പിണറായിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി: കര്‍ദ്ദിനാളുമാരെക്കാള്‍ വലിയ കര്‍ദ്ദിനാളുമാരാകുകയാണ് ചിലര്‍

പൊതുസ്ഥലമോ തര്‍ക്കഭൂമിയോ മത-സാമുദായിക കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കരുതെന്ന് നിലപാടെടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത ആദ്യ സംഘടനയാണ് എസ്എന്‍ഡിപിയെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നാരദാന്യൂസിനോട് പറഞ്ഞു.സര്‍ക്കാര്‍ ഭൂമിയില്‍ ഗുരുമന്ദിരങ്ങളോ പ്രതിഷ്ഠകളോ ഇല്ല.എന്നാൽ കര്‍ദ്ദിനാളുമാരെക്കാള്‍ വലിയ കര്‍ദ്ദിനാളുമാരാകുകയാണ് ചിലര്‍.

പിണറായിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി: കര്‍ദ്ദിനാളുമാരെക്കാള്‍ വലിയ കര്‍ദ്ദിനാളുമാരാകുകയാണ് ചിലര്‍

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കുരിശുപൊളിച്ച രീതിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. "സര്‍ക്കാര്‍ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചത് ശരിയല്ലെന്ന് കര്‍ദ്ദിനാള്‍മാരും ചില മെത്രാന്‍മാരും വരെ പറഞ്ഞു. എന്നിട്ടും കര്‍ദ്ദിനാളുമാരെക്കാള്‍ വലിയ കര്‍ദ്ദിനാളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്". കുരിശു പൊളിച്ച വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പിണറായി വിജയന്റെ പേര് പറയാതെയുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

സാധാരണയായി കുരിശ് കണ്ടാല്‍ പേടിക്കുന്നത് ചെകുത്താന്മാരാണ്. ഇവിടെ കുരിശു കണ്ടപ്പോള്‍ പേടിച്ചത് രാഷ്ട്രീയക്കാരാണ്. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഇവര്‍ക്കെന്നും വെള്ളാപ്പള്ളി നടേശന്‍ നാരദാന്യൂസിനോട് പറഞ്ഞു. മതപ്രീണനമാണ് ചില രാഷ്ട്രീയക്കാര്‍ നടത്തുന്നതെന്നും കയ്യേറ്റം ഒഴിപ്പിക്കുന്ന വിഷയത്തില്‍ എല്‍.ഡി.എഫില്‍ തമ്മില്‍ തല്ലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പൊതുസ്ഥലമോ തര്‍ക്കഭൂമിയോ മത-സാമുദായിക കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കരുതെന്ന് നിലപാടെടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത ആദ്യ സംഘടനയാണ് എസ്എന്‍ഡിപി. 1998ലാണ് പൊതുസ്ഥലത്തോ തര്‍ക്കഭൂമിയിലോ ഗുരുമന്ദിരങ്ങൾ സ്ഥാപിക്കരുതെന്ന സര്‍ക്കുലര്‍ ഇറക്കിയത്. "പുറമ്പോക്ക് നാണു" എന്നുവരെ പരിഹാസമുണ്ടായി. അതെതുടര്‍ന്നായിരുന്നു സര്‍ക്കുലര്‍. ഇപ്പോള്‍ എവിടെയും കയ്യേറ്റ ഭൂമിയില്‍ എസ്എന്‍ഡിപിയ്ക്ക് മന്ദിരങ്ങളോ പ്രതിഷ്ഠയോ ഇല്ല. അമ്പലപ്പുഴ ജംഗ്ഷനടുത്ത് ഗുരുപ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ നേരിട്ടു പോയാണ് മാറ്റിയത് -
വെള്ളാപ്പള്ളി നടേശന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി

കുരിശിനെ മറയാക്കി കയ്യേറ്റം തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായെന്നും ക്രിസ്തീയ സഭകളാണ് ഇതു വ്യാപകമായി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കുരിശ് സ്ഥാപിക്കാന്‍ ഒരു സെന്റ് മതിയാകും എന്നാല്‍ അതിനെ മറയാക്കി ഏക്കറു കണക്കിനു സ്ഥലമാണിവര്‍ വെട്ടിപ്പിടിക്കുന്നത്. മലയോരങ്ങളിലാണ് ഇത്തരം കയ്യേറ്റങ്ങള്‍. രാഷ്ട്രീയക്കാരെല്ലാം വോട്ടിനു വേണ്ടി കണ്ണടച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ ചെറിയ രീതിയിലെങ്കിലും നടപടിയുണ്ടാകുന്നത് സ്വാഗതാര്‍ഹമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കുരിശ് എങ്ങനെ പൊളിച്ചുമാറ്റണമെന്നാണ് വിമര്‍ശിച്ചവര്‍ പറയുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. നോട്ടീസ് കൊടുത്തിട്ടൊന്നും കാര്യമുണ്ടായില്ല. ആഴത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച കുരിശ് കൈ കൊണ്ടു പിഴുതെടുക്കാനാകില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. പൊതുസ്ഥലം ഏതു മതക്കാര്‍ കയ്യേറിയാലും ഒഴിപ്പിക്കണമെന്നും അതൊക്കെ മാറ്റാന്‍ അവര്‍ തന്നെ മുന്‍കയ്യെടുക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Read More >>