വെള്ളം ചീറ്റിച്ച് വിമാനത്തിന് സല്യൂട്ട്: വരള്‍ച്ചയിലെ ഉത്തരവ് ലംഘിച്ച് മുഖ്യമന്ത്രിയുടെ പരിപാടി

വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നത് വരെ കേസെടുക്കാവുന്ന കുറ്റമാക്കിയ എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് കൊച്ചി വിമാനത്താവളത്തില്‍ പുതുതായെത്തിയ വിമാനത്തിന് ഫയര്‍ഫോഴ്‌സ് വാഹനങ്ങളില്‍ അടിയന്തരാവശ്യങ്ങള്‍ക്ക് ശേഖരിച്ചുവെച്ച വെള്ളമുപയോഗിച്ച് ജലാഭിവാദ്യം നടത്തിയത്.

വെള്ളം ചീറ്റിച്ച് വിമാനത്തിന് സല്യൂട്ട്: വരള്‍ച്ചയിലെ ഉത്തരവ് ലംഘിച്ച് മുഖ്യമന്ത്രിയുടെ പരിപാടി

സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലും കൊച്ചി വിമാനത്താവളത്തില്‍ കടുത്ത ജലദുരുപയോഗം. ജലചൂഷണം തടയാന്‍ ജില്ലാ കളക്ടര്‍ കര്‍ശന നിബന്ധനകളോടെ വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തിലാണ് വിമാനത്താവളത്തിലെത്തിയ പുതിയ വിമാനത്തിന് ജലാഭിവാദ്യം (വാട്ടര്‍ സല്യൂട്ട്) നടത്തിയത്. കഴിഞ്ഞ ദിവസം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനലിലെത്തിയ പുതിയ വിമാനത്തിനാണ് നൂറുകണക്കിന് ലിറ്റര്‍ വെള്ളം പാഴാക്കി ജലാഭിവാദ്യം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയിലാണ് വിമാനത്തിന്റെ ഇരു ഭാഗങ്ങളില്‍ നിര്‍ത്തിയിട്ട ഫയര്‍ ആന്റ് റെസ്‌ക്യൂ വാഹനങ്ങളില്‍ നിന്ന് വാട്ടര്‍ സല്യൂട്ട് ചെയ്തത്.

ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജലചൂഷണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുന്നതടക്കം കര്‍ശന നടപടികളടങ്ങുന്ന വിജ്ഞാപനം എറണാകുളം ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള പുറപ്പെടുവിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് വിമാനത്താവളത്തില്‍ അമിതമായ ജലചൂഷണം നടന്നത്. ഹോസ് ഉപയോഗിച്ച് ചെടിയും മുറ്റവും നനയ്ക്കുന്നത്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനധികൃതമായി വെള്ളം ഉപയോഗിക്കുന്നത്, വാഹനങ്ങള്‍ കഴുകുന്നത് എന്നിവ പിടികൂടിയാല്‍ വാട്ടര്‍ സപ്ലൈ ആൻഡ് സ്യൂവറേജ് ആക്റ്റ് പ്രകാരം കേസെടുക്കാനാണ് വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പമ്പ് ഉപയോഗിച്ച് വെള്ളമൂറ്റല്‍, ഹോസ് ഉപയോഗിച്ച് കിണര്‍ നിറയ്ക്കല്‍ എന്നിവ ചെയ്താലും കേസെടുക്കുമെന്നും വിജ്ഞാപനം പറയുന്നു. ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ വിവരമറിയിക്കാന്‍ കളക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിരുന്നു. 048423-2360369, 18004255313 (ടോള്‍ ഫ്രീ നമ്പര്‍) എന്നീ നമ്പറുകളില്‍ ജലചൂഷണം വിളിച്ചറിയിക്കാനും കളക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്.


ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് ഫയര്‍ഫോഴ്‌സ് വാഹനം ഉപയോഗിച്ച് അമിതമായി ജലദുരുപയോഗം നടത്തി വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നടത്തിയത്. കടുത്ത വേനലായതിനാല്‍ പലയിടങ്ങളിലും തീപ്പിടുത്തതിന് സാഹചര്യം നിലനില്‍ക്കെ അത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള വെള്ളമാണ് ജലാഭിവാദ്യത്തിന്റെ പേരില്‍ ദുരുപയോഗം ചെയ്തത്. ഏത് തരം വെള്ളമാണ് ജലാഭിവാദ്യത്തിനായി വിമാനത്താവളത്തില്‍ ഉപയോഗിച്ചതെന്ന കാര്യം അന്വേഷിക്കുമെന്ന് കളക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള നാരദാ ന്യൂസിനോടു പറഞ്ഞു.

Read More >>