വി ശിവൻകുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി; നിയമസഭയിലെ കെെയ്യാങ്കളി കേസ് പിൻ‌വലിക്കുന്നു

സ്പീക്കർ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്തിരുന്നു എങ്കിലും പൊലീസ് കേസുമായി മുന്നോട്ട് പോവുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്ന കേസിൽ ആറ് എൽഡിഎഫ് എംഎൽഎമാർ പ്രതികളാണ്.

വി ശിവൻകുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി; നിയമസഭയിലെ കെെയ്യാങ്കളി കേസ് പിൻ‌വലിക്കുന്നു

കേരളാ നിയമസഭയുടെ ചരിത്രത്തിനു തന്നെ കളങ്കമായി മാറിയ കെെയ്യാങ്കളി കേസ് പിൻവലിക്കുന്നു. രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്ന കേസാണ് പിൻവലിക്കുന്നത്. ആറ് എൽഡിഎഫ് എംഎൽഎമാർ പ്രതികളായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവൻകുട്ടി എംഎൽഎ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. അപേക്ഷ നിയമവകുപ്പിന് കെെമാറിയതോടെ കേസ് പിൻവലിക്കാനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. അതേസമയം, കേസ് പിൻവലിക്കാൻ അനുവദിക്കില്ലെന്നും അങ്ങനെ വന്നാൽ നിയമനടപടിയിലേക്ക് പോവുമെന്നും കോൺ​ഗ്രസ് അം​ഗങ്ങൾ പ്രതികരിച്ചു. ബാർ കോഴക്കേസിൽ ആരോപണ വിധേയനായ മുൻ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമസഭയിൽ കെെയ്യാങ്കളി ഉണ്ടായത്. അന്നത്തെ പ്രതിപക്ഷമായിരുന്ന എൽഡിഎഫ്, ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ഭരണപക്ഷം ഇത് ചെറുക്കാൻ ശ്രമിക്കുകയും ചെയ്തതാണ് സംഘർഷങ്ങൾക്കു വഴിവെച്ചത്.

2015 മാർച്ച് 13 നാണ് അഴിമതി ആരോപണ വിധേയനായ മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ സ്ഥാനത്തുണ്ടായിരുന്ന എൽഡിഎഫ് എംഎൽഎമാർ നിയമസഭാപ്രവർത്തനം തടസപ്പെടുത്തിയത്. അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംഭവത്തിൽ നിയമസഭയിലെ കംപ്യൂട്ടറുകളും മറ്റ് സാങ്കേതിക ഉപകരണങ്ങളും സാധനസാമഗ്രികളും നശിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷം നിയമസഭാപ്രവർത്തനം തടസപ്പെടുത്തിയത്. സ്പീക്കർ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വി ശിവൻകുട്ടി എംഎൽഎ മുഖ്യമന്ത്രിക്ക് കത്തു നൽകിയത്. ക്രെെംബ്രാഞ്ച് അന്വേഷിക്കുന്ന കേസ് പിൻവലിക്കാനാണ് ആവശ്യപ്പെട്ടത്. ഒരു കേസിൽ രണ്ട് നടപടികൾ ആവശ്യമില്ലെന്ന് ശിവൻകുട്ടി ചൂണ്ടിക്കാണിച്ചപ്പോൾ ഇക്കാര്യം അം​ഗീകരിച്ചാണ് ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രി പിണറായി വിജയൻ നിയമ വകുപ്പിന് കെെമാറിയത്. അതേസമയം, നാശനഷ്ടങ്ങളുടെ തുകയായ രണ്ട് ലക്ഷം രൂപ എങ്ങനെ ഈടാക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.

Read More >>