷിഞ്ഞ വസ്ത്രങ്ങൾ ഉണ്ടാക്കുന്ന അസഹ്യഗന്ധം. അങ്ങനയുളളവർ ഒക്കെ കളക്ടറുടെ പഴയ വസ്ത്ര ചലഞ്ച് കാര്യമായി എടുക്കണം. ഒരു പരിസ്ഥിതി പ്രശ്നം ആയി തന്നെ ഇതിനെകാണണം. കാരണം വസ്ത്രങ്ങൾ ഉണ്ടാക്കുന്ന മാലിന്യം ഒരു പ്രധാന ബാധ്യതയാണ് പ്രത്യേകിച്ച് കോട്ടൺ അല്ലാത്തവ.

ബാക്കിയുളളവർ പഴയ വസ്ത്രങ്ങൾ ഉപയോഗിക്കണം എന്ന് പറയേണ്ടതില്ല കളക്ടർ പറഞ്ഞ പരിസ്ഥിതി നാശത്തിലേക്ക് വളരെ കുറച്ച് കോണ്ട്രിബ്യൂഷനെ അവരുടേതായുളളു. വർഷത്തിൽ സമ്പാദ്യത്തിൽ നിന്ന് മിച്ചം പിടിച്ച് ഷോപ്പ് ചെയ്യുന്നവർ, ജോലി കിട്ടിയ ശേഷം മാത്രം ഇഷ്ടമുളള വസ്ത്രം വാങ്ങാൻ സാമ്പത്തികം ഉണ്ടായവർ തുടങ്ങിയവർ. കാരണം വസ്ത്രത്തിന്റെ പേരിൽ മാത്രം പലയിടത്തും നിന്ന് മാറ്റി നിന്ന് മാറ്റി നിർത്തപ്പെട്ടവർ ഉൾപ്പടെ ഉളളവർക്ക് ഈ പഴയ ഉടുപ്പ് ചലഞ്ച് അത്ര പുതിയ സംഭവം ഒന്നുമല്ലാ. പക്ഷെ ഈ ചാലഞ്ച് രാഷ്ട്രീയ ക്കാരുള്പ്പടെ പ്രസംഗിച്ച് നടക്കാൻ പോകുന്നത് സാധാരണക്കാരോട് ആകും ദേ കളക്ടർ വരെ പിന്നെ നിങ്ങൾക്ക് എന്താ എന്നാവും ചോദ്യം.

ഈ ബോധവത്കരണം വേണ്ടത് സമൂഹത്തിലെ വെണ്ണപ്പാളിയിലാണ്. അത് ചെയ്യാൻ ധെെര്യമുണ്ടോ കളക്ടർ?