ജേക്കബ് തോമസിന് പിന്നാലെ പ്രധാന അഴിമതിക്കേസുകൾ അന്വേഷിക്കുന്ന ഡിവൈഎസ്‌പിമാരും വിജിലൻസിന് പുറത്ത്

22 വിജിലൻസ് ഡിവൈഎസ്പിമാർക്കാണ് സ്ഥാനചലനം സംഭവിച്ചിട്ടുള്ളത്. ഭൂമികയ്യേറ്റവും അഴിമതിയുമുൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ അന്വേഷിക്കുന്നവരാണ് മിക്ക ഉദ്യോഗസ്ഥരും. മുഖ്യമന്ത്രിയുടെ കൂടി പിന്തുണയോടെ ജേക്കബ് തോമസ് വിശ്വസ്തരായ ഉദ്യോഗസ്ഥരെ ചേർത്തുവച്ച് നിർമിച്ച വിജിലൻസ് സംവിധാനത്തിനാണ് ബെഹ്‌റ എത്തുന്നതോടെ അവസാനമാകുന്നത്. ഇതോടെ ബന്ധപ്പെട്ട കേസന്വേഷണങ്ങളുടെ ഭാവിയും തുലാസിലായി

ജേക്കബ് തോമസിന് പിന്നാലെ പ്രധാന അഴിമതിക്കേസുകൾ അന്വേഷിക്കുന്ന ഡിവൈഎസ്‌പിമാരും വിജിലൻസിന് പുറത്ത്

വിജിലൻസ് തലപ്പത്ത് നിന്നും ജേക്കബ് തോമസ് പുറത്തായതിന് പിന്നാലെ പ്രധാന അഴിമതിക്കേസുകൾ അന്വേഷിക്കുന്ന ഡിവൈഎസ്‌പി മാർക്കും വിജിലൻസിന് പുറത്തേക്ക് സ്ഥലം മാറ്റം. സെൻകുമാറിന് പൊലീസ് തലപ്പത്ത് പുനർനിയമനം നൽകുന്നതിന് മുന്നോടിയായി 100 ഡിവൈഎസ്‌പിമാരെ സ്ഥലം മാറ്റിയതിൽ ഉൾപ്പെടുത്തിയാണ് സുപ്രധാനമായ കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും വിജിലൻസിന് പുറത്തേക്ക് അപ്രധാന സ്ഥാനങ്ങളിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നത്.

മുൻമന്ത്രി കെ ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന ബിജി ജോർജിനെ കൊച്ചിൻ സിറ്റി ക്രൈം ഡിറ്റാച്മെന്റ് വിഭാഗത്തിലാണ് മാറ്റി നിയമിച്ചിരിക്കുന്നത്. കെ എം മാണിക്കെതിരായ കോഴിക്കോഴ കേസ് അന്വേഷിക്കുന്ന ഫിറോസ് എം ഷെഫീക്കിനെ സിബിസിഐഡി പാലക്കാട്ടെക്കും ടോം ജോസിനെതിരായ, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന കെ ആർ വേണുഗോപാലിനെ സിബിസിഐഡി എറണാകുളം റൂറലിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ചിലവന്നൂർ കായൽ തീരം കയ്യേറി അനധികൃത കെട്ടിടനിർമാണം നടത്തിയതുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന എം എൻ രമേശിനെ കാസർഗോഡ് നാർക്കോട്ടിക് സെല്ലിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്.

ഇവരുൾപ്പെടെ 22 വിജിലൻസ് ഡിവൈഎസ്പിമാർക്കാണ് സ്ഥാനചലനം സംഭവിച്ചിട്ടുള്ളത്. ഭൂമികയ്യേറ്റവും അഴിമതിയുമുൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ അന്വേഷിക്കുന്നവരാണ് മിക്ക ഉദ്യോഗസ്ഥരും. മുഖ്യമന്ത്രിയുടെ കൂടി പിന്തുണയോടെ ജേക്കബ് തോമസ് വിശ്വസ്തരായ ഉദ്യോഗസ്ഥരെ ചേർത്തുവച്ച് നിർമിച്ച വിജിലൻസ് സംവിധാനത്തിനാണ് ബെഹ്‌റ എത്തുന്നതോടെ അവസാനമാകുന്നത്. ഇതോടെ ബന്ധപ്പെട്ട കേസന്വേഷണങ്ങളുടെ ഭാവിയും തുലാസിലായി.