ആരോപണ പ്രത്യാരോപണങ്ങളുമായി കൃഷിവകുപ്പിലെ ഉന്നതരുടെ ചേരിപ്പോര്: തീ കെടുത്താൻ സർക്കാർ ഇടപെടുന്നു; വിവാദങ്ങളുണ്ടാക്കാതെ ഏൽപ്പിച്ച പണി ചെയ്യണമെന്ന് മന്ത്രി

കൃഷിവകുപ്പ് ഡയറക്ടർ ബിജു പ്രഭാകർ‍ ഐഎഎസും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി ഐഎഎസും തമ്മിലുള്ള പോര് രൂക്ഷമായതോടെയാണ് വിഷയത്തിൽ വകുപ്പ് മന്ത്രി രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയത്. കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പോര് അനാവശ്യമാണെന്നും വിവാദമുണ്ടാക്കാതെ സർക്കാർ ഏൽപ്പിച്ച ജോലികൾ ചെയ്യണമെന്നും കൃഷിമന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. തർക്കം തുടർന്നാൽ സര്‍ക്കാര്‍ ഇടപെടുമന്നും അദ്ദേഹം വ്യക്തമാക്കി.

ആരോപണ പ്രത്യാരോപണങ്ങളുമായി കൃഷിവകുപ്പിലെ ഉന്നതരുടെ ചേരിപ്പോര്: തീ കെടുത്താൻ സർക്കാർ ഇടപെടുന്നു; വിവാദങ്ങളുണ്ടാക്കാതെ ഏൽപ്പിച്ച പണി ചെയ്യണമെന്ന് മന്ത്രി

കൃഷിവകുപ്പിലെ രണ്ട് ഉന്നത ഐഎഎസ് ഉദ്യോ​ഗസ്ഥർ. ഇവരുടെ "കൃഷി" നടക്കാത്തതാണോ യഥാർത്ഥ കാരണം? ഇവർ ആരെയാണ് കൃഷി ചെയ്യാൻ ശ്രമിക്കുന്നത്? ഒരു വർഷം പിന്നിടുന്ന പിണറായി മന്ത്രിസഭയിൽ ഈ ഉന്നത ഉദ്യോ​ഗസ്ഥരുടെ "കൃഷി അടി" പരസ്യമായതോടെ സർക്കാർ ഇടപെടുന്നു.

കൃഷിവകുപ്പ് ഡയറക്ടർ ബിജു പ്രഭാകർ‍ ഐഎഎസും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി ഐഎഎസും തമ്മിലുള്ള പോര് രൂക്ഷമായതോടെയാണ് വിഷയത്തിൽ വകുപ്പ് മന്ത്രി രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയത്. കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പോര് അനാവശ്യമാണെന്നും വിവാദമുണ്ടാക്കാതെ സർക്കാർ ഏൽപ്പിച്ച ജോലികൾ ചെയ്യണമെന്നും കൃഷിമന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. തർക്കം തുടർന്നാൽ സര്‍ക്കാര്‍ ഇടപെടുമന്നും അദ്ദേഹം വ്യക്തമാക്കി.

ബിജു പ്രഭാകറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രാജു നാരായണ സ്വാമി അദ്ദേഹത്തിന്റെ ഐഎഎസ് വ്യാജമാണെന്നും ഇത് തെളിയിക്കാൻ തന്റെ കൈയിൽ രേഖകളുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഒരു മന്ത്രിയുടെ മകനായത് കൊണ്ടുമാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിന് ഐഎഎസ് ലഭിച്ചതെന്നാണ് രാജു നാരയാണസ്വാമിയുടെ ആരോപണം. ബിജുവിന് ഐഎഎസ് നല്‍കിയത് ക്രമവിരുദ്ധമായിട്ടാണെന്നും ഇതേക്കുറിച്ച് കേന്ദ്രസര്‍ക്കാരിനു പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജുവിന് ഐഎഎസ് നല്‍കിയവരും ഇതിലൂടെ കുടുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

അതേസമയം, ആരോപണം തള്ളി രം​ഗത്തെത്തിയ ബിജു പ്രഭാകർ താൻ അവധിയെടുക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ ബിജു പ്രഭാകറിന്റെ ഇപ്പോഴത്തെ അവധിയെടുക്കൽ മുൻകൂർ ജാമ്യമാണെന്നുമായിരുന്നു രാജു നാരായണ സ്വാമിയുടെ പ്രതികരണം. ബിജു പ്രഭാകറിന്റെ ഇപ്പോഴത്തെ നടപടികളിലും അഴിമതിയുണ്ട്. വ്യവസായ മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുടെ ഭാര്യയെ ചട്ടം ലംഘിച്ചാണ് ബിജു പ്രഭാകർ ഹോര്‍ട്ടി കോര്‍പ്പില്‍ നിയമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഇല്ലാത്ത തസ്തികയാണെന്നും പണം നല്‍കാതിരുന്ന ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയതായും രാജു നാരായണ സ്വാമി പറഞ്ഞു.

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പിന്തുണയോടെയാണ് ബിജു ഇതെല്ലാം ചെയ്യുന്നതെന്നും കാർഷികവകുപ്പ് സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്താണ് ഈ പാര്‍ട്ടി നേതൃത്വം ബിജുവിനെ കൃഷിവകുപ്പിലെത്തിച്ചതെന്നും രാജു നാരായണസ്വാമി ആരോപിക്കുന്നു. കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടിയില്‍ ബിജു പ്രഭാകര്‍ ഇസ്രയേലില്‍ നിന്നുള്ള കൃഷി വിദഗ്ധനെ കൊണ്ടുവന്നത് ചട്ടവിരുദ്ധമായാണ്. ഇതിനു കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങിയിരുന്നില്ലെന്നു പറയുന്ന രാജു നാരായണ സ്വാമി ഇതു സംബന്ധിച്ച ഫയലുകളെല്ലാം പരിശോധനയ്ക്കായി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, അഴിമതി ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്നെ വിജിലൻസ് കേസിൽ കുടുക്കാനുള്ള തന്ത്രമാണിതെന്നുമാണ് ബിജു പ്രഭാകറിന്റെ വാദം. ഇക്കാര്യം കൃഷിമന്ത്രി വി എസ് സുനില്‍കുമാറിനേയും ചീഫ് സെക്രട്ടറി നളിനി നെറ്റോയും കണ്ട് ബിജു പ്രഭാകര്‍ പരാതിപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ കൃഷിവകുപ്പില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞ ബിജു തന്റെ പ്രവർത്തന രീതി വകുപ്പ് സെക്രട്ടറിക്ക് അം​ഗീകരിക്കാൻ കഴിയാത്ത സ്ഥിതിക്ക് തന്നെ അവധിയിൽ പോവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 10 ദിവസത്തേക്ക് അദ്ദേഹത്തിനു സർക്കാർ അവധി നൽകുകയും ചെയ്തു.

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും ഐഎഎസ് ഉദ്യോ​ഗസ്ഥരും തമ്മിലുള്ള പോര് സർക്കാരിനു തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൃഷിവകുപ്പിലെ രണ്ട് ഉന്നത ഉദ്യോ​ഗസ്ഥരുടെ ചക്കിളത്തിപ്പോര്. ഈ സാഹചര്യത്തിൽ സർക്കാരിനു മാനഹാനിയാവുമെന്നു ബോധ്യമായതോടെയാണ് വകുപ്പ് മന്ത്രിയുടെ ഇടപെടൽ.