നിയമം വന്നാല്‍ ഈഴവരും അനുസരിക്കണം; ഞാന്‍ ബീഫ് കഴിക്കാറില്ല; കേന്ദ്രത്തിന് കയ്യടിച്ച് വെള്ളാപ്പള്ളി നടേശന്‍

ഇന്ത്യാ ഗവണ്‍മെന്റ് ഒരു നിയമം കൊണ്ടുവന്നാല്‍ അതിനെ അംഗീകരിക്കുക എന്നല്ലാതെ എതിര്‍ക്കുക എന്നത് ജനാധിപത്യ സംവിധാനത്തില്‍ യോജ്യമാണോ എന്ന് വെള്ളാപ്പള്ളി നടേശന്‍. ഈഴവരില്‍ ബീഫ് കഴിക്കുന്നവരും ഇല്ലാത്തവരുമുണ്ട്. നിയമം വരുമ്പോള്‍ കഴിക്കുന്നവര്‍ എതിര്‍ക്കുന്നത് സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി നടേശന്‍ നാരദാന്യൂസിനോട് പ്രതികരിച്ചു.

നിയമം വന്നാല്‍ ഈഴവരും അനുസരിക്കണം; ഞാന്‍ ബീഫ് കഴിക്കാറില്ല; കേന്ദ്രത്തിന് കയ്യടിച്ച് വെള്ളാപ്പള്ളി നടേശന്‍

കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ത്യാ ഗവണ്‍മെന്റ് കൊണ്ടുവന്നാല്‍ അതിനെ അംഗീകരിക്കുക എന്നല്ലാതെ എതിര്‍ക്കുക എന്നത് ജനാധിപത്യ സംവിധാനത്തില്‍ യോജ്യമാണോ എന്ന് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

ഈഴവരില്‍ ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ഒരു നിയമം വന്ന് ഇന്നു വരെ അനുഭവിച്ചു കൊണ്ടിരിക്കുന്നതിനെ തടയുമ്പോള്‍ കഴിച്ചു കൊണ്ടിരിക്കുന്നവര്‍ സ്വാഭാവികമായും എതിര്‍ക്കും. എതിര്‍പ്പിലൂടെയാണ് പല നിയമങ്ങളും നടപ്പാക്കുന്നത്. നിയമത്തിലൂടെയാണ് എതിര്‍പ്പിനെ മറികടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇറച്ചി പൊതുവേ എനിക്കിഷ്ടമുള്ള കാര്യമല്ല. ബീഫ് കഴിക്കാറില്ല. ഒരു സര്‍ക്കാര്‍ വന്ന് നിയമത്തിലൂടെ അത് നിരോധിച്ചെങ്കില്‍ ആ നിരോധനത്തെ നമ്മള്‍ അംഗീകരിക്കുക. എതിര്‍ക്കണമെന്നുള്ളവര്‍ അടുത്ത ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് കശാപ്പ് ചെയ്യാനുള്ള അംഗീകാരം കൊണ്ടു വന്നാല്‍ അതിനെ അംഗീകരിക്കുക. അതല്ലേ സാധിക്കുകയുള്ളൂ. -വെള്ളപ്പള്ളി നടേശന്‍

മാംസം വില്‍ക്കുന്നവര്‍ കേരളത്തിലും പുറത്തുമുണ്ട്. നിരോധനം എന്തു മാത്രം നടപ്പാകുമെന്ന് കാത്തിരുന്നു കാണാം. നടപ്പാക്കണമെന്ന് ആര്‍ജ്ജവത്തോടെ തീരുമാനിച്ചാല്‍ നടക്കും. വെള്ളം ചേര്‍ത്ത് നടപ്പിലാക്കണമെങ്കില്‍ അതും നടക്കും. നടപ്പാക്കേണ്ട സര്‍ക്കാരിന്റെ താത്പര്യമനുസരിച്ച് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.