പറമ്പിക്കുളം കടുവാസങ്കേതത്തിലെ റിസോര്‍ട്ട് മാഫിയയുടെ റോഡ് വെട്ടല്‍; വനം വകുപ്പ് തലവൻ ഇന്നെത്തും; വിജിലൻസും അന്വേഷണം തുടങ്ങി.

പറമ്പിക്കുളം കടുവസങ്കേതത്തിന്റെ അതീവ സുരക്ഷമേഖലയായ കൊടും വനത്തില്‍ ചില എസ്റ്റേറ്റ് മുതലാളിമാരും ഭൂമാഫിയയും ചേര്‍ന്ന് വനഭൂമി കയ്യേറി റോഡ് നിര്‍മ്മിച്ചത്‌ നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പറമ്പിക്കുളം കടുവാസങ്കേതത്തിലെ റിസോര്‍ട്ട് മാഫിയയുടെ റോഡ് വെട്ടല്‍; വനം വകുപ്പ് തലവൻ ഇന്നെത്തും; വിജിലൻസും അന്വേഷണം തുടങ്ങി.

നെല്ലിയാമ്പതിയിൽ വനം കയ്യേറിയുള്ള റോഡ് നിർമാണം പരിശോധിക്കാൻ വനം വകുപ്പ് തലവൻ ഡോ. എച്ച് സി ജോഷി ഇന്ന് എത്തും. റോഡ് നിർമാണത്തിന് വന ഭൂമി കയ്യേറിയില്ലെന്ന നെൻമാറ ഡിഎഫ്ഓയുടെ പ്രാഥമിക റിപ്പോർട്ട് വനം വകുപ്പിലെ ഉന്നതർ തള്ളിയതായാണ് സൂചന. വനം വിജിലൻസും റോഡ് നിർമാണത്തിൽ അന്വേഷണം തുടങ്ങി.

പറമ്പിക്കുളം കടുവസങ്കേതത്തിന്റെ അതീവ സുരക്ഷമേഖലയായ കൊടും വനത്തില്‍ ചില എസ്റ്റേറ്റ് മുതലാളിമാരും ഭൂമാഫിയയും ചേര്‍ന്ന് വനഭൂമി കയ്യേറി റോഡ് നിര്‍മ്മിച്ചത്‌ നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പറമ്പിക്കുളത്തേക്കുള്ള കേരളത്തിന്റെ സ്വന്തം വഴിയെന്ന പേരില്‍ കൊടും കാട്ടിനുള്ളിലൂടെ ചില ഭൂമാഫിയയകള്‍ കയ്യേറി അവരുടെ 782 ഏക്കര്‍ ഭൂമിയിലേക്ക് റോഡ് വെട്ടിയ കാര്യമാണ് നാരദ റിപ്പോര്‍ട്ട് ചെയ്തത്.കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ അറിവോ അനുമതിയോ കൂടാതെ ജെ സി ബി ഉള്‍പ്പടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ആറ് കിലോമീറ്റര്‍ ദൂരം റോഡ് നിര്‍മ്മിച്ചത്.

ഇത് അന്വേഷിക്കാനാണ് വനം വകുപ്പ് തലവൻ ഡോ. എച്ച് സി ജോഷി എത്തുന്നത്. സ്ഥലം സന്ദർശിച്ച് കയ്യേറ്റമുണ്ടോ എന്ന് നേരിട്ട് പരിശോധിക്കും. വിജിലൻസ് സിസിഎഫ് ജോർജ് പി മാത്തനും പരിശോധനക്കായി നെല്ലിയാമ്പതിയിലെത്തി. വിശദമായ സർവേക്കു ശേഷമേ വനഭൂമി നഷ്ടമായിട്ടുണ്ടോ എന്ന് പറയാനാകൂ എന്ന് സിസിഎഫ് പറഞ്ഞു.

നെല്ലിയാമ്പതിയിൽ ആനമട മുതൽ പെരിയച്ചോല വരെയുള്ള 6 കിലോമീറ്റർ ദൂരത്താണ് വനം കയ്യേറി എസ്റ്റേറ്റ് ഉടമകൾ റോഡ് വീതി കൂട്ടിയത്. എന്നാൽ 500 മീറ്റർ മാത്രം വന ഭൂമി നഷ്ടമായെന്നാണ് നെൻമാറ ഡിഎഫ്ഒ യുടെ പ്രാഥമിക റിപ്പോർട്ട്. നെല്ലിയാമ്പതിയിൽ ഒരിടത്തും വനഭൂമിയിൽ റോഡ് നിർമാണം നടക്കുന്നില്ലെന്നായിരുന്നു ആദ്യ ഘട്ടത്തിൽ ഡിഎഫ്ഒ യുടെ പ്രതികരണം.

എന്നാൽ വാർത്ത പുറത്തു വന്നതിനു ശേഷം, വന ഭൂമിയിലൂടെ റോഡ് വീതി കൂട്ടിയത് വനം വകുപ്പാണെന്ന നിലപാടാണ് അധികൃതർക്ക്. വിജിലൻസ് സിസിഎഫും ഇക്കാര്യങ്ങൾ തന്നെയാണ് പ്രാഥമിക റിപ്പോർട്ട് നൽകിയതെന്നാണ് സൂചന. വന ഭൂമിയിലെ റോഡ് വീതി കൂട്ടരുതെന്നിരിക്കെ എസ്റ്റേറ്റ് ഉടമകൾ നടത്തിയ കയ്യേറ്റം പോലും വനംവകുപ്പാണ് നടത്തിയതെന്ന് നിലപാടാണ് അധികൃതര്‍ സ്വീകരിച്ചിരുന്നത്.

അതേ സമയം ഇന്നലെ റോഡ് കയ്യേറ്റം പരിശോധിക്കുന്നതിന്റെ ഭാഗമായി സര്‍വേക്ക് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വകാര്യവ്യക്തി കയ്യടക്കി വെച്ച സ്ഥലത്ത് വന്നാണ് പരിശോധന നടത്തിയതെന്ന് ആരോപണമുണ്ട്. പട്ടയമോ മറ്റ് രേഖകളോ ഇല്ലാത്ത എസ്‌റ്റേറ്റിന് എന്‍ ഒ സി അനുവദിക്കാന്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ വനംവകുപ്പ് തീരുമാനിച്ചതായും വിവരമുണ്ട്.