ശശികലയുടെ അറസ്റ്റ് വൈകിച്ചു; എസ്പിക്കെതിരെ ഐജിയുടെ റിപ്പോർട്ട്

ശശികലയുടെ അറസ്റ്റിനെ ചൊല്ലി ഐജിയും എസ്പിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

ശശികലയുടെ അറസ്റ്റ് വൈകിച്ചു; എസ്പിക്കെതിരെ ഐജിയുടെ റിപ്പോർട്ട്

ശബരിമലയിൽ പൊലീസ് നിർദേശം അവ​ഗണിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെ അറസ്റ്റ് വൈകിച്ച എസ്പിക്കെതിരെ നടപടി വേണമെന്ന് ഐജിയുടെ റിപ്പോർട്ട്. മരക്കൂട്ടത്തെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്പി സുദർശനെതിരെയാണ് ഐജി വിജയസാഖറെ റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ എസ്പിയോട് ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരണം ചോദിക്കും.

ശശികലയുടെ അറസ്റ്റിനെ ചൊല്ലി ഐജിയും എസ്പിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. മരക്കൂട്ടത്ത് ശശികലയെത്തുമ്പോള്‍ എസ്പിയും ഡിവൈഎസ്പിയും സ്ഥലത്തുണ്ടായിരുന്നില്ല. ഇത് വിവാദമായിരുന്നു. എന്നാല്‍ സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതിയെന്നായിരുന്നു എസിപിയുടെ നിലപാട്. ഇതിന് പൊലീസില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. തുടർന്ന് പുലർച്ചെയോടെ വനിതാ പൊലീസുകാരെ വരുത്തിയാണ് ശശികലയെ അറസ്റ്റ് ചെയ്തത്.

നവംബർ 16നാണ്​ ശശികലയെ മരക്കൂട്ടത്തു നിന്നും പൊലീസ് അറസ്​റ്റ് ചെയ്ത് നീക്കിയത്. കലാപത്തിനു ശേഷം സംഘർഷ സാധ്യത നിലനിന്ന ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചു പോകണമെന്നുമുള്ള പൊലീസ് നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു​ അറസ്റ്റ്. അന്ന് സന്ധ്യയോടെയാണ് കെ പി ശശികല ശബരിമലയിലെത്തിയത്. മരക്കൂട്ടത്ത് വെച്ച് പൊലീസ് ഇവരെ തടഞ്ഞു.

സംഘർഷ സാധ്യത കണക്കിലെടുത്ത് തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. 10 മണിക്ക് നട അടച്ചതോടെ മരക്കൂട്ടത്ത് ഇവർ ഉപവാസവും ആരംഭിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പൊലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് ആറു മണിക്കൂറിന് ശേഷം പുലർച്ചെ 1.45ഓടെ പൊലീസ് ഇവരെ അറസ്റ്റ്‌ ചെയ്തത്. ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ പരക്കെ ആക്രമണം ഉണ്ടായിരുന്നു.