അതിരപ്പള്ളി പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് വി എസ്; പാരിസ്ഥിതിക കാഴ്ചപാടുകള്‍ മാത്രം പോരാ, ക്രിയാത്മക ഇടപെടലും വേണം

അതിരപ്പള്ളി വിഷയത്തില്‍ നിലപാടാവര്‍ത്തിച്ച് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് മാതൃഭൂമി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ വി എസ് പറഞ്ഞു. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്നില്ല. പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്കു നഷ്ടപ്പെട്ടെന്ന് കരുതുന്നില്ലെന്നും വി എസ് അഭിമുഖത്തില്‍ വ്യക്തമാക്കി.

അതിരപ്പള്ളി പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് വി എസ്;  പാരിസ്ഥിതിക കാഴ്ചപാടുകള്‍ മാത്രം പോരാ, ക്രിയാത്മക ഇടപെടലും വേണം

അതിരപ്പള്ളി പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ഇന്നത്തെ ഗുരുതരമായ പാരസ്ഥിതികാവസ്ഥ കൂടി കണക്കിലെടുത്ത് അതിരപ്പള്ളി പദ്ധതിയല്ല അനുയോജ്യം എന്നാണ് തോന്നുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ രംഗത്തെ വിദഗ്ധരും സംഘടനകളും പറയുന്നത് തെറ്റാണെന്ന് വിധിയെഴുതുന്നത് ഗുണകരമാകില്ലെന്നും മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

കേരളം പാരിസ്ഥിതിക സമൃദ്ധിയില്‍ വിരാജിച്ച കാലത്തെ വികസന നയങ്ങളല്ല, പാരസ്ഥിതിക വിനാശകാലത്ത് കൈക്കൊള്ളാനാകുക. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കായുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടങ്ങളിലെല്ലാം ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളും വിദഗ്ധരും അതിന്റെ ദുരന്തഫലങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തില്‍ രണ്ട് മുന്നണികളും ഓരോ ഘട്ടത്തില്‍ അതിരപ്പള്ളി പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടെന്നും വി എസ് പറയുന്നു. അതിരപ്പള്ളി വിഷയത്തില്‍ ഇടതുപക്ഷ ജനാധ്യപത്യ മുന്നണിയിലും സമവായമുണ്ടാക്കേണ്ടതുണ്ടെന്നും വൈദ്യുത മന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും വി എസ് ചൂണ്ടിക്കാട്ടുന്നു.

ജനാധിപത്യ സംവിധാനത്തില്‍ സ്വതന്ത്രമായും നീതിപൂര്‍വ്വകമായും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്രം പൊലീസിന് നല്‍കുന്നതാണ് ശരിയെന്നും എന്നാല്‍ അതിനര്‍ത്ഥം അനിയന്ത്രിതമായ അധികാര പ്രയോഗത്തിന് പൊലീസിനെ കയറൂരി വിടണമെന്നല്ലെന്നും വി എസ് പറഞ്ഞു. രാഷ്ട്രീയ ഇച്ഛാശക്തിയോടെ പൊലീസിനുമേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയേണ്ടതുണ്ട്. കേരളത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തരവകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രി തന്നെ നിര്‍ബന്ധമില്ലെന്നും മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അങ്ങനെയായിരുന്നില്ലെന്നും വിഎസ് പറഞ്ഞു.

പൊലീസിന്റെ മേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് താന്‍ കരുതുന്നില്ലെന്നും വിഎസ് വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ക്രമമായി വര്‍ധിച്ചുവരികയാണെന്ന് വി എസ് പറയുന്നു. നിയമത്തിന്റെ നൂറായിരം പഴുതുകളിലൂടെ പ്രതികള്‍ രക്ഷപ്പെടുന്നതും പൊലീസ് തന്നെ പ്രതികള്‍ക്കനുകൂലമായ നിലപാടെടുക്കുന്നതും കണ്ടിട്ടുള്ളതാണെന്നും വിഎസ് പറഞ്ഞു. കുപ്രസിദ്ധമായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട കേസ് പൊലീസ് തന്നെയാണ് എഴുതി തള്ളിയതെന്നും വി എസ് പറഞ്ഞു.

സദാചാരം എന്നത് ദുരാചാരമായി മാറുന്നുവെന്ന് ഈയിടെ പുറത്തുവരുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള സൗഹൃദങ്ങളെ സങ്കുചിതമായ കണ്ണിലൂടെ നോക്കിക്കാണുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സ്ത്രീയുടെ സംരക്ഷണം, സഞ്ചാരം, വസ്ത്രധാരണം, പെരുമാറ്റം, എന്നിവയെല്ലാം സംസ്‌കാരവുമായി ബന്ധിപ്പിക്കാനുള്ള മതപരമായ നീക്കം വര്‍ധിച്ചു വരുന്നതാണ് അതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭരണം പരിഷ്‌ക്കരിക്കാനുള്ള തന്റെ ശുപാര്‍ശകളില്‍ സ്ത്രീ സുരക്ഷയും വിദ്യാഭ്യാസവും പരിസ്ഥിതിയും വേണ്ട രീതിയില്‍ പ്രതിഫലിപ്പിക്കപ്പെടുമെന്ന് ഉറപ്പുതരുന്നതായും വി എസ് അഭിമുഖത്തില്‍ വ്യക്തമാക്കി.