കേന്ദ്ര സര്‍വ്വകശാലയിലെ അധ്യാപക നിയമനത്തിലെ അഴിമതി: അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സ് ഓഫീസറെ മാറ്റി

സംഘപരിവാര്‍ നേതാവും എന്‍ജിനിയറും വി.സിയും അടങ്ങിയ സംഘത്തിന് താല്‍പ്പര്യമുള്ളവരെയാണ് എണ്‍പതോളം അധ്യാപക തസ്തികകളില്‍ നിയമിച്ചുവെന്നാണ് പ്രധാന ആരോപണം.

കേന്ദ്ര സര്‍വ്വകശാലയിലെ അധ്യാപക നിയമനത്തിലെ അഴിമതി: അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സ് ഓഫീസറെ മാറ്റി

കാസര്‍കോടുള്ള കേന്ദ്ര സര്‍വ്വകലാശാലയിലെ അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണം അട്ടിമറിക്കാന്‍ സര്‍വ്വകലാശാല ചീഫ് വിജിലന്‍സ് ഓഫീസറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. കംപാരറ്റീവ് ലിറ്ററേച്ചറിലെ അസോസിയേറ്റ് പ്രൊഫസര്‍ പ്രസാദ് പന്ന്യനെയാണ് മാറ്റിയത്. ഇന്റര്‍നാഷണല്‍ റിലേഷന്‍ പ്രൊഫസര്‍ എം.ജെ. ജോണിനെ പുതിയ വിജിലന്‍സ് ഓഫീസറാക്കി നിയമിച്ചിട്ടുണ്ട്. ദേശാഭിമാനി ദിനപ്പത്രമാണ് അട്ടിമറി ശ്രമം പുറത്തുകൊണ്ടുവന്നത്.

നിര്‍മാണ പ്രവൃത്തികളിലും അഴിമതിയാരോപണം

സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഉണ്ടായ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രസാദ് പന്ന്യനെ മാറ്റിയത് ഇതുസംബന്ധിച്ച് സര്‍വ്വകലാശാവ വൈസ് ചാന്‍സിലറുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ഹാളുമായി (മള്‍ട്ടിപര്‍പ്പസ് ഹാള്‍) ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാനാണ് പ്രസാദിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് ആരോപണമുയരുന്നു. ഹാള്‍ നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിച്ചുവരുന്നതിനിടെയാണ് പ്രസാദിനെ ഒഴിവാക്കാനായി ധൃതിപ്പെട്ട് വൈസ് ചാന്‍സിലര്‍ ഉത്തരവിറക്കിയത്. ഹാള്‍ നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നെന്ന പരാതിയാണ് പ്രസാദ് അന്വേഷിക്കുന്നത്. നാല് കോടി രൂപയോളം ചെലവഴിച്ച് നിര്‍മിച്ച ഹാളിന് മുടക്കിയ തുകയ്ക്ക് ആനുപാതികമായ സൗകര്യങ്ങളില്ലെന്നതാണ് പ്രധാന ആരോപണം. ഹാളില്‍ അഞ്ഞൂറോളം പേര്‍ക്കിരിക്കാവുന്ന സൗകര്യം മാത്രമേയുള്ളു. തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ 1000 പേര്‍ക്കിരിക്കാവുന്ന ഹാള്‍ നിര്‍മാണത്തിന് രണ്ടര കോടി രൂപ ചെലവായിടത്താണ് ഇവിടെ നാല് കോടി രൂപ മുടക്കി നിര്‍മാണം നടത്തിയിരിക്കുന്നത്.

അധ്യാപക നിയമനങ്ങളില്‍ സംഘപരിവാര്‍ ഇടപെടല്‍

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സര്‍വകലാശാലയില്‍ നടന്ന അധ്യാപക നിയമനങ്ങളില്‍ക്രമക്കേട് നടന്നതായി പരാതിയുണ്ട്. സംഘപരിവാര്‍ നേതാവും എന്‍ജിനിയറും വി.സിയും അടങ്ങിയ സംഘത്തിന് താല്‍പ്പര്യമുള്ളവരെയാണ് എണ്‍പതോളം അധ്യാപക തസ്തികകളില്‍ നിയമിച്ചുവെന്നാണ് പ്രധാന ആരോപണം. അധ്യാപക നിയമനങ്ങളെക്കുറിച്ചും വലിയ തോതിലുള്ള പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. സര്‍വകലാശാല സ്റ്റാറ്റിയൂട്ടറി നിയമനവും യു ജി സി റഗുലേഷനും കാറ്റില്‍പ്പറത്തിയാണ് നിയമനങ്ങള്‍ നടത്തിയിരിക്കുന്നതെന്നാണ് ആരോപണം. നിയമനവുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ ബോര്‍ഡില്‍ അതാത് സ്‌കൂളിന്റെ ഡീനും വകുപ്പ് മേധാവിയുമുണ്ടാകണമെന്നാണ് യു ജി സിയുടെ നിബന്ധന. എന്നാല്‍ ഇത് പാലിക്കാതെയാണ് നിയമനങ്ങള്‍ നടന്നതെന്ന് പരാതികളുണ്ട്. മതിയായ യോഗ്യതകളില്ലാത്തവര്‍ക്ക് പിന്‍വാതില്‍ വഴി നിയമനം നല്‍കിയതില്‍ വന്‍ തോതിലുള്ള സാമ്പത്തിക ഇടപാട് നടന്നതായും ആരോപണമുണ്ട്. അഴിമതി സംബന്ധിച്ച് എം എച്ച് ആര്‍ ഡിക്കും സി ബി ഐയ്ക്കും പരാതി ലഭിച്ചിട്ടുണ്ട്.

വിജിലന്‍സ് അന്വേഷണം ശരിയായ പാതയിലല്ലെന്ന് ആരോപണം

അഴിമതിയാരോപണങ്ങളെക്കുറിച്ചുള്ള പരാതിയില്‍ സര്‍വകലാശാല വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ട് മൂന്നുമാസമായി. നിര്‍മാണത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഒന്നരമാസം മുമ്പ് പ്രസാദ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നല്‍കാതെ അന്വേഷണം വൈകിപ്പിക്കുകയായിരുന്നുവെ്ന്ന് ആരോപണമുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രസാദിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. നാലുകോടി ചെലവഴിച്ച് നിര്‍മ്മിച്ച ഹാളിന്റെ ചുമര്‍ ജിപ്സം ബോര്‍ഡ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹാള്‍ നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രസാദിന് മുകളില്‍ വലിയ തോതിലുള്ള സമ്മര്‍ദമുണ്ടായിരുന്നു. എക്സിക്യൂട്ടീവ് അംഗീകരിച്ച നിര്‍മാണ പ്രവൃത്തിയായതിനാല്‍ എതിര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്നായിരുന്നു ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. സംഘപരിവാര്‍ നേതാവും എക്സിക്യൂട്ടീവ് അംഗവുമായ അസോസിയേറ്റ് പ്രൊഫസര്‍ അഴിമതി മറയ്ക്കാന്‍ ഇടപെടല്‍ നടത്തിയതായും പരാതികളുണ്ട്.അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയായാലും തങ്ങള്‍ക്കെതിരായ റിപ്പോര്‍ട്ട് പുറത്ത് വരാതിരിക്കാനാണ് ഉദ്യാഗസ്ഥനെ മാറ്റി നിയമിച്ചിരിക്കുന്നതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥനെ മാറ്റിയത് മൂലം പുതിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ അഴിമതിക്കാരായ സര്‍വകലാശാല അധികൃതര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാകും പുറത്ത് വരിക എന്നും പറയപ്പെടുന്നു.