പാലാരിവട്ടം അഴിമതി ; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ്

ഇത് സംബന്ധിച്ച് വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കി. കരാറുകാരന് മുന്‍കൂര്‍ തുക നല്‍കിയതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്

പാലാരിവട്ടം അഴിമതി ; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ്

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ആരോപണ വിധേയനായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയിലാണെന്ന് വിജിലന്‍സ്. ഇത് സംബന്ധിച്ച് വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കി. കരാറുകാരന് മുന്‍കൂര്‍ തുക നല്‍കിയതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, റോഡ്സ് ആന്‍ഡ് ബ്രഡ്ജസ് കോര്‍പറേഷന്‍ മുന്‍ അസിസറ്റ്ന്റ് ജനറല്‍ മാനേജര്‍ എം.ടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.

ഈ ജാമ്യാപേക്ഷകളെ എതിര്‍ത്തു വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇവര്‍ നടത്തിയ ഗൂഢാലോചനയില്‍ മുന്‍ മന്ത്രിയുടെ പങ്കിലും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2018 ലെ അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം മുന്‍ മന്ത്രിയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. ഈ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്തുന്നതിന് അനുമതി തേടി വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയത്.

കരാറുകാരന് മുന്‍കൂര്‍ തുകയായി 8.25 കോടി രൂപ അനുവദിച്ചത് ചട്ട വിരുദ്ധമായാണ്. അതില്‍ ഏതൊക്കെ ഇടപാടുകള്‍ മുന്‍ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് ഇത്തരത്തിലൊരു അന്വേഷണം നടക്കുന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

Read More >>