പച്ചക്കറി വില കുത്തനെ ഉയരുന്നു; തിരിച്ചടിയായി വരള്‍ച്ചയും ഉല്‍പ്പാദനക്കുറവും ലോറി സമരവും

ഒരാഴ്ച്ചയ്ക്കു മുമ്പുള്ള വില നിലവാരം വച്ചുനോക്കുമ്പോള്‍ പല പച്ചക്കറികള്‍ക്കും 50 രൂപ വരെ വില കൂടിയിട്ടുണ്ട്. പൊള്ളാച്ചി മാര്‍ക്കറ്റിലും പച്ചക്കറികള്‍ക്കു വില കാര്യമായി കൂടിയിട്ടുണ്ട്.

പച്ചക്കറി വില കുത്തനെ ഉയരുന്നു; തിരിച്ചടിയായി വരള്‍ച്ചയും ഉല്‍പ്പാദനക്കുറവും ലോറി സമരവും

വരള്‍ച്ചയ്ക്കും ഉല്‍പ്പാദന കുറവിനും പിന്നാലെ ലോറിസമരം കൂടിയായതോടെ പച്ചക്കറി വില കുതിക്കുന്നു. ഒരാഴ്ച്ചക്കു മുമ്പുള്ള വിലനിലവാരം വച്ചുനോക്കുമ്പോള്‍ പല പച്ചക്കറികള്‍ക്കും 50 രൂപ വരെ വില കൂടിയിട്ടുണ്ട്. ജില്ലയിലേക്കും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പച്ചക്കറി എത്തുന്ന പൊള്ളാച്ചിയിലെ ഒട്ടന്‍ഛത്രം, കോയമ്പത്തൂരിലെ ഉക്കടം, മൈസൂര്‍ എന്നിവിടങ്ങളിലും വില ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ വില കയറ്റത്തിനു കാരണമായി പറയുന്നത് വരള്‍ച്ചയാണ്.

ഒരാഴ്ച്ച കൊണ്ട് ബീന്‍സിന് 50 രൂപ വര്‍ധിച്ചു. നേരത്തെ 50 രൂപക്ക് കിട്ടിയിരുന്ന ബീന്‍സിന് ഇപ്പോള്‍ 90 മുതല്‍ 100 രൂപ വരെയാണ് വില. പച്ചമുളകിനും കാര്യമായി വില കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം 40 മുതല്‍ 70 രൂപ വരെ ഉണ്ടായിരുന്ന പച്ചമുളകിന് 80 മുതല്‍ 125 രൂപ വരെയാണ് ഇന്നലത്തെ വില. കാരറ്റിന് 70 മുതല്‍ 80 രൂപയും നൽകണം. കഴിഞ്ഞയാഴ്ച്ച 35 മുതല്‍ 50 രൂപയായിരുന്നു കാരറ്റിന്റെ വില. ചെറിയ ഉള്ളി 60 ല്‍ നിന്ന് 80 രൂപയായി. കുമ്പളങ്ങ, മത്തന്‍ എന്നിവക്ക് പത്ത് രൂപ കൂടി 20 ല്‍ നിന്ന് 30 രൂപയായിട്ടുണ്ട്. പയര്‍ 40 മുതല്‍ 100 വരെയാണ് വില. പയര്‍ ഇനങ്ങള്‍ അനുസരിച്ച് വില വ്യത്യാസം വരും. 20 മുതല്‍ 40 രൂപവരെയാണ് പയറില്‍ വില വര്‍ധിച്ചത്.

നേരത്തെ 20 രൂപയ്ക്കു കിട്ടിയിരുന്ന വെണ്ടക്കയുടെ വില ഇടക്കാലത്ത് 80 രൂപ വരെയായി കൂടിയിരുന്നു. പിന്നീട് പഴയ പോലെയായെങ്കിലും ഇപ്പോള്‍ വില വര്‍ധിച്ച് 40ൽ എത്തി. പാവയ്ക്കയ്ക്ക് 20 രൂപയോളം വില കൂടി 65 മുതല്‍ 75 വരെയായി. ഇഞ്ചിക്കും 20 രൂപയോളം കൂടി 60 രൂപയായി.

പൊള്ളാച്ചി മാര്‍ക്കറ്റിലും പച്ചക്കറികള്‍ക്കു വില കാര്യമായി കൂടിയിട്ടുണ്ട്. തക്കാളി, വഴുതന, പച്ചമുളക്, മുള്ളങ്കി, പാവയ്ക്ക, വെണ്ടക്ക് എന്നിവക്കെല്ലാം പത്ത് രൂപ വര്‍ധിച്ചിട്ടുണ്ട്. 14 കിലോഗ്രാം ഉള്ള തക്കാളിപ്പെട്ടിക്ക് 350 രൂപയും 20 കിലോ വഴുതനയ്ക്ക് 1300 രൂപയും 20 കിലോ മുള്ളങ്കിക്ക് 400 രൂപയുമാണ് ഇപ്പോള്‍ പൊള്ളാച്ചിയിലെ വില. എന്നാല്‍ വെളുത്തുള്ളിക്ക് വില കുറയുകയാണ് ഉണ്ടായത്. 100 രൂപയിലധികം ഉണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ 70 രൂപയില്‍ താഴെയാണ് വില.
Read More >>