ഗംഗേശാനന്ദ സ്വാമി അന്തേവാസിയല്ലെന്ന പന്മന ആശ്രമത്തിന്റെ വാദം പൊളിയുന്നു; നിലവിലെ വോട്ടേഴ്‌സ് ലിസ്റ്റിലും സ്വാമിയുടെ പേര്: സ്വാമി ആശ്രമത്തിലെത്താറുണ്ടെന്നു ബിഎല്‍ഒയുടെ വെളിപ്പെടുത്തൽ

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവശ്യമായ സ്ലിപ്പ് സ്വാമിക്കു വിതരണം ചെയ്തിട്ടുണ്ടെന്ന് ബിഎൽഒ അജന്തകുമാരി നാരദാ ന്യൂസിനോടു വെളിപ്പെടുത്തി. സ്വാമി നിർദ്ദേശിച്ച പ്രകാരം സ്വാമി പറഞ്ഞയച്ച വ്യക്തിയുടെ കൈവശം സ്ലിപ്പ് ആശ്രമത്തിലേക്കു കൊടുത്തു വിട്ടതായും അജന്തകുമാരി പറഞ്ഞു.

ഗംഗേശാനന്ദ സ്വാമി അന്തേവാസിയല്ലെന്ന പന്മന ആശ്രമത്തിന്റെ വാദം പൊളിയുന്നു; നിലവിലെ വോട്ടേഴ്‌സ് ലിസ്റ്റിലും സ്വാമിയുടെ പേര്: സ്വാമി ആശ്രമത്തിലെത്താറുണ്ടെന്നു ബിഎല്‍ഒയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരത്തു പീഡനത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ഇപ്പോഴും പന്മന ആശ്രമത്തിലെ അന്തേവാസിയാണെന്നു തെളിവുകൾ. ഗംഗേശാനന്ദ സ്വാമികള്‍ക്ക് ഇപ്പോള്‍ പന്മന ആശ്രമവുമായി ബന്ധമില്ലെന്നും ആശ്രമത്തിന്റെ സത്‌പേര് കളങ്കപ്പെടുത്തുന്ന തരത്തിലുള്ള കള്ളപ്രചരണം അവസാനിപ്പിക്കണമെന്നും ആശ്രമം മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ഇപ്പോഴും പന്മന ആശ്രമത്തിലെ അന്തേവാസി തന്നെയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എംടിഎസ്2104560 എന്ന നമ്പരിലുള്ള തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡില്‍ ഗംഗേശാനന്ദ സ്വാമികള്‍ പന്മന ആശ്രമത്തിലെ അന്തേവാസി തന്നെയാണ്. ചവറ നിയോജക മണ്ഡലത്തില്‍ 16-ാം ബൂത്തിലെ വോട്ടേഴ്സ് ലിസ്റ്റിൽ സീരിയല്‍ നമ്പര്‍ 983 -ാം നമ്പർ വോട്ടറാണ് സ്വാമി. തിരിച്ചറിയല്‍ കാര്‍ഡില്‍ സ്വാമി പ്രജ്ഞാനനന്ദ തീര്‍ത്ഥയുടെ പേരാണ് രക്ഷകർത്താവിൻ്റെ സ്ഥാനത്തുള്ളത്.ഗംഗേശാനന്ദ സ്വാമികളെ കൂടാതെ അതേ വിലാസത്തില്‍ മറ്റ് ഏഴുപേര്‍കൂടി വോട്ടര്‍പട്ടികയിലുണ്ട്.


തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യക്തി എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശ്രമത്തില്‍ താമസിച്ച് ഹരി എന്ന പേര് മാറ്റി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിച്ച് പന്മന ആശ്രമത്തിന്റെ മേല്‍വിലാസത്തില്‍ ഇലക്ഷന്‍ ഐഡി നേടിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പന്മന ആശ്രമവുമായി യാതൊരു ബന്ധവും ഇല്ലെന്നുമാണ് പ്രണവാനന്ദ തീര്‍ത്ഥപാദര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

പിന്നീട് ആശ്രമത്തില്‍ നിന്നും പോകുകയും കോഴഞ്ചേരി , തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്ടല്‍ ബിസിനസ് നടത്തി വരുകയായിരുന്നതായി പറയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ തെരഞ്ഞെടുപ്പിനും കൃത്യമായി ഈ ബുത്തില്‍ വോട്ടുചെയ്യുന്ന വ്യക്തിയാണ് ഗംഗേശാനന്ദ സ്വാമികളെന്നും വര്‍ഷങ്ങളായി സ്വാമി തന്റെ ബൂത്തിലെ വോട്ടറാണെന്നും ബൂത്ത് ലെവല്‍ ഓഫീസർ അജന്ത കുമാരി നാരദാ ന്യൂസിനോടു പറഞ്ഞു. വര്‍ഷങ്ങളായി ആശ്രമവുമായി ബന്ധമില്ലെന്നു പറയുന്ന സ്വാമിയുടെ പേര് എന്തുകൊണ്ടു നീക്കം ചെയ്തില്ല എന്ന ചോദ്യത്തിനും ആശ്രമം അധികൃതര്‍ക്കു ഉത്തരമില്ല. സ്വാമിയുടെ സ്ഥിരം വിലാസം ആശ്രമത്തിൻ്റേതാണെന്നും വിശേഷാവസരങ്ങളിലുൾപ്പെടെ കൃത്യമായി സ്വാമി ആശ്രമത്തിലെത്താറുണ്ടെന്നും അതിനാലാണ് ഇപ്പോഴും വോട്ടേഴ്സ് ലിസ്റ്റിൽ പേര് നിലനിർത്തിയിരിക്കുന്നതെന്നുമാണ് ബിഎൽഒ പറയുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവശ്യമായ സ്ലിപ്പ് സ്വാമിക്കു വിതരണം ചെയ്തിട്ടുണ്ടെന്ന് ബിഎൽഒ അജന്തകുമാരി നാരദാ ന്യൂസിനോടു വെളിപ്പെടുത്തി. സ്വാമി നിർദ്ദേശിച്ച പ്രകാരം സ്വാമി പറഞ്ഞയച്ച വ്യക്തിയുടെ കെെവശം സ്ലിപ്പ് ആശ്രമത്തിലേക്കു കൊടുത്തു വിട്ടതായും അജന്തകുമാരി പറഞ്ഞു. ആറുമാസത്തിലധികം സ്ഥിരതാമസമില്ലെങ്കിൽ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പേര് നീക്കം ചെയ്യപ്പെടുമെന്നിരിക്കേ ആശ്രമം അധികൃതരുടെ വാദം പൊളിക്കുന്നതാണ് വോട്ടേഴ്സ് ലിസ്റ്റ്.