കുഞ്ഞുവിരലിൽ കുടുങ്ങിയ മോതിരം ഊരാൻ പാട്ട് ചികിത്സ; പൊന്നാനി ഫയർസ്റ്റേഷനിലെ ഫയർമാനും ഈ ചെക്കനും കിടുവാണ്

പാട്ട് പാടിത്തീരും മുമ്പേ മോതിരം മുറിച്ച് അവനെക്കൊണ്ടു തന്നെ ഫയർമാൻ ഊരിയെടുപ്പിച്ചു.

കുഞ്ഞുവിരലിൽ കുടുങ്ങിയ മോതിരം ഊരാൻ പാട്ട് ചികിത്സ; പൊന്നാനി ഫയർസ്റ്റേഷനിലെ ഫയർമാനും ഈ ചെക്കനും കിടുവാണ്

മ്യൂസിക് തെറാപ്പിയിലൂടെ അസുഖം മാറ്റുന്നതിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കൈവിരലിൽ കുടുങ്ങിയ മോതിരം ഊരിയെടുക്കാൻ മ്യൂസിക് തെറാപ്പി ഉപയോ​ഗിക്കുന്നതിനെ കുറിച്ച് കേൾക്കാൻ വഴിയില്ല. അങ്ങനൊരു 'പാട്ട് ചികിത്സ'യ്ക്കാണ് ഇന്ന് പൊന്നാനി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ സാക്ഷ്യം വഹിച്ചത്.ഇവിടെ 'ഡോക്ടറായത്' ഫയർമാൻ ബിജു കെ ഉണ്ണിയും ഡ്രൈവർ ഗംഗാധരനുമാണ്. കുഞ്ഞുകൈയിൽ മോതിരം കുടുങ്ങി വലിയ വേദനയുമായിട്ട് എത്തിയ പൊന്നാനി മഖ്ദൂമിയ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി നിഹാസിനെ അടുത്ത് വിളിച്ചു നിർത്തി ഫയർമാൻ ഒരു പാട്ട് പാടാൻ പറഞ്ഞു. ആദ്യം ഒന്ന് അന്തിച്ചുനിന്ന പയ്യൻ പിന്നീട് പാടി. നല്ല ഇമ്പമുള്ള മാപ്പിളപ്പാട്ട്. ആ പാട്ട് പാടിത്തീരും മുമ്പേ മോതിരം മുറിച്ച് അവനെക്കൊണ്ടു തന്നെ ഫയർമാൻ ഊരിയെടുപ്പിച്ചു. അങ്ങനെ അവനും ഹാപ്പി. മോതിരം മുറിക്കൽ ഉദ്യമം നടത്തിയ ഫയർമാൻമാരും നാട്ടുകാരും അതിലേറെ ഹാപ്പി.സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു. സ്കൂളിൽനിന്ന് മോതിരം വിരലിൽ കുടുങ്ങിയാണ് കുട്ടി ഫയർസ്റ്റേഷനിൽ എത്തിയത്. മോതിരം മുറിച്ച് ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അവസാന നിമിഷം ചെറുതായൊന്ന് വേദനിച്ചെങ്കിലും 'ഏയ്, ഒന്നുമില്ലെടാ' എന്നു പറഞ്ഞ് എല്ലാവരും അവനെ ആശ്വസിപ്പിക്കുന്നു.ഒടുവിൽ സം​ഗതി കഴിഞ്ഞതിന്റെ സന്തോഷം ഉള്ളപ്പോൾ തന്നെ മോതിരത്തോടുള്ള ദേഷ്യം തീർക്കാൻ അത് അവൻ വലിച്ചെറിയാൻ തുനിയുമ്പോൾ എല്ലാവരും ചിരിച്ച് കൊണ്ട് തടയുന്നതും വീഡിയോയിൽ കാണാം. അത് ആ പാത്രത്തിലേക്ക് ഇട്ടോളൂ എന്നാണ് ചുറ്റും കൂടി നിൽക്കുന്നവർ പറയുന്നത്. പൊന്നാനി സ്വദേശി അബു സാലിഹ് ആണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്.

Read More >>