സബ് കളക്ടർക്കു പിന്തുണയുമായി വീണ്ടും വിഎസ്; കുരിശാണെങ്കിലും കൈയേറ്റം ഒഴിപ്പിക്കണം

കൈയേറ്റത്തിനെതിരെ കർശന നിലപാട് സ്വീകരിക്കണമെന്നു പറഞ്ഞ വിഎസ്, കുരിശാണെങ്കിലും അത് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഏതു രീതിയിലുള്ള കൈയേറ്റമാണെങ്കിലും ഒഴിപ്പിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

സബ് കളക്ടർക്കു പിന്തുണയുമായി വീണ്ടും വിഎസ്; കുരിശാണെങ്കിലും കൈയേറ്റം ഒഴിപ്പിക്കണം

മൂന്നാറിർ സൂര്യനെല്ലി പാപ്പാത്തി ചോലയില്‍ സർക്കാർ ഭൂമി കൈയേറി നിർമിച്ച കുരിശ് പൊളിച്ചതിനെ അനുകൂലിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ.

കൈയേറ്റത്തിനെതിരെ കർശന നിലപാട് സ്വീകരിക്കണമെന്നു പറഞ്ഞ വിഎസ്, കുരിശാണെങ്കിലും അത് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഏതു രീതിയിലുള്ള കൈയേറ്റമാണെങ്കിലും ഒഴിപ്പിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

കുരിശ് പൊളിച്ചതിനെ വിമർശിച്ചും റവന്യു ഉദ്യോ​ഗസ്ഥരെ പരസ്യമായി ശാസിച്ചും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഎസ് വീണ്ടും ഉറച്ച നിലപാട് ആവർത്തിച്ചിരിക്കുന്നത്. നേരത്തെയും സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമനു പിന്തുണയുമായി വിഎസ് പ്രതികരിച്ചിരുന്നു.

ഇതുകൂടാതെ, സിപിഐയും റവന്യു വകുപ്പിന്റേയും സബ് കളക്ടറുടേയും പ്രവർത്തനങ്ങൾക്കൊപ്പമാണ്. ഇപ്പോൾ വിഎസ് വീണ്ടും ഇക്കാര്യത്തിൽ നിലപാട് ആവർത്തിക്കുമ്പോൾ ഇത് സർക്കാരിനേയും പാർട്ടിയേയും കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.

ഇന്നലെ രാവിലെയാണ് പാപ്പാത്തിചോലയിലെ കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന ഭീമന്‍ കുരിശ് റവന്യൂസംഘം പൊളിച്ചുനീക്കിയത്. ആദ്യം ചുറ്റിക ഉപയോ​ഗിച്ച് പൊളിച്ചും പിന്നീട് ട്രാക്ടറെത്തിച്ച് ഡ്രില്ല് ചെയ്യുകയും ചെയ്ത ശേഷം ജെസിബി എത്തിച്ച് കുരിശ് ഇടിച്ചുതാഴെയിടുകയായിരുന്നു. ‌

തൃശ്ശൂര്‍ കേന്ദ്രമായുള്ള സ്പിരിറ്റ് ഇന്‍ ജീസസ് എന്ന ക്രിസ്ത്യന്‍ സംഘടനയുടേതാണ് പൊളിച്ചുമാറ്റപ്പെട്ട കുരിശ്. ബ്രദര്‍ ടോം സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘടനയാണിത്. സംഘടനയുടെ സ്ഥാപകൻ ടോം സക്കറിയക്കെതിരെ ഇന്നു രാവിലെ പൊലീസ് കൈയേറ്റത്തിനു കേസെടുത്തിരുന്നു.

സർക്കാർ ഭൂമിയിൽ അതിക്രമിച്ചുകയറുക, കുരിശ് നാട്ടി സ്ഥലം കൈയേറുക എന്നീ കുറ്റങ്ങൾ ചുമത്തി 1957 ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉടമ്പഞ്ചോല അഡീഷനൽ തഹസീൽദാർ എം കെ ഷാജിയുടെ നിർദേശ പ്രകാരം ശാന്തൻപാറ പൊലീസാണ് കേസെടുത്തത്.