ഭീമനാകാൻ മോഹൻലാൽ ഇളയിടത്തിന്റെ പ്രസംഗം കേൾക്കണം: ഉപദേശവുമായി കോൺഗ്രസ് എംഎൽഎ

സുനിൽ പി ഇളയിടത്തിന്റെ "മഹാഭാരതം: സാംസ്കാരിക ചരിത്രം" എന്ന പ്രഭാഷണ പരമ്പര യൂട്യൂബിലൂടെ താങ്കൾ കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായും ഇനി അഥവാ തിരക്കുകൾക്കിടയിൽ താങ്കൾക്കത്‌ കേൾക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിൽ ഇനിയെങ്കിലും അതിനു സമയം കണ്ടെത്തണമെന്നും എംഎൽഎ പറയുന്നു

ഭീമനാകാൻ മോഹൻലാൽ ഇളയിടത്തിന്റെ പ്രസംഗം കേൾക്കണം: ഉപദേശവുമായി കോൺഗ്രസ് എംഎൽഎ

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവലിന്റെ പശ്ചാത്തലത്തിലിറങ്ങുന്ന മഹാഭാരതം സിനിമയിൽ ഭീമനായി വേഷമിടുന്ന നടൻ മോഹൻലാലിനെ ഉപദേശിച്ച് കോൺ​ഗ്രസ് എംഎൽഎ വി ടി ബൽറാം. ഭീമനാകാൻ മോഹൻലാൽ ഡോ. സുനിൽ പി ഇളയിടത്തിന്റെ പ്രസംഗം കേൾക്കണമെന്നാണ് ബൽറാമിന്റെ ഉപദേശം.

സുനിൽ പി ഇളയിടത്തിന്റെ "മഹാഭാരതം: സാംസ്കാരിക ചരിത്രം" എന്ന പ്രഭാഷണ പരമ്പര യൂട്യൂബിലൂടെ താങ്കൾ കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായും ഇനി അഥവാ തിരക്കുകൾക്കിടയിൽ താങ്കൾക്കത്‌ കേൾക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിൽ ഇനിയെങ്കിലും അതിനു സമയം കണ്ടെത്തണമെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ നിർദേശിക്കുന്നു. അത് രണ്ടു രീതിയിലായിരിക്കും മോഹൻലാലിന് ഉപകാരപ്പെടുകയെന്നാണ് വി ടി ബൽറാം പറയുന്നത്.

ഒന്ന്- രണ്ടാമൂഴത്തെ അധികരിച്ചു നിർമിക്കപ്പെടുന്ന ചലച്ചിത്രത്തിൽ താങ്കൾ അവതരിപ്പിക്കാൻ പോകുന്ന ഭീമന്റെ കഥാപാത്രത്തെ കൂടുതൽ ആഴത്തിലുൾക്കൊള്ളാൻ മഹാഭാരതത്തെ അതിന്റെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ വിശാലതയിൽ അറിയുന്നത്‌ ഗുണകരമായിരിക്കും. അതിലൂടെ അസാമാന്യ അഭിനയ പ്രതിഭയായ താങ്കളുടെ എക്കാലത്തേയും മികച്ച കഥാപാത്രമായി എം ടിയുടെ ഭീമൻ മാറുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട്‌- താങ്കളുടെ സിനിമക്ക്‌ രണ്ടാമൂഴമെന്നു വേണമെങ്കിൽ പേരിട്ടോട്ടെ, മഹാഭാരതമെന്നു പേരിട്ടാൽ അത്‌ തീയേറ്റർ കാണില്ല എന്ന് ആക്രോശിച്ച്‌ വെല്ലുവിളിക്കുന്ന കെ പി ശശികലക്കും ഹിന്ദു ഐക്യവേദിക്കും (അതേ, നമ്മുടെ സ്വാമി പാതിലിംഗ സ്വയം ഛേദാനന്ദയുടെ സംഘടന തന്നെ) താങ്കൾ ബ്ലോഗിലൂടെയോ മറ്റോ മറുപടി നൽകാനുദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനും ആ പ്രഭാഷണം ഉപകരിക്കും.

മഹാഭാരതമെന്നാൽ അങ്ങനെ ഒരു വ്യാസൻ മാത്രം എഴുതിയ മോണോലിത്തിക്ക്‌ ടെക്‌സ്റ്റ്‌ അല്ലെന്നും അത് സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പകർന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വളർന്നു വികസിച്ച്‌ ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണെന്നും അതൊരു കേവല മതഗ്രന്ഥമല്ലെന്നും അതുകൊണ്ടുതന്നെ മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ വിശ്വാസി വിഭാഗങ്ങൾക്കോ തീറെഴുതിക്കൊടുക്കാവുന്നതല്ലെന്നും താങ്കളുടെയും ശശികലയുടേയും മ്യൂച്വൽ ഫ്രണ്ട്സ്‌ ആയ പല സംഘികൾക്കും മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ്‌ പോസ്റ്റിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നതായും ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.


വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം