എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ വിവാദം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് സ്വകാര്യ ട്യൂഷന്‍ സെന്ററുകളുടെ മാതൃകാപരീക്ഷയിലെ ചോദ്യങ്ങളുമായി സമാനത കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം.

എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ വിവാദം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

എസ്എസ്എല്‍സി കണക്ക് പരീക്ഷാ ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് സ്വകാര്യ ട്യൂഷന്‍ സെന്ററുകളുടെ മാതൃകാപരീക്ഷയിലെ ചോദ്യങ്ങളുമായി സമാനത കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിജിലന്‍സ് അന്വേഷണവിവരം സ്ഥിരീകരിച്ചു.

ചോദ്യം തയ്യാറാക്കിയ അധ്യാപകനും മലപ്പുറത്തെ സ്വകാര്യട്യൂഷന്‍ സെന്ററും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ സര്‍വീസിലുള്ള അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സെന്റര്‍ നടത്തുകയോ ക്ലാസ് എടുക്കുകയോ ചെയ്താല്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഗുരുതരമായ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കണക്ക് പരീക്ഷ റദ്ദാക്കുകയും മാര്‍ച്ച് 30 ന് വീണ്ടും പരീക്ഷ നടത്തുകയും ചെയ്തിരുന്നു.

ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ പിഴവ് വരുത്തിയതിന് രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷനും നല്‍കിയിരുന്നു.ചോദ്യപേപ്പര്‍ സമിതി അധ്യക്ഷന്‍ കെ ജി വാസു, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ സുജിത് കുമാര്‍ എന്നിവരെയാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തിയിരുന്നു.